അഞ്ച് മെഡി. കോളജുകളില്‍ 14.09 കോടിയുടെ 15 പദ്ധതികള്‍
തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളജുകളില്‍ 14.09 കോടി രൂപയുടെ 15 പദ്ധതികള്‍ നടപ്പാക്കുന്നു.
ഇന്ന് വൈകിട്ട് മൂന്നിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നിര്‍വഹിക്കും.
തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലാണ് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്.എ.ടി ആശുപത്രിയില്‍ 65 ലക്ഷം ചെലവഴിച്ച് കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്കായി നിര്‍മിച്ച മോഡുലാര്‍ ഓപ്പറേഷന് തിയറ്ററിന്റെ ഉദ്ഘാടനമാണ് നടക്കുന്നത്. സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യമായാണ് കുട്ടികള്‍ക്ക് മാത്രമായി ആധുനിക സംവിധാനത്തോടെയുള്ള ഹൃദയശസ്ത്രക്രിയ തിയറ്റര്‍ സ്ഥാപിച്ചത്.
എറണാകുളം മെഡിക്കല്‍ കോളജില്‍ എട്ട് പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്സിജന്‍ പൈപ്പ്ലൈന് സിസ്റ്റവും നവീകരിച്ച ആര്.ടി.പി.സി.ആര് ലാബുമാണ് ഉദ്ഘാടനം ചെയ്യുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ തലയോട്ടി തുറക്കാതെ തന്നെ തലച്ചോറിലെ പല അസുഖങ്ങള്‍ക്കും ചികിത്സ നല്കാന് സാധിക്കുന്ന സ്റ്റീരിയോടാക്റ്റിക് ന്യൂറോ സര്‍ജറി ഫ്രെയിം ഉദ്ഘാടനം ചെയ്യും.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മുലപ്പാല്‍ ശേഖരിച്ച് വിതരണം ചെയ്യാന്‍ കഴിയുന്ന കോംബ്രഹെന്‍സീവ് ലാക്റ്റേഷന്‍ മാനേജ്മെന്റ് സെന്ററും ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."