ഒരു അസാധാരണ അക്ഷരഗാഥ
നാലാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള, ജന്മനാ ശാരീരിക വൈകല്യമുള്ള ഒരു യുവാവിന്റെ അക്ഷരങ്ങളോടും സാഹിത്യത്തോടുമുള്ള തീവ്രമായ അഭിനിവേശത്തിന്റെ വിത്ത് മുളച്ചുവളര്‍ന്ന് ഒരു വലിയ പ്രസാധന പ്രസ്ഥാനമായി വികസിച്ചതിന്റെ ചരിത്രമാണ് 'ആമിനാ ബുക്ക്സ്റ്റാളി'ന്റെത്. മുക്കാല്‍ നൂറ്റാണ്ടു മുന്‍പു പ്രസാധകരുടെയും പുസ്തകവ്യവസായത്തിന്റെയും കച്ചവട മത്സരങ്ങള്‍ ആരംഭിക്കുന്നതിനു മുന്‍പു തെക്കെ മലബാറിന്റെ ഒരറ്റത്ത്, കൊച്ചിയിലേക്കുള്ള പ്രവേശനകവാടമായ ചാവക്കാട് ഏനാമാക്കല്‍ കടവിലെ ഒരു ചെറിയ ചായപ്പീടിക വരാന്തയിലാണ് ആമിനയുടെ ആരംഭം. കോമലത്ത് അഹ്മദ് ബുഖാരി മുസ്‌ലിയാരുടെ രണ്ടാമത്തെ പുത്രനായിരുന്ന കെ.ബി അബൂബക്കറാണ് ആമിനാ ബുക്സ്റ്റാളിനു തുടക്കം കുറിച്ചത്. പിതാവ് ചായപ്പൊടി കച്ചവടവുമായി ബന്ധപ്പെട്ട് വിവിധ ദേശങ്ങളില്‍ സഞ്ചരിക്കേണ്ടി വന്നപ്പോള്‍ ധാരാളം മാപ്പിളപ്പാട്ടു കൃതികള്‍ ശേഖരിക്കുകയും അവ ഏനാമാക്കല്‍ കടവിലെ ചായപ്പീടികയുടെ അലമാരയില്‍ സൂക്ഷിച്ചു വയ്ക്കുകയും ചെയ്തു.
കെ.ബി അബൂബക്കര്‍ എന്ന കൗമാരം കടന്ന കുട്ടി അതെല്ലാമെടുത്തു വായിച്ചു. രണ്ടു മുറുക്കാന്‍ കടകളും ഒരു ചായപ്പീടികയുമുള്ള ചെറിയൊരു അങ്ങാടിയായിരുന്നു ഏനാമാക്കല്‍ കടവ്. കടത്തു കടന്ന് കൊച്ചിയിലേക്കു പോകാന്‍ വരുന്നവരും മലബാറിലേക്കു വരുന്നവരും ഇടത്താവളമാക്കിയ ആ ചായക്കടയില്‍ അങ്ങനെ ഒരു പുസ്തകശേഖരം രൂപപ്പെട്ടു. യാത്രക്കാര്‍ അവയില്‍ ചിലതെല്ലാം മറിച്ചു നോക്കുകയും ചിലര്‍ വിലക്കു ചോദിക്കുകയും ചെയ്തപ്പോള്‍ എന്തുകൊണ്ട് ഒരു പുസ്തക വില്‍പനശാല തുടങ്ങിക്കൂടാ എന്ന ചിന്തയായി. അങ്ങനെ 1948 ഡിസംബര്‍ 29-ാംതിയതി ആമിനാ ബുക്ക്സ്റ്റാള്‍, ഏനാമാക്കല്‍, സൗത്ത് മലബാര്‍ എന്ന പുസ്തകശാല ആരംഭിച്ചു. അബൂബക്കര്‍ സാഹിബിന്റെ മാതാവിന്റെ പേരാണ് ബുക്ക്സ്റ്റാളിന് നല്‍കിയത്.
ഇതിനിടയില്‍ മോയിന്‍കുട്ടി വൈദ്യര്‍ കൃതികള്‍ ഉള്‍പ്പടെയുള്ള വിപുലമായ ഇസ്‌ലാമിക സാഹിത്യങ്ങളിലൂടെ കെ.ബി അബൂബക്കര്‍ സഞ്ചരിച്ചു കഴിഞ്ഞിരുന്നു. ഈ വായനയുടെ ഫലമെന്നോണം 'ബദര്‍വിജയം' എന്ന ഒരു കൃതിയും എഴുതിയുണ്ടാക്കി. അതച്ചടിക്കാന്‍ ഒരു പ്രസാധകനെ അന്വേഷിച്ച് മലബാറിലും കൊച്ചിയിലുമായി മൂന്നുവര്‍ഷം സഞ്ചരിച്ചെങ്കിലും ആരും തയാറായില്ല. അതു സ്വന്തമായി അച്ചടിച്ചിറക്കാന്‍ തീരുമാനിച്ചു. 1951 ഫെബ്രുവരി രണ്ടില്‍ 'ബദര്‍വിജയ'ത്തിന്റെ ആദ്യപ്രതി 1000 കോപ്പികള്‍ പുറത്തിറങ്ങി. 1953ല്‍ രണ്ടാം പതിപ്പും. മൊത്തം ഒന്‍പതു പതിപ്പുകള്‍ ഈ കൃതിക്കുണ്ടായി. ഇതിനിടയില്‍ 1952ല്‍ കെ.ബി അബൂബക്കറിന്റെ രണ്ടാമത്തെ കൃതി 'ഉഹദിലെ പരാജയം' പുറത്തുവന്നു.
കെ.ബി അബൂബക്കറും പിതാവും പല സ്ഥലങ്ങളിലും സഞ്ചരിച്ചാണ് പുസ്തകങ്ങള്‍ വില്‍പന നടത്തിയത്.
രണ്ടു പുസ്തകങ്ങള്‍ വന്നതോടെ 'ആമിനാ ബുക്ക്സ്റ്റാള്‍' ജനശ്രദ്ധയിലേക്കു കടന്നുചെന്നു. അന്ന് നിലവിലുണ്ടായിരുന്ന പ്രധാന മുസ്‌ലിം പ്രസാധകര്‍ പൊന്നാനിയിലെ ഹാജി യു.എം അബ്ദുല്ല ആന്‍ഡ് കമ്പനി, തലശ്ശേരിയിലെ ജിന്നാ ബുക്ക്സ്റ്റാള്‍, കണ്ണൂരിലെ എ മുഹമ്മദ് സാഹിബ് ആന്‍ഡ് കമ്പനി, തിരുവനന്തപുരം കരമനയിലെ അല്‍ ഇസ്‌ലാം പബ്ലിഷിങ് ഹൗസ്, പുനലൂരിലെ ക്രസന്റ് പബ്ലിക്കേഷന്‍സ്, ഇടവായിലെ സി.എം.എസ് പ്രസ് എന്നിവയായിരുന്നു. ഇവയൊക്കെ മാലപ്പാട്ടുകള്‍ മുതലായ ഇസ്‌ലാമിക സാഹിത്യങ്ങളാണ് അച്ചടിച്ചത്. തിരൂരങ്ങാടിയില്‍നിന്ന് മുസ്വ്ഹഫുകളും അച്ചടിച്ചിരുന്നു. അച്ചടിയില്‍ അബദ്ധങ്ങള്‍ വരുമെന്ന് ഭയന്ന് ഖുര്‍ആന്‍ അച്ചടിക്കാതിരുന്ന പ്രസാധകരായിരുന്നു പൊന്നാനിയിലെ ഹാജി യു.എം അബ്ദുല്ല ആന്‍ഡ് കമ്പനി.
1952ല്‍ പുറത്തിറക്കിയ 'ഉഹദിലെ പരാജയം' വലിയ വിമര്‍ശനങ്ങള്‍ വരുത്തിവച്ചു. ഇസ്‌ലാമിക ചരിത്രത്തെ വികലമാക്കുന്നു ആ കൃതി എന്ന ആരോപണം നേരിട്ടു. പ്രമുഖ പണ്ഡിതന്മാരുടെയും ചരിത്രകാരന്മാരുടെയും കൃതികള്‍ പ്രസിദ്ധീകരിക്കാനുള്ള തീരുമാനങ്ങളിലെത്തിച്ചത് ആ വിമര്‍ശനങ്ങളായിരുന്നു. അങ്ങനെയാണ് ഹൈദരാബാദില്‍ ജീവിച്ചിരുന്ന എഴുത്തുകാരനും പണ്ഡിതനുമായ അബ്ദുല്‍ഖാദര്‍ ഖാരിയെ ക്ഷണിച്ചു വരുത്തി ചാവക്കാട് ഏനാമാക്കലില്‍ താമസിപ്പിച്ച് ഗ്രന്ഥങ്ങള്‍ എഴുതിക്കുന്നത്. കൂടാതെ സമീപ നാട്ടുകാരായ പി.കെ കുഞ്ഞുബാവ മുസ്‌ലിയാര്‍, എം.വി കുഞ്ഞഹമദ് മുസ്‌ലിയാര്‍ തുടങ്ങിയ പണ്ഡിതന്മാര്‍ ഉള്‍പ്പടെ കേരളത്തിലെ വിവിധ എഴുത്തുകാരുമായും പണ്ഡിതന്മാരുമായും 'ആമിന' ബന്ധം തുടങ്ങിവയ്ക്കുന്നത് 1952 മുതല്‍ക്കാണ്. തൃശ്ശൂര്‍ ടൗണില്‍ പുത്തന്‍ പള്ളിക്ക് സമീപമുണ്ടായിരുന്ന ഈനാശുവിന്റെ 'സുജനഭൂഷണം' പ്രസിലാണ് അന്ന് പുസ്തകങ്ങള്‍ അച്ചടിച്ചിരുന്നത്. ബൈന്‍ഡിങ് മുതലായ ജോലികള്‍ സ്വന്തം വീട്ടുവരാന്തയിലിരുന്ന് കുടുംബാംഗങ്ങള്‍ ഒന്നിച്ചാണു ചെയ്തത്.
ഖാരി എന്ന പ്രതിഭ
അബ്ദുല്‍ ഖാദിര്‍ ഖാരി എന്ന ബഹുഭാഷാ പണ്ഡിതനായ എഴുത്തുകാരനുമായി 'ആമിന'യുടെ സാരഥി ബന്ധപ്പെടുന്നത് ഹൈദരാബാദില്‍ താമസിച്ചിരുന്ന നാട്ടുകാരനായ ഒരു വ്യക്തിയിലൂടെയാണ്. 1953 മുതല്‍ 1956ന്റെ അവസാനം വരെയുള്ള കാലത്ത് ഖാരി സാഹിബ് തൃശ്ശൂര്‍ ചാവക്കാട് പാടൂര്‍ എന്ന സ്ഥലത്ത് താമസിച്ചു 'ആമിന'ക്കു വേണ്ടി എഴുതിക്കൊണ്ടിരുന്നു. അറബി, ഉര്‍ദു, പേര്‍ഷ്യന്‍, ഇംഗ്ലീഷ്, തെലുഗ്, മലയാളം, തമിഴ് ഭാഷകള്‍ ഒരുപോലെ കൈകാര്യം ചെയ്തിരുന്ന പണ്ഡിതനാണദ്ദേഹം. ഖുര്‍ആന്‍ മുഴുവന്‍ മനപ്പാഠമായിരുന്ന ഖാരിസാഹിബിന്റെ ബിരുദം ഖുര്‍ആന്‍ പഠനവുമായി ബന്ധപ്പെട്ട 'ഖാരി'എന്നതാണ്. ഉറുദുവിലെ 'തര്‍ജുമാന്‍', 'മജ്‌ലിസ് ', 'തഅ്‌ലീം' തുടങ്ങിയ ആനുകാലികങ്ങളില്‍ ആയിരക്കണക്കിന് കഥകളും ലേഖനങ്ങളും എഴുതിയിരുന്നു. ഉര്‍ദു ഭാഷയില്‍ വന്നിട്ടുള്ള അദ്ദേഹത്തിന്റെ കൃതികള്‍ 'ഉന്‍വാനെ ശാഹിര്‍, ദില്‍ബാര്‍ ദൊ യഖീന്‍, ഖസ്വസുല്‍ കിറാം, ഖസാവതുല്‍ ഖുലൂബ്, താരീഖെ ഖദീം' എന്നിവയാണ്.
ചരിത്രനോവലുകളായിരുന്നു ഖാരി സാഹിബിന്റെ സവിശേഷ മേഖല. 'അമീര്‍ ഹംസ, രാജ്ഞി സഫീരിയ്യ, ഹാത്വിം താഇ, ലോകാവസ്ഥ, തത്ത പറഞ്ഞ കഥകള്‍, ഇബ്‌ലീസിന്റെ ഡയറി, ഹസ്രത്ത് ഖാലിദ്, ഹസ്‌റത്ത് ബിലാല്‍, ധീരവനിത അഥവാ ശാം വിജയം (മൂന്ന് ഭാഗങ്ങള്‍), ചെങ്കോട്ടയിലെ ബഹ്‌റാം, സ്‌പെയിന്‍ കഥകള്‍, ഹസ്‌റത്ത് അബൂബക്കര്‍, ഹസ്‌റത്ത് ഉസ്മാന്‍, ഹസ്‌റത്ത് അലി, തമാശരാമന്‍, ജമീല്‍, പ്രേമവിജയം അഥവാ ഖന്തക് യുദ്ധം, യുവ സ്വാഹാബികള്‍' എന്നിവയാണ് 'ആമിന' പ്രസിദ്ധീകരിച്ച ഖാരി സാഹിബിന്റെ മലയാള കൃതികള്‍. 1957 ഒക്‌ടോബറില്‍ നിര്‍മലഗിരിയില്‍ വച്ച് അന്തരിച്ച ഖാരി സാഹിബിന്റെ അന്ത്യ വിശ്രമം അവിടത്തെ ശെയ്ഖ് സാഹിബ് പള്ളി ഖബര്‍സ്ഥാനിലാണ്. അസാധാരണനായ ഈ പ്രതിഭയുടെ ജീവചരിത്രം തയാറാക്കാനുള്ള ചുമതല 'ആമിന'യുടെ സാരഥി കെ.ബി അബൂബക്കര്‍ ഏല്‍പ്പിച്ചിരുന്നത് പാടൂരിലെ കുഞ്ഞുബാവ മുസ്‌ലിയാരെയാണ്. എന്നാല്‍ ആ ജീവചരിത്രം എഴുതപ്പെടുകയുണ്ടായില്ല.
പ്രധാന കൃതികള്‍
1958ലാണ് 'ആമിന ബുക്സ്റ്റാള്‍' തൃശ്ശൂരിലെ പോസ്റ്റോഫിസ് റോഡില്‍ ചെട്ടിയങ്ങാടി ഹനഫി ജുമാ മസ്ജിദിനു മുന്നിലേക്ക് മാറ്റുന്നത്. അന്ന് തൃശ്ശൂര്‍ പട്ടണത്തിലുണ്ടായിരുന്ന രണ്ടു മസ്ജിദുകളിലൊന്നാണ് ചെട്ടിയങ്ങാടി മസ്ജിദ്. 1948 മുതല്‍ 1958 വരെയുള്ള 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ 1200ല്‍ അധികം പുസ്തകങ്ങള്‍ ആമിന പുറത്തിറക്കിക്കഴിഞ്ഞിരുന്നു. 1958ല്‍ തൃശ്ശൂരിലെത്തിയ ശേഷം ആമിന പ്രിന്റേഴ്‌സ് സ്ഥാപിതമായതോടെ പുസ്തകങ്ങളുടെ എണ്ണം കൂടി. എന്നാല്‍ ആദ്യ 10 വര്‍ഷങ്ങളില്‍ തന്നെ വൈവിധ്യങ്ങള്‍ നിറഞ്ഞതായിരുന്നു 'ആമിന'യുടെ പുസ്തകസഞ്ചയം. മാപ്പിളപ്പാട്ടിലും ഇസ്‌ലാമിക സാഹിത്യത്തിലും മാത്രം ഒതുങ്ങിനില്‍ക്കാതെ സാഹിത്യത്തിന്റെ വിവിധ തലങ്ങളിലേക്ക് ആ കാലത്തു തന്നെ 'ആമിന' കടന്നുചെന്നിരുന്നു.
പുസ്തകങ്ങളുടെ വിവരണങ്ങള്‍ അടങ്ങിയ വിശദമായ കാറ്റലോഗ് പുറത്തിറക്കുന്ന ശീലം ആദ്യ വര്‍ഷങ്ങളില്‍ തന്നെ ആമിനക്കുണ്ടായിരുന്നു. 1956 ജനുവരിയില്‍ പ്രസിദ്ധീകരിച്ച കാറ്റലോഗില്‍ 53 പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്. അവയില്‍ നോവലുകളും കഥാസമാഹാരങ്ങളും നാടകങ്ങളും ഉള്‍പ്പെടുന്നു. 'ആമിന'യുടെ പുസ്തകങ്ങളെ കുറിച്ച് മാതൃഭൂമി ആഴ്ചപതിപ്പ്, നവയുഗം, ചിന്തകന്‍, പൂമാല, ഗ്രാമീണന്‍, അല്‍ഇത്തിഹാദ് എന്നിങ്ങനെ അക്കാലത്തെ ആനുകാലികങ്ങളില്‍ 1953 മുതല്‍ക്കു വന്ന പരിചയക്കുറിപ്പുകളിലെ പ്രസക്തഭാഗങ്ങള്‍ ആ കാറ്റലോഗില്‍ എടുത്തു ചേര്‍ത്തിട്ടുള്ളത് ശ്രദ്ധേയമാണ്.
മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍, എം.ടിയുടെ സഹോദരന്‍ എം.ടി.എന്‍ നായര്‍, പി. ഉബൈദ്, സി.പി ശ്രീധരന്‍, പൊന്‍കുന്നം വര്‍ക്കി, കേശവദേവ് തുടങ്ങിയവരൊക്കെ തൃശ്ശൂര്‍ ഏനാമാക്കല്‍ കടവില്‍ ആമിന ബുക്സ്റ്റാള്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തേ അവിടത്തെ സന്ദര്‍ശകരായിരുന്നു. കൊച്ചിയിലേക്കുള്ള യാത്രക്കിടയില്‍ പി. കുഞ്ഞിരാമന്‍ നായര്‍ ഏറെ സമയം അവിടെ ചെലവഴിച്ചിരുന്നു.
1958നു ശേഷം 2000 വരെയുള്ള വര്‍ഷങ്ങളിലായി 6,620 ടൈറ്റിലുകളാണ് ആമിന പുസ്തകങ്ങള്‍ പുറത്തിറക്കിയത്. ഇവയില്‍ മാപ്പിളപ്പാട്ടുകള്‍, മതഗ്രന്ഥവിവര്‍ത്തനങ്ങള്‍, ചരിത്രനോവലുകള്‍, നാടകങ്ങള്‍, ചെറുകഥാ സമാഹാരങ്ങള്‍, മികച്ച നോവലുകള്‍, തികവുറ്റ കവിതകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. പുസ്തകങ്ങള്‍ക്കു മുകളില്‍ ഇടതു ഭാഗത്തായി പുസ്തകങ്ങളുടെ പേര് അച്ചടിക്കുന്ന സമ്പ്രദായവും നാലാമത്തെയോ ആറാമത്തെയോ പേജില്‍ പുസ്തകവിശദാംശങ്ങള്‍ ഇംഗ്ലീഷില്‍ സൂചിപ്പിക്കുന്ന രീതിയും മലയാളത്തില്‍ ആദ്യമായി തുടങ്ങിയത് 'ആമിന ബുക്ക്സ്റ്റാള്‍' ആണ്.
പ്രീ പബ്ലിക്കേഷന്‍ എന്ന ആശയം 'ആമിന ബുക്സ്റ്റാള്‍' സാരഥി കെ.ബി അബൂബക്കറില്‍ നിന്നാണ് നാഷനല്‍ ബുക്സ്റ്റാളിന്റെ ചുമതലക്കാരനായിരുന്ന ഡി.സി കിഴക്കേമുറിക്ക് ലഭിച്ചത്. തൃശ്ശൂരില്‍ വരുമ്പോള്‍ പോസ്റ്റോഫിസ് റോഡിലെ 'ആമിന ബുക്സ്റ്റാളി'ലെ സന്ദര്‍ശകനായിരുന്നു ഡി.സി കിഴക്കേമുറി. 'ശബ്ദ താരാവലി'യുടെ പ്രസിദ്ധീകരണത്തിന് പണം കണ്ടെത്താന്‍ എന്‍.ബി.എസ് ആണ് കേരളത്തില്‍ ആദ്യമായി പ്രീ പബ്ലിക്കേഷന്‍ രീതി കൊണ്ടുവന്നത്. ആമിന ബുക്സ്റ്റാള്‍ 1977ല്‍ 'ഫത്ഹുല്‍മുഈന്‍ പരിഭാഷ'ഇറക്കിയപ്പോള്‍ പ്രീ പബ്ലിക്കേഷന്‍ കൊണ്ടുവന്നതോടെ ആദ്യമായി പ്രീ പബ്ലിക്കേഷന്‍ സമ്പ്രദായം നടപ്പാക്കിയ മലയാളത്തിലെ മുസ്‌ലിം പ്രസാധകര്‍ എന്ന പദവി 'ആമിന'ക്കു കിട്ടി.
വിവര്‍ത്തനകൃതികള്‍ അധികം അച്ചടിക്കപ്പെട്ടിട്ടില്ലാത്ത കാലത്താണ് മോപ്പസാങ്ങിന്റെ 'ഒരു ചുംബനത്തിന്റെ കഥ' അനുജന്‍ തിരുവാങ്കുളത്തിന്റെ വിവര്‍ത്തനത്തിലും സ്റ്റെഫാന്‍ത് സൈ്വഗിന്റെ ജര്‍മന്‍ ഭാഷയിലുള്ള നീണ്ട കഥ 'കണ്ണുകള്‍' എന്ന പേരിലും ആമിന പുറത്തിറക്കിയത്. 1970-75 കാലയളവില്‍ കാനം ഇ.ജെയുടെ അഞ്ചു നോവലുകളും ഉറൂബിന്റെ 'വസന്തയുടെ അമ്മ', യു.എ ഖാദറിന്റെ 'ഇണയുടെ വേദാന്തം', മുട്ടത്തു വര്‍ക്കിയുടെ 'ലോറാ നീ എവിടെ', വല്ലച്ചിറ മാധവന്റെ 'അഭിസാരിക', നെടുമുടി ഗോപകുമാറിന്റെ 'അഭിപ്ലവം' എന്നീ നോവലുകളും 'ആമിന' പുറത്തിറക്കി.
എന്‍.വി കൃഷ്ണ വാരിയരും ഡോ. സുതാംശു ചതുര്‍വേദിയും ചേര്‍ന്ന് തയാറാക്കിയ ആറു ഭാഗങ്ങളുള്ള 'മലയാളം-മലയാളം നിഘണ്ടു' 1972ല്‍ 'ആമിന' പുറത്തിറക്കുമ്പോള്‍ അതിന് മുന്‍പ് മലയാള ഭാഷയില്‍ അത്തരമൊന്ന് ഉണ്ടായിരുന്നില്ല. ജി. ശങ്കരക്കുറുപ്പിന്റെ ഏറ്റവും ഉജ്ജ്വലമായ ഗദ്യസാഹിത്യകൃതി അച്ചടിക്കാന്‍ ഭാഗ്യം ലഭിച്ചത് 'ആമിന'ക്കാണ്. 1969ല്‍ പുറത്തിറക്കിയ 'ഉമര്‍ ഖയ്യാമും മറ്റു കവിതകളും' ആണ് ആ കൃതി. ഉമര്‍ഖയ്യാം, അബുല്‍ അഅ്‌ലാ അല്‍മഅര്‍രി, ഫിര്‍ദൗസി, ജാമി, സഅദി, ഹാത്വിഫി, മൗസി, ഹാഫിസ്, ഫരീദുദ്ദീന്‍ അത്വാര്‍, നിസാമി, അസ്സൈദി എന്നിവരുടെ തിരഞ്ഞെടുത്ത കവിതകളെ നിരൂപണം ചെയ്യുന്ന ഇത്തരം ഒരു കൃതി മലയാളഭാഷയില്‍ വേറെ വന്നിട്ടില്ല. ജി യുടേതായി ഇത്ര ഗഹനമായ മറ്റൊരു പഠനവും ഉണ്ടായിട്ടില്ല. മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ 'മലനാടിന്റെ മഹാസന്ദേശം' എന്ന കൃതി 'ആമിന'യാണ് പുറത്തിറക്കിയത്.
ഒ.വി വിജയന്റെ 'ഉച്ചകോടിയില്‍'എന്ന കഥാസമാഹാരം ആദ്യമായി അച്ചടിച്ചത് 'ആമിന'യാണ്. 1,000 കോപ്പികള്‍ അച്ചടിച്ച ഈ കഥാസമാഹാരത്തിന്റെ അവകാശം പിന്നീട് ഡി.സിക്ക് ലഭിച്ചു. സാറാജോസഫിന്റെ ആദ്യനോവലായ 'അകലെ അരികെ' 1978ല്‍ പുറത്തിറക്കി. 'അരുമ'എന്ന നോവലും പിന്നീട് 'ആമിന' തന്നെയാണ് പ്രസിദ്ധീകരിച്ചത്. അവരുടെ തന്നെ 'ആറു ബാലകഥകള്‍,' 'പുഷ്പാലംകൃതമായ വീട്'
എന്നീ കഥാ സമാഹാരങ്ങളും 'ആമിന'യാണു പ്രസിദ്ധീകരിച്ചത്. 'ആമിന'യുടെ പുസ്തകങ്ങളില്‍ ഏറ്റവും ചെറുത് ചാവക്കാട്ടുകാരനായ കുന്നത്തുള്ളി രാജന്‍ എഴുതിയ 'വാഴക്കുല' എന്ന കൊച്ചു കവിതാ സമാഹാരമാണ്.
1977ലാണ് ആമിന 'ഫത്ഹുല്‍ മുഈന്‍ പരിഭാഷ' പുറത്തിറക്കുന്നത്. ആദ്യമായി പ്രീപബ്ലിക്കേഷനോടെ പുറത്തിറക്കിയ ഒരു ഇസ്‌ലാമിക പ്രസിദ്ധീകരണമായിരുന്നു അത്. ആദ്യപ്രതി അച്ചടിച്ചുതീരും മുന്‍പേ മുഴുവന്‍ കോപ്പികളും മുന്‍കൂറായി വിറ്റുതീര്‍ന്ന് രണ്ടാമത്തെ എഡിഷന്‍ അച്ചടിക്കാനാരംഭിച്ചു. പാടൂര്‍ പി.കെ കുഞ്ഞുബാവ മുസ്‌ലിയാര്‍ ആയിരുന്നു വിവര്‍ത്തകന്‍. പത്രങ്ങള്‍ അച്ചടിക്കുന്ന ന്യൂസ് പ്രിന്റിനു പകരം മികച്ച വൈറ്റ് ന്യൂസ്പ്രിന്റിലാണ് ആമിന അതിന്റെ പുസ്തകങ്ങള്‍ അച്ചടിച്ചിറക്കിയത്. മലയാള ഭാഷയിലെ ഒരിസ്‌ലാമിക പ്രസിദ്ധീകരണത്തിന് കേരള സാഹിത്യ അക്കാദമി പാരിതോഷികം നല്‍കി ആദരിച്ചത് ഫത്ഹുല്‍ മുഈന്‍ പരിഭാഷക്കാണ്.
1977 മുതല്‍ 1987 വരെയുള്ള പത്തുവര്‍ഷങ്ങള്‍ക്കുളളില്‍ പുറത്തിറങ്ങിയ 'ഇഹ്‌യാ ഉലൂമുദ്ദീന്‍ പരിഭാഷ' ആമിനയുടെ ചരിത്രത്തിലെ അസാധാരണ സംഭവമാണ്. പാടൂരിലെ എം.വി കുഞ്ഞഹമ്മദ് മുസ്‌ലിയാരാണ് വിവര്‍ത്തകന്‍. ബാഖിയാതുസ്സ്വാലിഹാത്ത് വേലൂര്‍, ദയൂബന്ദ് ദാറുല്‍ ഉലൂം എന്നിവിടങ്ങളില്‍ നിന്ന് ഉന്നതമായ നിലയില്‍ ബിരുദം നേടിയ പണ്ഡിതനായിരുന്നു അദ്ദേഹം. പദാനുപദ വിവര്‍ത്തന രീതിയാണ് അദ്ദേഹം അവലംബിച്ചത്. 'ആമിന' പുറത്തിറക്കിയ ഗ്രന്ഥങ്ങളില്‍ ഏറ്റവും ബൃഹത്തായത് ഇഹ്‌യാ പരിഭാഷയാണ്. 40 ഭാഗങ്ങളായി പുറത്തിറക്കാന്‍ ഉദ്ദേശിച്ചത് 36ല്‍ അവസാനിപ്പിക്കേണ്ടി വന്നു. 37-ാം ഭാഗം മൊത്തം പൂര്‍വഭാഗങ്ങളുടെ ഉള്ളടക്ക വിവരങ്ങള്‍ ചേര്‍ത്ത് പ്രസിദ്ധീകരിച്ചു. ഈ 37 ഭാഗങ്ങള്‍ 2001ല്‍ ആറു വലിയ വാള്യങ്ങളിലായി പുനപ്രസിദ്ധീകരിച്ചു. ആമിന ബുക്ക്സ്റ്റാള്‍ സാമ്പത്തിക പ്രതിസന്ധികാരണം പൂട്ടുന്നതിനു മുന്‍പ് അവസാനം പ്രസിദ്ധീകരിച്ച കൃതി ഇതാണ്.
1951-76 കാലയളവില്‍ 400 മാപ്പിളപ്പാട്ടു കൃതികളാണ് 'ആമിന' ഇറക്കിയത്. മെഹര്‍ എന്ന തൂലികാനാമത്തില്‍ എഴുതിയ പി.എസ്.കെ തങ്ങള്‍, പ്രൊഫ. കൃഷ്ണകുമാര്‍, താമറ്റാട്ട് ഗോവിന്ദമേനോന്‍, പി. മുഹമ്മദ് മാസ്റ്റര്‍ എന്നിങ്ങനെ ആയിരത്തോളം മാപ്പിളപ്പാട്ട് എഴുത്തുകാരെ ആമിന രംഗത്തിറക്കുകയുണ്ടായി.
'ആമിന' പുറത്തിറക്കിയ ഗ്രന്ഥങ്ങളിലെ ശ്രദ്ധേയമായ സംരംഭമാണ് എട്ടുഭാഗങ്ങളുള്ള മുഗള്‍ ചരിത്ര പരമ്പര. 1990-1991 ഘട്ടത്തിലാണ് ഈ പരമ്പര 'ആമിന' രംഗത്തിറക്കിയത്. ബാബരി മസ്ജിദ് -രാമജന്മ ഭൂമി വിവാദം കത്തിനിന്ന ഘട്ടമായിരുന്നുവല്ലോ അത്. 'ബാബര്‍, ഹുമയൂണ്‍, അക്ബര്‍, ജഹാംഗീര്‍, ഷാജഹാന്‍, ഔറംഗസീബ്, മുഗള്‍ ഭരണത്തിന്റെ അന്ത്യം, മുഗള്‍ ഭരണം' എന്നിവയാണ് എട്ടു കൃതികള്‍. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ഉദ്യോഗസ്ഥനായിരുന്ന കെ.പി ബാലചന്ദ്രനായിരുന്നു ഗ്രന്ഥകര്‍ത്താവ്. 'വ്യാസമഹാഭാരത സംഗ്രഹം'എന്ന സവിശേഷ കൃതിയുടെ കര്‍ത്താവായിരുന്നു ബാലചന്ദ്രന്‍. കെ.ബി അബൂബക്കറിന്റെ സാഹിത്യഗുരുവായിരുന്ന ചാവക്കാട് ഏനാമാക്കല്‍ മണലൂര്‍ പാലാഴിയിലെ വിദ്വാന്‍ കെ. പ്രകാശത്തിന്റെ മകനായിരുന്നു കെ.പി ബാലചന്ദ്രന്‍. വ്യാസമഹാഭാരതം മലയാളഭാഷയില്‍ 40 ഭാഗങ്ങളായി വിവര്‍ത്തനം ചെയ്ത അപാര പ്രതിഭയായിരുന്നു കെ.പി ബാലചന്ദ്രന്റെ പിതാവ് വിദ്വാന്‍ കെ. പ്രകാശം.
കോഴിക്കോട് ശാഖ
1967ലാണ് ആമിന ബുക്സ്റ്റാള്‍ കോഴിക്കോട് മൊയ്തീന്‍ പള്ളിക്കു സമീപം ശാഖ ആരംഭിച്ചത്. അതിനു ശേഷം പല വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അല്‍ അമാന്‍, അല്‍ഹുദ, അയ്യൂബി, കിതാബ് മഹല്‍ തുടങ്ങിയ പ്രസാധകര്‍ മൊയ്തീന്‍ പള്ളിപ്പരിസരത്ത് എത്തുന്നത്. കെ.ബി അബൂബക്കറിന്റെ സഹോദരന്‍ കെ.ബി ഉമറിനായിരുന്നു ചുമതല. സി.എച്ച് മുഹമ്മദ്‌കോയ, ഒ. അബുസാഹിബ്, ടി. ഉബൈദ്, പി.എ സെയ്ത് മുഹമ്മദ്, പുതൂര്‍ ഉണ്ണികൃഷ്ണന്‍, സി. രാധാകൃഷ്ണന്‍, സി.പി ശ്രീധരന്‍ എന്നിവരൊക്കെ കെ.ബി ഉമ്മറിന്റെ അടുത്ത സുഹൃത്തുക്കളും കോഴിക്കോട് 'ആമിന'യിലെ സന്ദര്‍ശകരുമായിരുന്നു. എസ്.കെ പൊറ്റക്കാട്, യു.എ ഖാദര്‍, എന്‍.പി മുഹമ്മദ്, തിക്കോടിയന്‍, ഐ.വി ശശി, ടി. ദാമോദരന്‍ തുടങ്ങിയ കോഴിക്കോട്ടെ പല പ്രമുഖരും മൊയ്തീന്‍ പള്ളിക്കടുത്തുണ്ടായിരുന്ന 'ആമിന'യില്‍ വന്നു പോയിരുന്നവരാണ്. കോഴിക്കോട് 'ആമിന' പിന്നീട് മാവൂര്‍ റോഡിലേക്ക് മാറിയെങ്കിലും 2000 ആയപ്പോഴേക്കും പൂട്ടേണ്ടിവന്നു.
'വിജയദീപം' മാസിക
1969 ഓഗസ്റ്റ് മുതല്‍ 1974 സെപ്റ്റംബര്‍ വരെ 'ആമിനബുക്ക്സ്റ്റാളി'ന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന മാസികയാണ് 'വിജയദീപം.' കെ.ബി അബൂബക്കര്‍ എഡിറ്ററും കെ.ബി ഉമ്മര്‍ പബ്ലിഷറുമായിരുന്നു. മലയാളത്തിലെ എണ്ണപ്പെട്ട എഴുത്തുകാരെല്ലാം അക്കാലത്ത് 'വിജയദീപ'ത്തിലെ സ്ഥിരം എഴുത്തുകാരായിരുന്നു. പുത്തേഴത്ത് രാമമേനോന്‍, പ്രൊഫ. സയ്യിദ് മുഹ്‌യിദ്ദീന്‍ ഷാ, കെ.ബി അബൂബക്കര്‍, ടി.എന്‍ ജയചന്ദ്രന്‍, ഡോ. എ.എന്‍.പി ഉമ്മര്‍കുട്ടി, പി.എ സെയ്തുമുഹമ്മദ്, സി. കൃഷ്ണന്‍ നായര്‍, പെരുമ്പടവം ശ്രീധരന്‍, പ്രൊഫ. പി. കൃഷ്ണകുമാര്‍ എന്നിവരൊക്കെയാണു പ്രഥമ ലക്കത്തിലെ എഴുത്തുകാര്‍. സി. രാധാകൃഷ്ണന്‍, വിജയലക്ഷ്മി, സാറാ ജോസഫ് എന്നിങ്ങനെ പലരും 'വിജയദീപ'ത്തിലെ എഴുത്തുകാരായിരുന്നു.
'വിജയദീപ'ത്തിന്റെ 1970 ജൂലൈ ലക്കത്തില്‍ 21-28 പേജുകളില്‍ 'സമസ്ത' പ്രസിഡന്റായിരുന്ന കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ സുദീര്‍ഘമായ ലേഖനം വന്നിരുന്നു. അദ്ദേഹം 'വിജയദീപ'ത്തിന്റെ വായനക്കാരനും എഴുത്തുകാരനുമായിരുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം പുറത്തിറക്കിയ 'വിശ്വവിജ്ഞാനകോശത്തില്‍' അറബി ഭാഷയെ കുറിച്ചു വന്ന ലേഖനത്തിലെ അബദ്ധങ്ങള്‍ വിശദീകരിച്ചായിരുന്നു കണ്ണിയത്തിന്റെ സുദീര്‍ഘ ലേഖനം. 'കോശത്തിലെ കോട്ടങ്ങള്‍' എന്നായിരുന്നു ശീര്‍ഷകം. അതേ ലക്കത്തില്‍ തന്നെ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ ഒരു കത്തും അച്ചടിച്ചു വന്നിരുന്നു.
ഇസ്‌ലാമിക സാഹിത്യത്തോടുള്ള അഭിനിവേശമാണ് കെ.ബി അബൂബക്കര്‍ എന്ന വ്യക്തിയെ 'ആമിന'യുടെ ചരിത്രനിര്‍മാണത്തിനു പ്രേരിപ്പിച്ചത്. എഴുത്തുകാരുടെ രചനകള്‍ പ്രസിദ്ധീകരിച്ചു വില്‍ക്കുന്നതിനോടൊപ്പം സ്വന്തമായി ചില കൃതികള്‍ എഴുതുകയും ചെയ്തു അദ്ദേഹം. 16 പുസ്തകങ്ങളാണ് അദ്ദേഹം സ്വന്തം എഴുതി പ്രസിദ്ധീകരിച്ചത്. 'ബദര്‍വിജയം, ഉഹ്ദ് പരാജയം, സങ്കല്‍പ കുസുമങ്ങള്‍, മുസ്‌ലിം നമസ്‌കാരം, മൗലിദുന്നബിയ്യ്, തങ്കക്കിനാവുകള്‍, മുസ്‌ലിം ദാമ്പത്യശാസ്ത്രം, സുന്നത്തു നമസ്‌കാരക്രമം, അജ്ഞാത വരന്‍, ഇസ്‌ലാം ചരിത്രകഥകള്‍, മുല്ലമാല, ഇസ്‌ലാമിക നമസ്‌കാരം, ഹസ്രത്ത് ഈസാ, പരിഷ്‌കരിച്ച പെണ്ണ്, മിഅ്‌റാജ് ' എന്നിവയാണ് കെ.ബി അബൂബക്കറിന്റെ പ്രധാന കൃതികള്‍. എണ്ണമറ്റ പുസ്തകങ്ങളുടെ പിറവിക്ക് കാരണക്കാരനായ ഈ സാധാരണ മനുഷ്യന്റെ അസാധാരണ ജീവിതത്തിന്റെ ചരിത്രം തന്നെയാണ് മലയാളത്തിലെ ആദ്യത്തെ ബൃഹദ് പ്രസാധന പ്രസ്ഥാനമായ 'ആമിന'യുടെയും. 2006 ഏപ്രില്‍ 24ന് 76-ാം വയസിലാണ് കെ.ബി അബൂബക്കര്‍ അന്തരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."