എന്താണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്?,അറിയാം വിശദ വിവരങ്ങള്‍
കുറച്ചുദിവസങ്ങളായി വാര്‍ത്തകളില്‍ ഇടം പിടിച്ച സംഭവമാണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്. ഇതിനോടകം തന്നെ മലപ്പുറത്തും പാലക്കാടും കോഴിക്കോടുമായി സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് അടുത്തിടെ സമാന്തര ടെലിഫോണ്‍ എക്‌സേഞ്ച് റെയിഡ് ചെയ്തപ്പോള്‍ നൂറോളം സിമ്മുകളാണ് കണ്ടെത്തിയത്. ഇതില്‍ പകുതിയും വ്യാജമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
എന്താണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്.
ഇന്ത്യയില്‍ 1990 കളോടെയാണ് ടെലിഫോണ്‍ ഉപയോഗം വ്യാപകമായത്. ഒരോ കാലഘട്ടത്തിന് അനുസരിച്ച് വരുന്ന സാങ്കേതിക മാറ്റങ്ങള്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ വലിയ വ്യാവസായിക അടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ സമയം എടുക്കുന്നതിനുള്ളില്‍ ഇത് വിദഗ്ധമായി ഉപയോഗിച്ച് ലാഭമുണ്ടാക്കുന്ന രീതിയാണ് സമാന്തര ടെലിഫോണ്‍ എക്‌സേഞ്ചുകള്‍ നടപ്പിലാക്കുന്നത്.
ഇപ്പോള്‍ വിദേശത്ത് നിന്നും നമ്മുക്ക് ഒരു കോള്‍ വരുന്നത് ഇങ്ങനെയാണ്,
- അവിടുത്തെ ഒരു നമ്പറില്‍ നിന്നും കോള്‍ ചെയ്യുന്നു.
- ഇത് അവിടുത്തെ ഗേറ്റ് വേ വഴി ഒരു ഇന്റര്‍നാഷണല്‍ ഇന്റര്‍കണക്ട് ക്യാരിയര്‍ വഴി നമ്മുടെ രാജ്യത്തെ ഗേറ്റ് വേയില്‍ നിന്നും ഇവിടുത്തെ സെല്ലുലാല്‍ ഓപ്പറേറ്ററില്‍ എത്തുന്നു,
- പിന്നീട് ഈ കോള്‍ നിങ്ങളുടെ ഫോണില്‍ എത്തുന്നു. ഇതിനെ കോള്‍ ടെര്‍മിനേഷന്‍ എന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള വിദേശ കോളുകള്‍ സാധ്യമാകുന്നത് ടിഡിഎം ടെക്‌നോളജി പ്രവര്‍ത്തികമാക്കിയ പ്രത്യേക സര്‍ക്യൂട്ടുകള്‍ വഴിയാണ്. ഇതിന് വേണ്ടുന്ന ചാര്‍ജ് ടെലികോം ഓപ്പറേറ്റര്‍മാരും, ഇന്റര്‍നാഷണല്‍ ഇന്റര്‍കണക്ട് ക്യാരിയര്‍ എല്ലാം തമ്മില്‍ പങ്കുവയ്ക്കുന്നു.
ഇതില്‍ വിദേശ നെറ്റ്വര്‍ക്കിനെയും ഒരു ഇന്റര്‍നാഷണല്‍ ഇന്റര്‍കണക്ട് ക്യാരിയറിനെയും പൂര്‍ണ്ണമായും ഒഴിവാക്കി ഇന്റര്‍നെറ്റ് വഴി കോള്‍ സ്വീകരിച്ച് രാജ്യത്തെ ടെലികോം ഓപ്പറേറ്റര്‍ വഴിയുള്ള ലോക്കല്‍ കോളായി മാറ്റുന്നതാണ് ഈ സമാന്തര ടെലിഫോണ്‍ എക്‌സേഞ്ചിന്റെ പ്രവര്‍ത്തന രീതി. ഇതിലൂടെ സാമ്പത്തിക ലാഭം അടക്കം നിരവധി കാര്യങ്ങള്‍ ഇത് നടത്തുന്നവര്‍ മുന്‍കൂട്ടി കാണുന്നു.
പ്രവര്‍ത്തനം
ഇന്റര്‍നാഷണല്‍ ഇന്റര്‍കണക്ട് ക്യാരിയറെ ഒഴിവാക്കി ഇന്റര്‍നെറ്റ് വഴി കോള്‍ ബൈപ്പാസ് ചെയ്യുക എന്നതാണ് ലളിതമായി പറഞ്ഞാല്‍ ഇത്തരം സമാന്തര എക്‌സേഞ്ചുകളുടെ പ്രവര്‍ത്തനം.
നിരവധി സിമ്മുകള്‍ ഇടാന്‍ സാധിക്കുന്ന 'സിം ബോക്‌സ്' എന്ന ഉപകരണമാണ് ഇതിലെ പ്രധാന ഉപകരണം. ഈ സിം ബോക്‌സില്‍ ഏത് ഓപ്പറേറ്ററുടെയും സിം ഇടാന്‍ സാധിക്കും. ഇത് ഇന്റര്‍നെറ്റുമായി കണക്ട് ചെയ്യാനും സാധ്യമാണ്. ഇത്തരം അനധികൃത എക്‌സേഞ്ച് ഉപയോഗിക്കുന്നവര്‍ ആദ്യം ചെയ്യുക സിം ബോക്‌സിലെ ഏതെങ്കിലും സിമ്മിലേക്കാണ് വിളിക്കേണ്ടത്. അവിടെ കോള്‍ കണക്ട് ആയാല്‍ നിങ്ങളോട് വിദേശത്തെ നമ്പര്‍ ഡയല്‍ ചെയ്യാന്‍ ആവശ്യപ്പെടും. ഇതോടെ ഇന്റര്‍നെറ്റ് സഹായത്തോടെ നിങ്ങളുടെ കോള്‍ ഇന്റര്‍നെറ്റ് വഴി റൂട്ട് ചെയ്ത് വിദേശത്തെ ടെലികോം ഓപ്പറേറ്ററുടെ ഗേറ്റ് വേയില്‍ എത്തിക്കും. ഇതുവഴി സാധാരണ ലോക്കല്‍ കോള്‍ പോലെ വിദേശത്തേക്ക് കോള്‍ ചെയ്യാന്‍ സാധിക്കും.
ഇന്ത്യയില്‍ ഒരു വിഒഐപി കോള്‍ സാധാരണ ജിഎസ്എം കോളാക്കി മാറ്റുന്നത് നിയമവിരുദ്ധമാണ്. അതിനാല്‍ തന്നെ ഇത്തരം എക്‌സേഞ്ച് പ്രവര്‍ത്തനം നിയമവിരുദ്ധമാണ്. വലിയ ബാധ്യതയാണ് ഇത്തരം കോളുകള്‍ ടെലികോം കമ്പനികള്‍ക്ക് ഉണ്ടാക്കുന്നത് എന്ന് വ്യക്തം. മരിച്ചവരുടെ നമ്പറുകള്‍ അടക്കം ഇത്തരത്തില്‍ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും വലിയ വെല്ലുവിളി ഇത്തരം എക്‌സേഞ്ചുകള്‍ ഉണ്ടാക്കുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെയാണ്. രാജ്യത്തില്‍ ആഭ്യന്തരമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വിദേശത്ത് ബന്ധപ്പെടാന്‍ സുരക്ഷിതമാര്‍ഗ്ഗം ഇത്തരം എക്‌സേഞ്ചുകള്‍ ഒരുക്കുന്നു.പലപ്പോഴും നിരീക്ഷണ സംവിധാനങ്ങളെ വിദഗ്ധമായി കബളിപ്പിക്കാന്‍ അന്താരാഷ്ട്ര കോളുകള്‍ 'ലോക്കലാക്കി' മാറ്റുന്ന ഈ സംവിധാനത്തിന് സാധ്യമാകും. അതിനാല്‍ തന്നെ തീര്‍ത്തും ഗൗരവമായ കാര്യം തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."