അട്ടപ്പാടിക്ക് ഒരു റോഡെങ്കിലും അനുവദിക്കണം
സംസ്ഥാനം രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്ത് ശ്രദ്ധാർഹമായ പുരോഗതി കൈവരിച്ചിട്ടും പാർശ്വവൽക്കരിക്കപ്പെട്ട ദലിതു ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്കിപ്പോഴും ദുരിതക്കടൽ നീന്തിക്കടക്കാൻ തന്നെയാണ് നിയോഗം. അവരും മനുഷ്യരാണെന്ന ബോധം സർക്കാരിനും സർക്കാരിന്റെ മുഖമായ ഉദ്യോഗസ്ഥർക്കും തോന്നാത്തിടത്തോളം അവരുടെ ദുരിതങ്ങൾ അവസാനമില്ലാതെ തുടർന്നു കൊണ്ടേയിരിക്കും.
അതിലെ അവസാനത്തെ കണ്ണീര് കലർന്ന സംഭവമാണ് ഇന്നലെ കേരളീയ സമൂഹം കണ്ടത്. പാലക്കാട് അട്ടപ്പാടിയിൽ ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് തുണിയിൽ പൊതിഞ്ഞ് മഞ്ചലിൽ ചുമന്നായിരുന്നു. ഈ പരിഷ്കൃത യുഗത്തിലും പ്രാകൃത കാലത്തെ അനുസ്മരിപ്പിക്കുന്ന ഇത്തരം ദൃശ്യങ്ങൾ നമ്മുടെ കൊച്ചു കേരളത്തിലുമുണ്ടെന്നറിവിൽ സംസ്കൃത ചിത്തരായ നമുക്ക് ലജ്ജിക്കാം. കൊവിഡ് കാലത്തും അതിന് മുമ്പും ഉത്തരേന്ത്യൻ ഗ്രാമങ്ങളിലായിരുന്നു ഇത്തരം ദൃശ്യങ്ങൾ കണ്ടിരുന്നത്. പൊട്ടി പൊളിഞ്ഞ നടവഴികൾക്ക് റോഡിന്റെ ഒരു സ്വഭാവവും ഇല്ലാത്തതിനാൽ അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലെ രോഗികളെയും ഗർഭിണികളെയും ആശുപത്രികളിലേക്ക് കൊണ്ടുപോകാൻ ആംബുലൻസുകൾ എത്താറില്ല. അർധരാത്രിയിൽ പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ബന്ധുക്കൾ ചേർന്നാണ് മൂന്നര കിലോ മീറ്ററോളം ദൂരമുള്ള ആശുപത്രിയിൽ ഇന്നലെ എത്തിച്ചത്. അട്ടപ്പാടി കടുകമണ്ണ ഊരിലെ പ്രാക്തന വിഭാഗത്തിൽ പെട്ട ആദിവാസികളാണ് ഇവിടെ കഴിയുന്നത്. ഇവർക്ക് പുറലോകത്തെത്താൻ ആകെയുള്ളത് ഭവാനിപ്പുഴയുടെ കുറുകെയുള്ള ഒരു തൂക്ക് പാലം മാത്രമാണ്. പാലം കടന്ന് മൂന്നര കിലോമീറ്റർ കാട്ടിലൂടെ സഞ്ചരിക്കണം ആംബുലൻസ് കിട്ടാൻ. നാട്ടിൽപ്പോലും കാട്ടാനകൾ സ്വൈരവിഹാരം നടത്തുന്ന ഈ കാലത്ത് ഗർഭിണിയെ മഞ്ചലിൽ ചുമന്ന് അർധരാത്രിയിൽ കാടിന്റെ വന്യതയിലൂടെ നടക്കേണ്ടി വരുന്ന കഷ്ടപ്പാട് അന്നേരം, ആദിവാസികളെ ഉദ്ധരിക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ സുഷുപ്തിയിലായിരിക്കുമെന്നതിനാൽ അവർ അറിഞ്ഞിരിക്കണമെന്നില്ല. രാത്രി ആനകളിറങ്ങുന്ന കാട്ടുവഴിയിലൂടെയായിരുന്നു യുവതിയേയും ചുമന്ന് ബന്ധുക്കൾ ആശുപത്രിയിലേക്ക് നടന്നത്.
ആനവായ എന്ന അക്ഷരാർഥത്തിൽ തന്നെ പേരുള്ള സ്ഥലത്തെത്തിച്ചാണ് ആംബുലൻസിൽ കയറ്റിയത്. തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. അവിടെ എത്തിയ ഉടനെ യുവതി പ്രസവിക്കുകയും ചെയ്തു. വികസന വാഗ്ദാനങ്ങൾ നൽകി ആദിവാസികളെ വീർപ്പുമുട്ടിക്കുക എന്നതൊഴിച്ച് അവരുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റി കൊടുക്കുന്നതിൽ മാറി മാറി വരുന്ന സർക്കാരുകളൊന്നും ശുഷ്ക്കാന്തിയോടെ പ്രവർത്തിച്ചിട്ടില്ല. അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്റെ ജീവിതം മെച്ചപ്പെടുത്തുവാനും ആരോഗ്യവും ആവാസ വ്യവസ്ഥയും ശുചിത്വവും ഉറപ്പുവരുത്താനും ത്രിതല പഞ്ചായത്ത് യോഗം വിളിക്കുമെന്ന് എം.വി ഗോവിന്ദൻ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ കഴിഞ്ഞ വർഷം ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനം യാഥാർഥ്യമായി പുലർന്നിരുന്നെങ്കിൽ അർധരാത്രിയിൽ ഗർഭിണിയായ യുവതിയേയും ചുമന്നുകൊണ്ട് ബന്ധുക്കൾക്ക് ആനകളിറങ്ങുന്ന കാട്ടുവഴിയിലൂടെ സഞ്ചരിക്കേണ്ടിവരുമായിരുന്നില്ല. സങ്കീർണമായ ആവാസ വ്യവസ്ഥയുള്ള പ്രദേശമാണ് അട്ടപ്പാടിയിലേതെന്ന് അന്ന് മന്ത്രി തന്നെ സമ്മതിച്ചതാണ്. എന്നിട്ട് മൂന്ന് കിലോമീറ്റർ ദൂരത്തേക്ക് ഒരു റോഡു പോലും അവർക്കായി നിർമിച്ചു കൊടുക്കാൻ മന്ത്രിക്കായില്ല. നടപടി ക്രമങ്ങളിലെ പരിമിതികളാണ് ആദിവാസികൾക്ക് വികസന വെളിച്ചം എത്തിക്കുന്നതിൽ തടസമായി നിൽക്കുന്നതെ സർക്കാർ പല്ലവി ഒഴിവ് കഴിവ് കണ്ടെത്തുന്നതിനുള്ള സൂത്രമാണ്. പട്ടികജാതി-പട്ടിക വർഗക്ഷേമം, ധനം, ആരോഗ്യം, ഭക്ഷ്യം, തദ്ദേശ സ്വയംഭരണം, തുടങ്ങിയവകുപ്പുകളുടെ സംയോജിത പ്രവർത്തന ഏകോപനത്തിലൂടെ ആദിവാസി വിഭാഗത്തിലുള്ളവർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്നും കഴിഞ്ഞ ഡിസംബറിൽ മന്ത്രിയായിരുന്ന എം.വി ഗോവിന്ദൻ ആദിവാസികളെ മോഹിപ്പിച്ചിരുന്നു. എന്നാൽ അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ കുറ്റകരമായ അനാസ്ഥ കാണിക്കുന്നുവെന്ന് മാത്രമല്ല. ഭൂമാഫിയ അവരുടെ ഭൂമി തട്ടിയെടുത്തു കൊണ്ടിരിക്കുന്നതിനെതിരേ കണ്ണടച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. അവരുടെ ഭൂമി പാട്ടത്തിനെന്ന് പറഞ്ഞാണ് ഭൂമാഫിയ കൈക്കലാക്കിക്കൊണ്ടിരിക്കുന്നത്. പിന്നീടത് സ്വന്തമാക്കാൻ വ്യാജ രേഖകൾ ചമയ്ക്കുവാനായി വനം, പൊലിസ്, റവന്യൂ ഉദ്യോഗസ്ഥരിൽ ചിലർ തയാറായി നിൽക്കുന്നുമുണ്ട്. എതിർക്കുന്നവരേ കള്ളക്കേസുകളിൽ കുടുക്കി ജയിലിലടച്ചു കൊണ്ടിരിക്കുന്നു. ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് ആദിവാസികളെ ഇവർ കിടപ്പാടം പോലുമില്ലാത്തവരാക്കി തീർക്കുന്നത്. അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കുന്നതിനായി 1975ൽ നിയമസഭ നിയമം കൊണ്ടുവന്നത്. എന്നാൽ ഇതുവരെ ഒന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല അവരുടെ ഭൂമി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. അട്ടപ്പാടിയിൽ ഉയർന്നതും ഉയർന്നു കൊണ്ടിരിക്കുന്നതുമായ പല റിസോർട്ടുകളുടേയും അടിയാധാരങ്ങൾ പരിശോധിക്കുകയാണെങ്കിൽ നിരക്ഷരരായ ആദിവാസികളുടെ കണ്ണീർ പാടുകൾ അതിൽ തെളിഞ്ഞു കാണാനാകും.
കേരളത്തിലെ ആദിവാസി ഊരുകളിലെ വികസന പദ്ധതികളുടെ കേന്ദ്രമായി എന്നിട്ടും അട്ടപ്പാടി വിശേഷിപ്പിക്കപ്പെടുന്നു പരിഹാസ്യമാണ്. റോഡുകളില്ല, പാലങ്ങളില്ല. ഭൂമിതട്ടിയെടുക്കപ്പെടുന്നു, ഭക്ഷണമില്ല, തൊഴിലില്ല. പോഷകാഹാര കുറവ് മൂലം കുട്ടികൾ മരിച്ചു കൊണ്ടിരിക്കുന്നു. അരിവാൾ രോഗം പിടി മുറുക്കുന്നു. 80 ശതമാനം ആദിവാസി കുട്ടികളും പോഷകാഹാരക്കുറവിനാൽ മരണത്തിന് കീഴ്പെട്ടു കൊണ്ടിരിക്കുന്നു. അവർക്ക് വേണ്ടി കോടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ക്ഷേമ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നിട്ടോ പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റപ്പെടാതെ അത്യന്തം ദുരിതപൂർണമായ ദിനങ്ങളിലൂടെയാണ് അവർ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നതും.
ഒരു നേരത്തെ ആഹാരം കൊണ്ടു മാത്രം വിശപ്പടക്കേണ്ടിവരുന്ന അട്ടപ്പാടിയിലെ പ്രാക്തന ഗോത്രവർഗക്കാരുടെ ക്ഷേമത്തിനുവേണ്ടിയാണത്രെ ഭരണകൂടങ്ങൾ വർഷാവർഷം കോടികൾ ഒഴുക്കിക്കൊണ്ടിരിക്കുന്നത്. പട്ടിണി മരണങ്ങളും ഊരുകളിൽ ഉണ്ടാകുമ്പോൾ സൗജന്യ അരിവിതരണവും പാൽപ്പൊടി വിതരണവും മരുന്നു വിതരണവും തകൃതിയായി നടത്തപ്പെടും. ആരവങ്ങൾ അടങ്ങിയാൽ ക്ഷേമാന്വേഷകരും അട്ടപ്പാടിയിറങ്ങും. ആദിവാസികൾക്കുമതറിയാം. ആദിവാസി പ്രദേശങ്ങളിലെവികസന മാതൃകയായി ചൂണ്ടികാണിക്കാറുള്ള അട്ടപ്പാടിയിലാണ് ഗർഭിണികളേയും രോഗം ബാധിച്ചവരേയും മഞ്ചലിലേറ്റി കിലോമീറ്ററുകൾ താണ്ടേണ്ടിവരുന്നത്. അട്ടപ്പാടിക്ക് അടിക്കടി നൽകിക്കൊണ്ടിരിക്കുന്ന വാഗ്ദാനപ്പെരുമഴ സർക്കാർ ഇനിയെങ്കിലും അവസാനിപ്പിക്കണം. സഞ്ചാരയോഗ്യമായ ഒരു റോഡെങ്കിലും നിർമിച്ച് അവരോട് നീതിചെയ്യാൻ സർക്കാർ തയാറാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."