ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ മാര്‍ച്ചും ധര്‍ണയും നടത്തി
മൂവാറ്റുപുഴ: കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് യൂനിയന്റെ ആഭിമുഖ്യത്തില്‍ എറണാകുളം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. സമരം വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ മുന്‍ സര്‍ക്കാര്‍ ശനിയാഴ്ച്ച പ്രവൃത്തി ദിവസം ഒഴിവാക്കിയത് തിരിച്ചു കൊണ്ടുവന്ന എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരപരിപാടികള്‍ നടന്നത്.
ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് തസ്തിക സൃഷ്ടിച്ച് ശമ്പളം നല്‍കുക, ജൂനിയര്‍ അധ്യാപകരെ അഞ്ചു വര്‍ഷം കഴിയുന്നമുറയ്ക്ക് സീനിയറാക്കുക, സ്കൂളുകളില്‍ ക്ലാര്‍ക്ക്, പ്യൂണ്‍ തസ്തികകള്‍ സൃഷ്ടിക്കുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ മുന്‍ സര്‍ക്കാര്‍ കാബിനറ്റ് തീരുമാനമെടുത്തിരുന്നു. ഈ ഫയലുകള്‍ പൂഴ്ത്തിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. ചങ്ങമ്പുഴ പാര്‍ക്കില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് സംസ്ഥാനസമതിയംഗം കെ.എം ശിവരാമന് അധ്യക്ഷത വഹിച്ചു. പി സജിത്, ടി.യു സാദത്ത്, സെയ്തുമുഹമ്മദ്, ബോസ്മോന്‍ ജോസഫ്, ജോസ് ജയിംസ്, ഫൈയ്സല്‍, സുനില്‍ സി.ഡി, ജോസ് ജോസഫ്, ഷാജി പോള്‍, സുനില്‍ ആന്റണി, റെക്സ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."