ബോണ്ർസായി മരവും വൃദ്ധനും
വൃ
കഥ
സൗദ് അൽ സനൂസി (കുവൈത്ത്)
വിവ: ഡോ. യു.പി മുഹമ്മദ് ആബിദ്
ബോൺസായ് മരം. വർഷങ്ങൾക്കു മുമ്പാണ് ഞാനിത് വാങ്ങിയത്. എന്റെ ഏറെ ആദരണീയമായ മരം. ഏറെ പ്രായമുള്ള കുള്ളൻമരം. രേഖപ്രകാരം ഇതിന് എഴുപതു വയസിനു മുകളിൽ പ്രായം കാണും. നീളം അമ്പത് സെന്റിമീറ്ററിൽ അൽപ്പം കൂടുതലാണ്. വർഷങ്ങളേറെ പിന്നിട്ടിട്ടും ഇതിന്റെ ഇലകൾ ഇടതൂർന്നതും ശക്തവും കടുംപച്ചയും തന്നെ. തടിയുടെ വളവും കൊമ്പുകളുടെ വാർധക്യവും പുറംതൊലിയിലുള്ള വീക്കവും കൊത്തിയെടുത്ത ചാലുകളുമൊക്കെ ഉണ്ടായിട്ടും ഇപ്പോഴും നല്ല ആരോഗ്യമുണ്ട്. ഗൗരവമുള്ള വൃദ്ധന്റെ മുഖഭാവം. ഇതാണെന്റെ കുള്ളൻ.
എനിക്കു നിഴൽ ആവശ്യമാകുമ്പോൾ ഞാനിതിനോട് ഒട്ടിനിൽക്കും. ഇതിന്റെ നിശബ്ദത എന്റെ ചോദ്യങ്ങളോട് ഉത്തരങ്ങൾപോലുള്ളവ നൽകി.
വലിയ പരിഗണന നൽകി വളർത്തുകയാണ്. നനക്കുവാനും ഇലകൾ വെട്ടി ഭംഗിയാക്കാനും സൂര്യരശ്മികൾ കിട്ടുന്ന രീതിയിൽ സംവിധാനമൊരുക്കാനും എല്ലാഴ്പ്പോഴും ശ്രമിക്കുന്നുണ്ട്. ഞാനിതിനെ അഭിസംബോധന ചെയ്യുകയും എന്റെ തലയിലുള്ള എല്ലാ കാര്യങ്ങളും പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതാകട്ടെ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കുകയും ചെയ്യുന്നുണ്ട്.
പക്ഷേ, കൂടുതൽ ചോദ്യങ്ങളിലേക്ക് നയിക്കുന്ന നിശബ്ദതയല്ലാതെ മറ്റൊന്നും ഇതുവരെ കിട്ടിയിട്ടില്ല.
പതിറ്റാണ്ടുകൾക്കിടയിൽ ഈ ബോൺസായ് മരം എത്ര നാടുകൾ സഞ്ചരിച്ചുകാണും? സഞ്ചാരത്തിന് മുമ്പായി എത്ര തുറമുഖങ്ങളിൽ എത്തിയിരിക്കും..? എന്റെ മുറിയുടെ മൂലയിൽ എത്തുന്നതിനു മുമ്പ് ഇതെത്ര നഴ്സറികളിൽ താമസിച്ചുകാണും? എത്രപേർ ഇതിനെ അറിഞ്ഞിട്ടുണ്ടാകും? എത്ര കഥകൾ ഇത് കേട്ടിരിക്കും? ഇതിന്റെ കൊമ്പിലെ കുഴിഞ്ഞ വരകളിൽ എത്ര രഹസ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാകും? കഴിഞ്ഞ എഴുപതു വർഷങ്ങൾക്കിടയിൽ എത്ര ചരിത്രസംഭവങ്ങൾ ഇതിന്റെ വേരുകളുടെ ആഴത്തിലേക്ക് നീണ്ടുകാണും?
ഇത് സംസാരിക്കുകയാണെങ്കിൽ ആ കഥകൾ കേൾക്കാനും രഹസ്യങ്ങൾ അറിയാനും എനിക്കാഗ്രഹമുണ്ട്! പക്ഷേ, ബോൺസായ് മരത്തിനു നാവില്ലല്ലോ. നാവില്ലാത്തതിനാൽ ദൈവം എല്ലാ രഹസ്യങ്ങളും ഇതിൽ നിക്ഷേപിച്ചുവെന്ന് ഞാൻ വിശ്വസിച്ചുപോന്നു.
നമ്മൾ മനുഷ്യർ ആ വാക്കുകൾ കേൾക്കേണ്ടതുണ്ട്. ആവശ്യത്തിലധികം ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ നിശബ്ദതയ്ക്കപ്പുറമുള്ള എന്റെ ജിജ്ഞാസയിൽ മടുപ്പായി. മരവുമായുള്ള ബന്ധം ഞാനീ രീതിയിൽ തുടർന്നു. ആഴ്ചയിൽ ഒരിക്കൽ നനയ്ക്കും. വ്യാകുലതകളായും ചോദ്യങ്ങളുമൊക്കെയായി എല്ലാ ദിവസവും ഞാനിതിന്റെ മനം നിറക്കും.
എഴുപതു കഴിഞ്ഞ ആ മനുഷ്യനെ കണ്ടുമുട്ടുന്നതു വരേക്കും എന്റെ വാക്കുകളെ നനക്കാവുന്ന ആളെയന്വേഷിച്ച് അലഞ്ഞുകൊണ്ടിരുന്നു. നിശബ്ദതയല്ലാത്ത എല്ലാത്തിലും എന്റെ മരത്തോട് അദ്ദേഹത്തിനു സാമ്യതയുണ്ട്.
ചെറിയ ആകാരം, മുഖത്തെ കുഴിഞ്ഞ വരകൾ, ഇടതൂർന്ന മുടി, ചുറ്റുമുള്ള വിചിത്ര പ്രഭാവലയം... ഇവയെല്ലാം കാലക്രമേണ ഇരുണ്ട ദേശങ്ങളിൽനിന്ന് വെള്ളം ആഗിരണം ചെയ്യുന്ന വേരുകളാൽ കാലമേറെയായിട്ടും കടുംപച്ചപ്പുള്ള ഇടതൂർന്ന ഇലകളുള്ള എന്റെ മരത്തിനുമുണ്ട്.
അദ്ദേഹത്തെ പരിചയപ്പെട്ടതു മുതൽ ഞാനെന്റെ മരത്തെ ബോധപൂർവമല്ലാതെ അവഗണിച്ചിട്ടുണ്ട്. ആ വൃദ്ധനെ ശ്രദ്ധിച്ചത്രയും പിന്നെ മരത്തോട് സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വാക്കുകൾക്കു ചിത്രങ്ങളും ഗന്ധങ്ങളും ശബ്ദങ്ങളും പ്രതിധ്വനികളുമുണ്ട്. കാലങ്ങളിലേക്ക് എന്നെയുംകൊണ്ട് പറക്കും.
വളരെക്കാലം മുമ്പ് അദ്ദേഹത്തോടൊപ്പം ജീവിച്ചവരെയും മൺമറഞ്ഞവരെയും എനിക്ക് പരിചയപ്പെടുത്തും. ഞാൻ കേട്ടതും വായിച്ചതുമായ കഥാപാത്രങ്ങൾ. അതങ്ങനെ ജീവിതത്തെ തിരികെക്കൊണ്ടുവരും. പേരുകൾ പരാമർശിക്കുമ്പോഴും അതിന്റെ കഥകളുമായി അദ്ദേഹത്തിന്റെ കഥകൾ ചർച്ച ചെയ്യുമ്പോഴുമെല്ലാം ഞാൻ കണ്ടത്, കഴിഞ്ഞ കാലത്തെ കാര്യങ്ങളെല്ലാം എന്റെ മുമ്പിൽ സമർപ്പിക്കുന്നതു പോലെയായിരുന്നു. പറയുന്ന സമയത്തിനനുസരിച്ച് അദ്ദേഹത്തിന്റെ മുഖം വ്യത്യസ്ത വർണങ്ങളായി തീരും.
അഭിപ്രായപ്രകടനം കാരണം ജയിലിലടച്ചപ്പോൾ സംസാരിച്ചിരുന്ന ആ പഴയ ശബ്ദത്തോടുകൂടി അദ്ദേഹം പെട്ടെന്ന് തന്റെ ചെറുപ്പത്തിലേക്ക് മടങ്ങും. തന്റെ ദയനീയമായ ബാല്യകാലത്തെക്കുറിച്ച് സംസാരിച്ചാൽ സങ്കടകരമായ രൂപവും പിച്ചിച്ചീന്തിയ പുഞ്ചിരിയുമുള്ള കുട്ടിയുടെ സവിശേഷതകൾ അദ്ദേത്തിലെത്തും. പൊട്ടിത്തെറിക്കാനും ചിരിക്കാനും തമാശ പറയാനും കൂടുതൽ സമയം വേണ്ടി വന്നിരുന്നില്ല. കൗമാരകാലത്തെ സാഹസിക നായകനായിരുന്നു.
പെട്ടെന്ന് അദ്ദേഹം നിശബ്ദനായി. ശൂന്യതയിലേക്ക് ശ്രദ്ധാപൂർവം നോക്കുന്നുണ്ട്. കണ്ണുകൾ ഇടുങ്ങിവന്നു. എന്തിലോ മറഞ്ഞിരിക്കുന്ന വാക്കുകൾ ഉച്ചരിക്കുന്നതുപോലെയുണ്ട്. അദ്ദേഹം ശൂന്യതയിലേക്ക് നോക്കിയത്ുപോലെ ഞാനും നോക്കി. പക്ഷേ, അദ്ദേഹം വായിക്കുന്ന ശൂന്യതയുടെ ഭാഷ എനിക്കു മനസിലായില്ല.
നിശബ്ദ നേരങ്ങൾക്കു ശേഷം എന്നെ ശാന്തമാക്കുന്ന രീതിയിൽ അദ്ദേഹത്തിന്റെ ശബ്ദം എന്നിലേക്ക് എത്തുന്നുണ്ട്. കേൾക്കാവുന്ന ശബ്ദത്തിലുള്ള അദ്ദേഹത്തിന്റെ വായന. ഓർമയുടെ പേജുകളിൽ ചരിത്രം രചിച്ച വായന. അദ്ദേഹത്തിന്റെ ജീവചരിത്രത്തിലൂടെയും മറ്റുള്ളവരുടെ ജീവചരിത്രത്തിലൂടെയും ചുറ്റിപ്പിടിച്ച വരികളിലൂടെയും സമയത്തിന്റെ ആഴത്തിൽ സഞ്ചരിച്ച അദ്ദേഹത്തിനിപ്പോൾ സംസാരിക്കാനാകുന്നില്ല!
അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ എനിക്ക് ഉത്തരങ്ങൾ ഉണ്ടാകുമെന്നു ഞാൻ കരുതി. പക്ഷേ, ബോൺസായ് മരത്തിന്റെ നിശബ്ദതപോലെ അദ്ദേഹത്തിന്റെ വാക്കുകൾ എനിക്ക് കൂടുതൽ ചോദ്യങ്ങളാണ് നൽകിയത്.
നിഗൂഢമായ കഥകൾകൊണ്ട് എന്റെ ദാഹമുള്ള ഇടം നിറഞ്ഞു. ഞാനെന്റെ മുറിയിലേക്ക് മടങ്ങുന്നതുവരെ അദ്ദേഹമത് തുടർന്നുകൊണ്ടിരുന്നു. ഞാൻ കേട്ടത് ഇതിനോട് പറയാനും കഴിഞ്ഞകാലത്തെ ഓർമിപ്പിക്കാനുമായി ഇട്ടേച്ചുപോയ എന്റെ മരത്തിന്റെ മുന്നിലേക്ക് ഞാൻ ഓടി. ഉപേക്ഷിച്ചതിനു ശേഷം ഇതിന്റെ ശാഖകൾ ഇലയിട്ട് തുടങ്ങുകയും വളരുകയും ചെയ്തിരുന്നു. ദിവസങ്ങൾ കഴിയുന്തോറും ഇരുവരും എന്റെ ആത്മാവിൽ ഒരേപോലെയായി. അതെ, ബോൺസായ് മരവും വൃദ്ധനും.
അസാധ്യമായ പുരാണജീവിയായി പാതിമരവും പാതിമനുഷ്യനും. ഞാൻ അദ്ദേഹത്തെ ബോൺസായ് മരം എന്ന് വിളിക്കണോ? അല്ലെങ്കിൽ അദ്ദേഹത്തിന്റെ പേരുവിളിച്ച് അഭിസംബോധന ചെയ്യണോ?
എനിക്ക് അറിയില്ലായിരുന്നു.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."