പുത്തന്‍ വൈറസ് രോഗങ്ങളും കേരള സമൂഹവും
ഡോ. വി.ജി പ്രദീപ്കുമാര്‍
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കേരള സമൂഹത്തില്‍ സാംക്രമിക രോഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. കോഴിക്കോട് 2018 ലുണ്ടായ നിപാ അണുബാധയും 2020 ആദ്യത്തിലാരംഭിച്ച് ഇപ്പോഴും വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊവിഡും ഈ ചര്‍ച്ചകളെ ഗൗരവതരമാക്കുന്നതിന് ആക്കം കൂട്ടിയിട്ടുണ്ട്. ഇതിനു മുമ്പുണ്ടായിട്ടുള്ളതും നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതുമായ ജപ്പാന്‍ ജ്വരം, ഡെങ്കിപ്പനി, എലിപ്പനി എന്നിവയും കഴിഞ്ഞ ദശാബ്ദത്തിലെ നമുക്കിടയിലെ പ്രധാന മരണകാരണങ്ങളായ പകര്‍ച്ചവ്യാധികളാണ്. രണ്ടു ദശാബ്ദങ്ങള്‍ക്കു മുമ്പുവരെയുണ്ടായിരുന്ന മലമ്പനി, ചിക്കന്‍ഗുനിയ എന്നിവ ഗണ്യമായും ടി.ബി അണുബാധ താരതമ്യേനയും ബോധവല്‍ക്കരണ, പ്രതിരോധ പരിപാടികള്‍ ഊര്‍ജ്ജിതമായി പ്രാവര്‍ത്തികമാക്കിയതുമൂലം കുറഞ്ഞതായി കാണാം. 2018 മെയ്, ജൂണ്‍ മാസങ്ങളിലെ കേരളത്തിലുണ്ടായ നിപാ അണുബാധ വലിയ മരണനിരക്കാണ് (90%) സൃഷ്ടിച്ചത്. ഇതിനു മുമ്പൊരിക്കലും ഉണ്ടാകാത്ത കരുതലും ജാഗ്രതയും സൂക്ഷ്മതയും നിപാ പ്രതിരോധത്തെ തികച്ചും സവിശേഷമാക്കി. കേരളത്തിലെ പൊതുജനാരോഗ്യത്തിനുണര്‍വ് സൃഷ്ടിക്കുന്നതിനും ആരോഗ്യരംഗത്തെ പൊതു, സ്വകാര്യ പങ്കാളിത്തത്തിന്റെ നേര്‍ക്കാഴ്ചയായും ഈ പ്രതിരോധപ്രവര്‍ത്തനം മാറുകയുണ്ടായി. ഉയര്‍ന്ന ജനസാന്ദ്രത (ചതുരശ്ര കിലോമീറ്ററില്‍ 859) കേരളത്തില്‍ സാംക്രമികരോഗങ്ങള്‍ പ്രത്യേകിച്ചും വായുജന്യ രോഗങ്ങള്‍ പെട്ടെന്ന് പടരുന്നതിനുള്ള ഒരു പ്രധാന കാരണമാണ്.
ആരോഗ്യരംഗത്തെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ 1970കളില്‍ത്തന്നെ കാര്യമാത്ര പ്രസക്തമായി ആരംഭിച്ചിരുന്നു. പഞ്ചായത്തുതല പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സബ് സെന്ററുകള്‍ എന്നിവ വഴിയുള്ള രോഗപ്രതിരോധ കുത്തിവയ്പ്പുകള്‍, വിദ്യാലയങ്ങള്‍, പൊതുജന കുട്ടായ്മകള്‍ എന്നിവിടങ്ങളിലെ ബോധവല്‍ക്കരണ പരിപാടികള്‍ (പാഠ്യഭാഗങ്ങള്‍, ന്യൂസ് റീലുകള്‍, ബോധവല്‍ക്കരണ ലഘുലേഖകള്‍ എന്നിവ വഴി) എന്നിങ്ങനെയുള്ള കര്‍മപരിപാടികള്‍ ഏറ്റവും ശ്ലാഘനീയമായ രീതിയിലാണ് കേരളം മുന്നോട്ടുകൊണ്ടുപോയത്. മാറി വന്ന വിവിധ സര്‍ക്കാരുകള്‍ ഈ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തതായും കാണാം. ഉയര്‍ന്ന സാക്ഷരത, അവകാശബോധം, ജീവിത നിലവാരത്തിലെ ഉയര്‍ച്ച എന്നിവ രണ്ടായിരത്തിലെത്തുമ്പോഴേയ്ക്കും സാംക്രമികരോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള അടിസ്ഥാന ശില ഇവിടെയൊരുക്കുന്നതിനു സാധ്യമാക്കി. സാംക്രമികരോഗങ്ങള്‍ക്കു മുകളില്‍ ജീവിതശൈലി രോഗങ്ങള്‍ പിടിമുറുക്കുന്നതാണ് കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി കാണുന്നത്. എന്നാല്‍ ഈയടുത്ത കാലത്തായി കേരള സമൂഹത്തില്‍ പുതിയ വൈറസ് രോഗങ്ങള്‍ ആവിര്‍ഭവിക്കുന്നതായി കണ്ടുവരുന്നു. ബേര്‍ഡ് ഫ്‌ളു, ഒ1ച1, ഒ5ച1, മെര്‍സ്, സിക്ക, നിപാ, കൊവിഡ് എന്നിവ ഈ ശ്രേണിയില്‍പ്പെടുന്നവയാണ്. വൈറസ് അണുബാധ ഒരിയ്ക്കലുണ്ടായാല്‍ പിന്നീട് ആ സമൂഹത്തില്‍ രോഗാണു സുഷുപ്തിയില്‍ പോകുകയും പിന്നീട് ജനിതക വകഭേദത്താലോ അല്ലാതെയോ കൂടുതല്‍ വിനാശകാരിയായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ട്. ജന്തുജന്യരോഗങ്ങളുടെ പ്രധാനകാരണം അവയുടെ ആവാസവ്യവസ്ഥയിലുണ്ടായ വ്യതിയാനങ്ങളാകാം. വര്‍ധിച്ചുവരുന്ന നഗരവല്‍ക്കരണം, ജനസാന്ദ്രത, കുടിയേറ്റങ്ങള്‍ എന്നിവ ഒരളവുവരെ ആവാസവ്യവസ്ഥയ്ക്ക് ഭംഗം വരുത്തുന്നതിനിടയാക്കിയിട്ടുണ്ട്. ഇതില്‍ അന്താരാഷ്ട്രതലത്തിലുള്ള യാത്രകള്‍ തന്നെയാണ് ഒരു പ്രധാന കാരണം.
ആഗോളതലത്തില്‍ ഈയടുത്ത കാലത്തായി കാലാവസ്ഥാ വ്യതിയാനം കണ്ടുവരുന്നുണ്ട്. ഇതിനുസമാനമായി കേരളത്തിലും വ്യവസ്ഥാപിത രീതിയില്‍ നിന്നു ചൂടിലും തണുപ്പിലും വ്യതിയാനങ്ങള്‍ കാണുന്നുണ്ട്. ഇവയെല്ലാം രോഗാണുക്കളില്‍ ജനിതകമാറ്റത്തിനു കാരണമാകാം. കൂടാതെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസാന്ദ്രത കൂടുതലുള്ള ഒരു സംസ്ഥാനമാണ് കേരളം. മാത്രവുമല്ല തൊഴില്‍, പഠനം, വിവിധ പരിശീലനങ്ങള്‍, ബിസിനസ് ആവശ്യങ്ങള്‍, ഉല്ലാസയാത്രകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ലോകത്തിലെ വിവിധ രാജ്യങ്ങളിലേയ്ക്ക് യാത്രചെയ്യുന്നവരിലും മലയാളികള്‍ കൂടുതലാണ്. ഇവയെല്ലാംതന്നെ കേരളത്തില്‍ പുതിയ സാംക്രമികരോഗങ്ങളുടെ വരവിന് കാരണമാകാവുന്നതാണ്.
പുത്തന്‍ സാംക്രമികരോഗങ്ങളെ തിരിച്ചറിയല്‍, ചികിത്സ എന്നിവ ഇനിയുള്ളകാലത്ത് ആരോഗ്യരംഗത്തുണ്ടാകാവുന്ന വെല്ലുവിളികളിലൊന്നാണ്. ഇവയെക്കുറിച്ചു പഠിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം പ്രവചിക്കുന്നതുപോലെ രോഗങ്ങളുടെ ആവിര്‍ഭാവം, വ്യാപനം എന്നിവ പ്രവചിക്കുന്നതിനും മോഡേണ്‍ മെഡിസിന്‍, വെറ്ററിനറി ചികിത്സാ വിഭാഗം, കാലാവസ്ഥാവിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള ഒരു കൂട്ടായ്മയിലുള്ള ഛില ഒലമഹവേ നയം നടപ്പാക്കേണ്ടതുണ്ട്. പൊതുജനാരോഗ്യ വിദഗ്ധനും വെറ്ററിനറി സര്‍ജനുമായ കാല്‍വിന്‍ ഷ്വാബയാണ് ഇത്തരമൊരു ആശയം 1964 ല്‍ മുന്നോട്ടുവച്ചത്. മനുഷ്യന്‍, മൃഗങ്ങള്‍, പരിസ്ഥിതി എന്നിവയാണ് ഒറ്റ ആരോഗ്യം എന്ന കാഴ്ചപ്പാടിലെ ഘടകങ്ങള്‍. ഈ കാഴ്ചപ്പാട് ആഗോളതലത്തില്‍ത്തന്നെ മനുഷ്യ- ജന്തു-പരിസ്ഥിതി ശ്രേണീതലത്തിലുള്ള ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ഏകോപനം, ആശയവിനിമയം, സഹകരണം എന്നിവയുടെ ആവശ്യകത മുന്നോട്ടുവയ്ക്കുന്നു. നിപാ രോഗം 2018ല്‍ ഉണ്ടായ സമയത്തുതന്നെ ഈ ആവശ്യം ഉയര്‍ന്നുവന്നിരുന്നു.
മാനവരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളായ പുത്തന്‍ സാംക്രമികരോഗങ്ങളെ നേരത്തെതന്നെ തിരിച്ചറിയുന്നതിനും ചികിത്സിക്കുന്നതിനും വേണ്ട ഒരുക്കങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്; പ്രത്യേകിച്ചും ആരോഗ്യരംഗത്ത് മറ്റേതൊരു വികസിത രാജ്യത്തേയും കിടപിടിക്കുന്ന സൂചികകളുള്ള കേരളത്തില്‍ ചില പൊതു നിര്‍ദേശങ്ങള്‍ ഇതിനായി പരിഗണിക്കാവുന്നതാണ്.
1. സംസ്ഥാന തലത്തില്‍ ഛില ഒലമഹവേ നയത്തിന്റെ അടിസ്ഥാനത്തില്‍ ഏകോപന സമിതി രൂപീകരിക്കുക.
2. എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊതു, സ്വകാര്യമേഖലാ വ്യത്യാസമില്ലാതെ പുത്തന്‍ സാംക്രമികരോഗങ്ങളെക്കുറിച്ചുള്ള അറിവ് പകരുന്നതിനും അവ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ട പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കുക.
3. പുതിയ ചികിത്സാരീതികളെക്കുറിച്ചുള്ള അറിവ് ഡോക്ടര്‍മാര്‍ക്ക് നല്‍കുന്നതിനുവേണ്ട ശില്‍പ്പശാലകള്‍ രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുക.
4. ക്വാറന്റൈന്‍, ഐസോലേഷന്‍ എന്നിവ നിരീക്ഷിക്കുന്നതിനുവേണ്ട പരിശീലനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി അങ്കണവാടി, ആശാവര്‍ക്കര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ക്ക് നല്‍കുകയും സമയബന്ധിതമായ റിഫ്രഷര്‍ കോഴ്‌സുകള്‍ ഒരുക്കുകയും ചെയ്യുക.
5. പത്ര, ദൃശ്യമാധ്യമങ്ങള്‍ ഇത്തരം രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളപ്പറ്റിയുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുക.
6. രോഗം പൊട്ടിപ്പുറപ്പെടുമ്പോള്‍ മാത്രമല്ലാതെ കൃത്യമായ ഇടവേളകളില്‍ ഇക്കാര്യങ്ങള്‍ നടക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ട നിരീക്ഷണസമിതികള്‍ രൂപീകരിക്കുക.
പുത്തന്‍ സാംക്രമികരോഗങ്ങളുടെ കടന്നുവരവിന്റെ ഭീതിയില്‍ കഴിയുന്ന ഒരു സമൂഹമായി നാം മാറിക്കൂടാ. ജനസാന്ദ്രത കൂടിയ സംസ്ഥാനമായതുകൊണ്ടുതന്നെ സാംക്രമികരോഗങ്ങള്‍, പ്രത്യേകിച്ചും വായുജന്യരോഗങ്ങള്‍, പെട്ടെന്ന് വ്യപിക്കാന്‍ കാരണമാകാം. ആരോഗ്യരംഗത്ത് കേരളത്തിന്റെ മികച്ച നേട്ടങ്ങളെ ഇവ പുറകോട്ടടിപ്പിച്ചു കൂടാ. സമൂഹത്തിന്റെ ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനുതകുന്ന സത്വര നടപടികള്‍ നയപരമായിത്തന്നെ എടുക്കുകയും പ്രാബല്യത്തില്‍ കൊണ്ടുവരികയും വേണം. ആധുനിക ലോകത്തിലെ ആരോഗ്യരംഗത്തെ വെല്ലുവിളികള്‍ എക്കാലത്തും ഏറ്റെടുത്ത ഒരു സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഇത്തരം തടസ്സങ്ങള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞു മറികടക്കുന്നതിന് കഴിയണം. അതിനുള്ള പ്രവര്‍ത്തനമാണ് ഇന്നിന്റെ ആവശ്യവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."