ജനപ്രതിനിധി, ഭാരവാഹി; ഡബിള്‍ റോള്‍ വേണ്ടെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: കെ.പി.സി.സിയുടെയും ഡി.സി.സികളുടെയും പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ നേതൃത്വത്തില്‍ ധാരണയായി. ഇതിന്റെ ഭാഗമായി പുനഃസംഘടനയ്ക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു. ജനപ്രതിനിധികളെ ഭാരവാഹിത്വത്തില്‍നിന്ന് ഒഴിവാക്കും. എന്നാല്‍ ഹൈക്കമാന്‍ഡ് നിശ്ചയിച്ച അംഗങ്ങളെ നിലനിര്‍ത്തും. തുടര്‍ച്ചയായി അഞ്ചുവര്‍ഷത്തിലധികം സംഘടനാപദവികള്‍ വഹിച്ചവരെയും ഒഴിവാക്കും. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി പുനഃസംഘടിപ്പിക്കും.
ഭാരവാഹിപ്പട്ടിക 51 ആയി ചുരുക്കും. ഗ്രൂപ്പുകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്ന നേതാക്കളെയും രാഷ്ട്രീയകാര്യ സമിതിയില്‍ ഉള്‍പ്പെടുത്തും. ഒരാള്‍ക്ക് ഒരു പദവിയെന്ന പുതിയ നയം നടപ്പാക്കാന്‍ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നടന്ന ഡി.സി.സി അധ്യക്ഷരുടെ ശില്പശാലയില് തീരുമാനമായിരുന്നു. ഇതിന്റെ ഭാഗമായാണ് ജനപ്രതിനിധികളെ ഭാരവാഹിത്വത്തില്‍നിന്ന് ഒഴിവാക്കുന്നത്.
പ്രതിപക്ഷനേതാവ് വി.ഡി സതീശന്, കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യങ്ങളില്‍ ധാരണയായത്. കെ.പി.സി.സി ആസ്ഥാനത്ത് ഇന്നലെ നടന്ന ചര്‍ച്ച രണ്ടുമണിക്കൂറോളം നീണ്ടു. പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ വരുംദിവസങ്ങളിലും തുടരും.
പേരുകള്‍ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചയാകും ഇനി നടക്കുക. ഡി.സി.സി അധ്യക്ഷരെ പ്രഖ്യാപിച്ചതിനെച്ചൊല്ലി മുതിര്‍ന്ന നേതാക്കളില്‍ കടുത്ത നീരസം നിലനില്‍ക്കുന്നതിനാല്‍ ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയുമടക്കം വിശ്വാസത്തിലെടുത്തു വേണം പുനഃസംഘടന പൂര്‍ത്തിയാക്കാനെന്ന് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."