ചര്‍മം കണ്ടാല്‍...
ത്വക്ക്
അപകടങ്ങളില്‍നിന്ന് ഒരുപരിധി വരെ നമ്മുടെ ആന്തരായവങ്ങളെ സംരക്ഷിക്കുന്നത് ചര്‍മമാണ്. ശരീരത്തിലെ ശീതോഷ്ണ നില കാത്തുസൂക്ഷിക്കുവാനും മനുഷ്യ ശരീരത്തിനാവശ്യമായ ഭംഗി നല്‍കാനും ചര്‍മം സഹായിക്കുന്നു. ശരീരത്തിനകത്തേക്ക് രോഗാണുക്കള്‍ പ്രവേശിക്കുന്നത് തടയുന്നത് ചര്‍മമാണ്. ഇടയ്ക്കിടെ ചര്‍മത്തിലെ കോശങ്ങള്‍ പൊഴിയുന്നതുവഴി ചര്‍മത്തിന് പുറത്തായി നില കൊള്ളുന്ന കോടിക്കണക്കിന് ബാക്ടീരിയയെ തടയാന്‍ സാധിക്കുന്നു.
ചര്‍മവും ഘടനയും
ചര്‍മത്തിന് മുഖ്യമായും മൂന്ന് പാളികളാണുള്ളത്. ഏറ്റവും പുറമേയുള്ള ഭാഗമാണ് എപ്പിഡെര്‍മിസ്. ഇതിനു താഴെയുള്ള ഭാഗം ഡെര്‍മിസ്. ഏറ്റവും അടിയിലുള്ള ഭാഗമാണ് സബ് ക്യൂട്ടേനിയസ് ഫാറ്റ് ലെയര്‍. പുറമേയുള്ള ഭാഗമായ എപ്പിഡെര്‍മിസിന്റെ ഉപരിതല കോശങ്ങള്‍ പൊഴിയുകയും പുതിയവ സ്ഥാപിക്കപ്പെടുകയും ചെയ്യും.
നാല് ആഴച്ചയിലൊരിക്കല്‍ എന്ന ക്രമത്തിലാണ് ഇങ്ങനെ പുറമേയുള്ള ചര്‍മത്തില്‍ നവീകരണം നടക്കുന്നത്. രണ്ടാമത്തെ പാളിയായ ഡെര്‍മിസിലാണ് സ്പര്‍ശഗ്രാഹികള്‍സ്ഥിതി ചെയ്യുന്നത്. ഇവിടെനിന്നാണ് രോമങ്ങള്‍ ഉത്ഭവിക്കുന്നത്. വിയര്‍പ്പ് ഗ്രന്ഥികളുടെ കേന്ദ്രവും ഡെര്‍മിസില്‍ തന്നെ. മൂന്നാമത്തെ പാളിയിലാണ് രക്തക്കുഴലുകളും കൊഴുപ്പ് സംഭരണ കോശങ്ങളും സ്ഥിതി ചെയ്യുന്നത്. അന്തരീക്ഷ ഊഷ്മാവിനനുസരിച്ച് ചര്‍മത്തിലെ രോമങ്ങള്‍ വിവിധ ശൈലിയില്‍ നിലകൊണ്ട് ശരീരത്തിന്റെ ഊഷ്മാവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ചൂട് കുറയ്ക്കാനായി ത്വക്കിലെ രോമങ്ങള്‍ ചെരിഞ്ഞ് നില കൊള്ളുന്നതു വഴിചര്‍മത്തിനുള്ളിലെ ചൂട് പുറത്തേക്ക് പ്രസരിക്കാന്‍ സഹായിക്കുന്നു. ഇതോടൊപ്പം ഉപരിതലത്തിലെ രക്തക്കുഴലുകളില്‍ വികാസം സൃഷ്ടിച്ച് രക്തപ്രവാഹം കൂട്ടുകയും അതുവഴി ശരീരോഷ്മാവ് അന്തരീക്ഷത്തിലേക്ക് പ്രസരിക്കാനും സഹായകമാകുന്നു. ചര്‍മത്തിലെ സ്വേദഗ്രന്ഥികള്‍ വിയര്‍പ്പ് പുറപ്പെടുവിക്കുകയും അവ ബാഷ്പീകരിക്കുന്നതിലൂടെ ശരീരത്തിന്റെ താപം കുറയ്ക്കാനും സഹായിക്കുന്നു. ജലവും ലവണങ്ങളുമാണ് വിയര്‍പ്പില്‍ അടങ്ങിയിരിക്കുന്നത്. ശരീരം തണുത്തകാലാവസ്ഥയില്‍ സ്ഥിതി ചെയ്യുമ്പോള്‍ ചര്‍മ്മത്തിലെ രോമം നിവര്‍ന്ന് നില്‍ക്കുകയും രക്തക്കുഴലുകള്‍ ചുരുങ്ങുകയും ചെയ്യും. ഇതുശരീരത്തിനുള്ളിലെ താപം നഷ്ടപ്പെടാതിരിക്കാന്‍ സഹായകമാകുന്നു.
മെലാനിനും ത്വക്കും
ത്വക്കിനു നിറംനല്‍കുന്ന വര്‍ണകമാണ് മെലാനിന്‍. മെലനോ സൈറ്റുകള്‍ എന്ന പ്രത്യേക കോശങ്ങളിലാണ് മെലാനിന്‍ ഉല്‍പ്പാദനം നടക്കുന്നത്. യൂമെലാനിന്‍, ഫിയോമെലാനിന്‍, ന്യൂറോ മെലാനിന്‍ എന്നിങ്ങനെ മെലാനിന് മൂന്ന് അടിസ്ഥാന വര്‍ണകങ്ങളുണ്ട്. മനുഷ്യ ചര്‍മത്തില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിക്കുന്നത് വഴി മെലനോജനസിസ് എന്ന പ്രക്രിയ നടക്കുകയും ത്വക്കിന് കറുപ്പ് നിറം കൈവരികയും ചെയ്യുന്നു. ടാനിങ് എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. ഇതുവഴി മാരകമായ അള്‍ട്രാവയലറ്റ് രശ്മികളെ തടയാന്‍ മെലാനിന് കഴിയുന്നു. അള്‍ട്രാവയലറ്റ് രശ്മികളുടെ ക്രമാതീതമായ അളവിലുള്ള സമ്പര്‍ക്കം മെലനോസൈറ്റുകളുടെ എണ്ണം വര്‍ധിച്ച് ചര്‍മ്മത്തില്‍ മെലനോമ എന്ന കാന്‍സറിന് കാരണമാകും.
പച്ചകുത്തല്‍
എന്ന അപകടം
ചര്‍മത്തില്‍ പച്ച കുത്തുന്ന ശീലം പ്രാചീന കാലം തൊട്ടേ പ്രചാരത്തിലുണ്ട്. ആധുനിക കാലത്ത് പച്ച കുത്തല്‍ പലയിടങ്ങളിലും ട്രെന്‍ഡ് ആണ്. ചര്‍മത്തിന്റെ രണ്ടാമത്തെ പാളിയിലേക്ക് സൂചിയുടെ സഹായത്താല്‍ മഷി ഇഞ്ചക്റ്റ് ചെയ്താണ് ടാറ്റൂയിങ് ചെയ്യുന്നത്. പലപ്പോഴും ടാറ്റുയിങിന് ഉപയോഗിക്കുന്ന മഷി മാരകമായ മുറിവിനോ അണുബാധയ്‌ക്കോ കാരണമാകാറുണ്ട്. ടാറ്റുയിങ് സ്‌കിന്‍ കാന്‍സറിനു വരെ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
സ്പര്‍ശന ശേഷി
ശരീരത്തിലുടനീളം ചര്‍മം ഉണ്ടെങ്കിലുംചില ഭാഗങ്ങളില്‍ സ്പര്‍ശ ഗ്രാഹികളുടെ അളവില്‍ വ്യത്യാസമുണ്ട്. ഇത്തരം ഭാഗങ്ങളില്‍പ്പെട്ടതാണ് മുഖം, ചുണ്ട്, വിരല്‍ എന്നിവ. ഈ ഭാഗങ്ങളില്‍ ശരീരത്തിന്റെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് സ്പര്‍ശന ശേഷി കൂടുതലായിരിക്കും.
ചര്‍മത്തിന്റെ
നിറം
മെലാനിന്‍ എന്ന വര്‍ണക പ്രോട്ടീനാണ് നമ്മുടെ ചര്‍മത്തിന് നിറം നല്‍കുന്നതെന്ന് പറഞ്ഞല്ലോ. ഓരോ മനുഷ്യരുടേയും ചര്‍മത്തിലെ നിറ വ്യത്യാസത്തിന് കാരണം ഓരോരുത്തരിലും ത്വക്കിന് നിറം നല്‍കുന്ന ജീനുകളുടെ പ്രവര്‍ത്തന വ്യത്യാസം മൂലം മെലാനിന്‍ ഉല്‍പ്പാദനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നതിനാലാണ്. സൂര്യനില്‍നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളുടെ പതന ഫലമായി നമ്മുടെ കോശങ്ങളിലുള്ള ഡി.എന്‍.എ തകരാറിലാകുകയും ചര്‍മം ഇരുണ്ടുതുടങ്ങുകയും ചെയ്യും. അള്‍ട്രാവയലറ്റിന്റെ പതന ശേഷി കൂടുന്നതിനുസരിച്ച് ചര്‍മത്തില്‍ മെലനോസൈറ്റിന്റെ എണ്ണവും കൂടും. അള്‍ട്രാവയലറ്റ് രശ്മികളുടെ പ്രതിപ്രവര്‍ത്തനം തടയാനായി ചര്‍മത്തില്‍ കൂടുതലായി മെലാനിന്‍ ഉല്‍്പ്പാദിപ്പിക്കും.
ഇതോടെ ശരീരത്തില്‍ മെലാനിന്റെ അളവിലുള്ള ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് മനുഷ്യരുടെ ചര്‍മത്തിലും നിറവ്യത്യാസമുണ്ടാകും. വര്‍ഷങ്ങളായി ഓരോ പ്രദേശത്തും ജീവിക്കുന്നവരുടെ ജീനുകളില്‍ ഇങ്ങനെയുള്ള വ്യത്യാസം സാധാരണമായതിനാല്‍ തന്നെ അവരുടെ ചര്‍മത്തിന് വ്യത്യസ്ത നിറമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."