സംസ്ഥാനത്ത് ഇനി കാരവന്‍ ടൂറിസവും
തിരുവനന്തപുരം: കൊവിഡാനന്തര ലോകത്തെ വിനോദസഞ്ചാരികളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് സംസ്ഥാനം സമഗ്ര കാരവന്‍ ടൂറിസം നയം പ്രഖ്യാപിച്ചു. സ്വകാര്യ നിക്ഷേപകരും ടൂര്‍ ഓപറേറ്റര്‍മാരും പ്രദേശിക സമൂഹവുമാണ് കാരവന്‍ ടൂറിസത്തിലെ പ്രധാന പങ്കാളികള്‍. കാരവന്‍ ഓപറേറ്റര്‍മാര്‍ക്ക് നിക്ഷേപത്തിനുള്ള സബ്‌സിഡി നല്‍കും. ജനുവരിയോടെ പദ്ധതി നിലവില്‍വരുമെന്നും ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാരവന്‍ ടൂറിസത്തിന്റെ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ ടൂറിസം അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. വേണു, ഡയരക്ടര്‍ കൃഷ്ണതേജ എന്നിവര്‍ പങ്കെടുത്തു.
വിനോദസഞ്ചാരം ഇനി ആഡംബരമായി
രണ്ടുപേര്‍ക്ക് യാത്ര ചെയ്യാവുന്നതും നാലുപേരടങ്ങുന്ന കുടുംബത്തിന് യാത്ര ചെയ്യാവുന്നതുമായ കാരവനുകളാണ് പദ്ധതിയുടെ ഭാഗമായി സജ്ജമാക്കുന്നത്. സോഫ-കം- ബെഡ്, ഫ്രിഡ്ജ്, ഡൈനിങ് ടേബിള്‍, ടോയ്‌ലറ്റ് ക്യുബിക്കിള്‍, എ.സി, ഇന്റര്‍നെറ്റ് കണക്ഷന്‍, ഓഡിയോ വിഡിയോ സൗകര്യങ്ങള്‍, ചാര്‍ജിങ് സംവിധാനം, ജി.പി.എസ് തുടങ്ങിയവയെല്ലാം ടൂറിസം കാരവനുകളില്‍ ക്രമീകരിക്കും.
വിനോദസഞ്ചാരികള്‍ക്ക് സമ്മര്‍ദരഹിത അന്തരീക്ഷം പ്രദാനംചെയ്യുന്ന സുരക്ഷിതമേഖലയിലായിരിക്കും കാരവന്‍ പാര്‍ക്ക് സജ്ജമാക്കുക. ചുറ്റുമതില്‍, സുരക്ഷാ ക്രമീകരണങ്ങള്‍, പട്രോളിങ്, നിരീക്ഷണ കാമറകള്‍ എന്നിവ പാര്‍ക്കില്‍ ക്രമീകരിക്കും.
അടിയന്തര വൈദ്യസഹായം വേണ്ട സാഹചര്യങ്ങളില്‍ പ്രാദേശിക അധികാരികളുമായും മെഡിക്കല്‍ സംവിധാനങ്ങളുമായും ഫലപ്രദമായ ഏകോപനമുണ്ടായിരിക്കും. ഒരു പാര്‍ക്കിന് കുറഞ്ഞത് 50 സെന്റ് ഭൂമി വേണം. അഞ്ച് കാരവനെങ്കിലും പാര്‍ക്ക് ചെയ്യുന്നതിനുള്ള സംവിധാനമുണ്ടായിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."