പ്രഖ്യാപിച്ചിട്ട് മൂന്നു മാസം വെളിച്ചം കാണാതെ കൊവിഡ് മരണക്കണക്ക്
സ്വന്തം ലേഖകന്‍
കൊച്ചി: പ്രഖ്യാപിച്ച് മൂന്നുമാസം കഴിഞ്ഞിട്ടും കൊവിഡ് മരണപ്പട്ടിക പുറത്തുവിടാതെ സര്‍ക്കാര്‍. കൊവിഡ് മരണക്കണക്കില്‍ കള്ളക്കളിയുണ്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉള്‍പ്പെടെ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് മരണക്കണക്ക് പുറത്തുവിടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചാല്‍, ഒഴിവാക്കപ്പെട്ട മരണക്കണക്കുകള്‍ വലിയ വിവാദമാകുമെന്ന വിലയിരുത്തലും സര്‍ക്കാര്‍ പരിഗണിച്ചു. കഴിഞ്ഞ ജൂണ്‍ 15 മുതല്‍ മരണങ്ങള്‍ ജില്ലകളില്‍തന്നെ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കി. ഒഴിവാക്കിയ മരണങ്ങളുടെ പട്ടിക സമര്‍പ്പിക്കാനും ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരോട് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍, രണ്ടാഴ്ച കഴിഞ്ഞിട്ടും പട്ടിക തയാറായില്ല. തുടര്‍ന്ന് മൂന്നു ദിവസത്തിനകം വിട്ടുപോയ മരണങ്ങള്‍ ഉള്‍പ്പെടുത്തി പട്ടിക പ്രസിദ്ധീകരിക്കുമെന്നു മന്ത്രി വീണാ ജോര്‍ജ് ജൂലൈ രണ്ടിനു പ്രഖ്യാപിച്ചു. ഒരു മാസം കഴിഞ്ഞിട്ടും പട്ടിക പ്രസിദ്ധീകരിക്കാത്തതില്‍ വിമര്‍ശനമുയര്‍ന്നപ്പോള്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടുവെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. മരിച്ചവരുടെ വിശദവിവരം ജില്ലാ മെഡിക്കല്‍ ഓഫിസുകളില്‍ ലഭ്യമാക്കുമെന്നും ജില്ലാതലത്തില്‍തന്നെ പരാതികള്‍ പരിഹരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. മാസം മൂന്നു കഴിഞ്ഞിട്ടും മരണക്കണക്കില്‍ ഒളിച്ചുകളി തുടരുന്നു.
ജില്ലകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ ജൂണ്‍ വരെ 13,000ലേറെ കൊവിഡ് മരണങ്ങള്‍ ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഔദ്യോഗിക പട്ടികയില്‍ നിന്ന് 7,615 പേരെ ആരോഗ്യവകുപ്പ് ഒഴിവാക്കിയതിനു തെളിവായി ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ നിന്നുള്ള വിവരാവകാശരേഖ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പുറത്തുവിട്ടിരുന്നു. ദിവസേനയുള്ള ഓരോ മരണവും മരണ കാരണവും ആശുപത്രികളില്‍ നിന്ന് തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുന്നത് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സോഫ്റ്റ്‌വെയറിലൂടെയാണ്. ഈ ഡാറ്റ കൈകാര്യം ചെയ്യുന്നതും മിഷനാണ്. ഇതുപ്രകാരമാണ് തദ്ദേശ സ്ഥാപനങ്ങള്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
രോഗം സ്ഥിരീകരിച്ച് 30 ദിവസത്തിനകം മരിച്ചാല്‍ കൊവിഡ് മരണമായി കണക്കാക്കണമെന്നു കേന്ദ്ര നിര്‍ദേശം വന്നതോടെ, ആദ്യ തരംഗം മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെ ഒഴിവാക്കിയ 10,000ലേറെ മരണങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടി വരും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ആരോഗ്യവകുപ്പില്‍ ലഭ്യമാണോ എന്നതായിരിക്കും വലിയ വെല്ലുവിളി. ബന്ധുക്കള്‍ തന്നെ മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ സഹിതം അപേക്ഷിച്ച് മരണം കൊവിഡ് മൂലമാണെന്നു വീണ്ടും സാക്ഷ്യപ്പെടുത്തേണ്ടിയും വരാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."