ഫോര്‍ട്ട്‌കൊച്ചി കടപ്പുറം മനോഹരിയാകുന്നു
മട്ടാഞ്ചേരി: മാലിന്യം കുമിഞ്ഞ് കൂടി സൗന്ദര്യം നഷ്ടപ്പെട്ട ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്തെ മനോഹരിയാക്കാനുള്ള ജനകീയ കൂട്ടായ്മയുടെ ശ്രമം ഫലം കാണുന്നു. ക്ലീന്‍ കൊച്ചി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ജനമൈത്രി പൊലിസ്, പ്രദേശത്തെ ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, വഴിയോര കച്ചവടക്കാര്‍ എന്നിവരുടെ സഹകരണത്തോടെ കഴിഞ്ഞ ആഴ്ച ആരംഭിച്ച ജനകീയ ശുചീകരണമാണ് ഫോര്‍ട്ട്‌കൊച്ചിയുടെ നഷ്ടപ്പെട്ട മനോഹാരിത തിരികെ കൊണ്ട് വരുന്നതിന് സഹായകമാകുന്നത്.
എല്ലാ ശനിയാഴ്ചയും ഈ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കടപ്പുറം ശുചീകരിക്കാനാണ് പദ്ധതി. സാധാരണ രീതിയിലുള്ള ശുചീകരണത്തിന് പകരം സമഗ്രമായ ശുചീകരണമാണ് നടക്കുന്നത്. ഇതിനായി ചിലവ് വരുന്ന പണം പ്രദേശത്തെ ഹോട്ടല്‍, ഹോംസ്റ്റേ ഉടമകള്‍ നല്‍കുമ്പോള്‍ പൊലിസും വഴിയോര കച്ചവടക്കാരും അവരുടെ കായിക അദ്ധ്വാനം ഇതിനായി ചിലവിടുന്നു. രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉച്ച വരെ നീണ്ട് നില്‍ക്കും.
പോളപായലും, പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കുമിഞ്ഞ് കൂടിയ ഓരോ ഭാഗവും സമ്പൂര്‍ണ്ണമായി ശുചീകരിക്കുന്നത് മൂലം കൂടുതല്‍ ചവറുകള്‍ അടിയുന്നത് ഒഴിവാക്കാനാകും. മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയാന്‍ വഴിയോര കച്ചവടക്കാര്‍ക്ക് ബോധവല്‍ക്കരണം നല്‍കും.
സഞ്ചാരികള്‍ മാലിന്യങ്ങള്‍ അലക്ഷ്യമായി ഇടുന്നത് കണ്ടാല്‍ അവരെ അതില്‍ നിന്ന് വിലക്കി ബോധവല്‍ക്കരണം നല്‍കാന്‍ പ്രാപ്തരാക്കും. കൂടാതെ ടൂറിസം പൊലിസും ഇതിനായി രംഗത്തുണ്ടാകും. ഫോര്‍ട്ട്‌കൊച്ചിയിലെ സാജ് ഹോംസ്റ്റേ ഉടമ സാദിക്കാണ് ഇത്തരം ഒരു ആശയം കൊണ്ട് വന്നത്. പിന്നീട് അത് ടൂറിസം മേഖല ഏറ്റെടുക്കുകയായിരുന്നു. തുടക്കത്തില്‍ ഉണ്ടായതിനേക്കാല്‍ കൂടുതല്‍ ആളുകള്‍ രണ്ടാം ഘട്ടത്തില്‍ പങ്കെടുത്തുവെന്നത് പദ്ധതിയുടെ ജനകീയത വെളിവാക്കുന്നതാണ്.
മാലിന്യം നിക്ഷേപിക്കുന്നതിന് വേണ്ടത്ര സംവിധാനം ഫോര്‍ട്ട്‌കൊച്ചിയിലില്ലാത്തതും പ്രശ്‌നമായിരുന്നു.ഇ തിന് പരിഹാരമായി കടപ്പുറത്ത് വെയിസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്കും തുടക്കമായി. നഗരസഭയുടെ നേതൃത്വത്തില്‍ ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും പ്രത്യേകം നിക്ഷേപിക്കാവുന്ന തരത്തിലുള്ള ബിന്നുകളാണ് സ്ഥാപിച്ചിട്ടുള്ളത്. നാല്‍പ്പത് ബിന്നുകളില്‍ ആദ്യ ഘട്ടം പതിനാല് ബിന്നുകളാണ് സ്ഥാപിച്ചത്. നഗരസഭ ടൗണ്‍ പ്ലാനിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷൈനി മാത്യൂ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."