ഇടതുമുന്നണിക്ക് തലവേദനയായി ഘടകകക്ഷിപ്പോര് ; അവലോകന റിപ്പോര്‍ട്ട് തിരുത്തില്ലെന്ന് സി.പി.ഐ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിന്‍മേല്‍ സി.പി.ഐയും കേരളാ കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം ഇടതുമുന്നണിക്ക് തലവേദനയാവുന്നു. സി.പി.എമ്മിനെയും കേരളാ കോണ്‍ഗ്രസിനെയും വിമര്‍ശിക്കുന്ന സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവലോകന റിപ്പോര്‍ട്ടാണ് തര്‍ക്കത്തിന് കാരണം. ജോസ് കെ. മാണിയുടെ വരവ് ഗുണം ചെയ്തില്ലെന്നതുള്‍പ്പെടെയുള്ള പരാമര്‍ശങ്ങളുള്ള റിപ്പോര്‍ട്ടിനെതിരേ കേരളാ കോണ്‍ഗ്രസ് പരസ്യമായി രംഗത്തുവന്നിരുന്നു. റിപ്പോര്‍ട്ടിനെതിരേ മുന്നണിയില്‍ പരാതി നല്‍കുമെന്നും കേരളാകോണ്‍ഗ്രസ് അറിയിച്ചു.
എന്നാല്‍, റിപ്പോര്‍ട്ടില്‍ യാതൊരു തിരുത്തലിനും തയാറല്ലെന്നും മുന്നണിയില്‍ പരാതിപ്പെട്ടാലും ഇക്കാര്യത്തില്‍ മാറ്റമില്ലെന്നുമാണ് സി.പി.ഐ നിലപാട്. മണ്ഡലങ്ങളുടെ സ്ഥിതി പരാമര്‍ശിക്കുന്ന ഭാഗത്ത് സി.പി.എമ്മിനെതിരെയും കടുത്ത വിമര്‍ശനമുണ്ടെങ്കിലും മുന്നണിക്ക് നേതൃത്വംനല്‍കുന്ന സി.പി.എം റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കേരളാ കോണ്‍ഗ്രസിന് വേണ്ടി സി.പി.ഐ സീറ്റുകള്‍ വിട്ടുകൊടുത്തിരുന്നു.
ഇതിനുപുറമെ ബോര്‍ഡ്, കോര്‍പറേഷന്‍ പദവികളിലും സി.പി.ഐക്ക് വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു. മുന്നണിയില്‍ സി.പി.എം കഴിഞ്ഞാല്‍ രണ്ടാംസ്ഥാനം സി.പി.ഐക്കാണ്.
വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നതിലുള്ള അമര്‍ഷവും രണ്ടാംസ്ഥാന പദവി നഷ്ടമാവുമെന്ന ആശങ്കയുമാണ് പുതിയ തര്‍ക്കത്തിന്റെ മൂലകാരണമെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."