പ്രതിഭ വീരഭദ്ര സിങ്ങ് ചടങ്ങില്‍ പങ്കെടുക്കും; ഹിമാചല്‍ സത്യപ്രതിജ്ഞ പാര്‍ട്ടി ഐക്യത്തിന്റെ വേദിയാകും
ഷിംല: ഹിമാചല്‍പ്രദേശിലെ സുഖ്‌വീന്ദര്‍ സിങ് സുഖുവിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭ വീരഭദ്ര സിങ്. ഞായറാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അവര്‍ അറിയിച്ചു.
നിയുക്ത ഹിമാചല്‍ മുഖ്യമന്ത്രി സുഖുവുമായി പ്രതിഭ വീരഭദ്ര സിങ്ങ് കൂടിക്കാഴ്ച നടത്തിയിരുന്നു. തന്റെ പ്രാഥമിക ചുമതല സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുകയെന്നതാണെന്ന് പ്രതിഭ പറഞ്ഞു. താന്‍ എന്തിന് ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് അവര്‍ ചോദിച്ചു. തീര്‍ച്ചയായും ഞാന്‍ പോകും. അത് എന്റെ പ്രാഥമിക കര്‍ത്തവ്യമാണ്- അവര്‍ പറഞ്ഞു. പ്രതിഭ സിങ്ങിന്റെ പേരും നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നു.
അതേസമയം, മുഖ്യമന്ത്രിയുമായി തെരഞ്ഞെടുക്കപ്പെടുന്നതില്‍ സന്തോഷമുണ്ടെന്ന് സുഖ്‌വീന്ദര്‍ സിങ് സുഖു പ്രതികരിച്ചു. ഗാന്ധി കുടുംബത്തോടും കോണ്‍ഗ്രസിനോടുമാണ് ഈ സമയത്ത് നന്ദിയറിയിക്കാനുള്ളത്. രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഇറങ്ങിയപ്പോള്‍ വിലക്കാതിരുന്ന തന്റെ അമ്മയോട് എപ്പോഴും കടപ്പാടുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച ഉച്ചക്ക് ഒന്നരക്കാണ് ഹിമാചല്‍പ്രദേശില്‍ സത്യപ്രതിജ്ഞ നടക്കുന്നത്. സുഖ്!വീന്ദര്‍ സിങ് സുഖുവിനൊപ്പം ഉപമുഖ്യമന്ത്രിയായി മുകേഷ് സിങ് അഗ്‌നിഹോത്രിയും ചുമതലയേല്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."