ചൈന: ചർച്ചയിലൂടെയാകണം പരിഹാരം
ലഡാക്കിലെ ഗാൽവാൻ മേഖലയിലുണ്ടായ സംഘർഷത്തിന്റെ കാരണങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചുകൊണ്ടിരിക്കെ അരുണാചൽ പ്രദേശിലെ തവാങിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ സംഘർഷമുണ്ടായിരിക്കുന്നു. ഈ മാസം ഒൻപതിനുണ്ടായ സംഘർഷത്തിൽ ഇരുഭാഗത്തെയും സൈനികർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. നിയന്ത്രണ രേഖയിൽ പാകിസ്താനുണ്ടാക്കുന്ന പ്രകോപനം മാത്രമായിരുന്നു അടുത്ത കാലംവരെ രാജ്യം നേരിട്ടിരുന്ന പ്രശ്‌നം. ഇപ്പോൾ ചൈനയുമായി അതിരിടുന്ന യഥാർഥ നിയന്ത്രണ രേഖയും സംഘർഷഭൂമിയായിരിക്കുന്നു. അതിരുകളും അന്താരാഷ്ട്ര കരാറുകളും പാലിക്കാൻ വിമുഖത കാട്ടുന്ന ചൈനയുണ്ടാക്കുന്ന പ്രകോപനമാണ് യഥാർഥ നിയന്ത്രണ രേഖയെ സംഘർഷഭൂമിയാക്കിയത്.
അതിർത്തി തർക്കത്തിന്റെയും പിടിച്ചെടുക്കലുകളുടെയും കാലത്തുനിന്ന് ലോകം ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഇത് സാമൂഹിക ഐക്യത്തിന്റെയും സാംസ്‌കാരിക കൈമാറ്റങ്ങളുടെയും കാലമാണ്. ലോകം വാണിജ്യബന്ധങ്ങളിലേക്കും അതിലൂടെ രാജ്യത്തുണ്ടാകുന്ന സാമ്പത്തിക പുരോഗതിയിലേക്കുമാണ് നോക്കുന്നത്. സംഘർഷങ്ങളും യുദ്ധങ്ങളുമെല്ലാം പുരോഗതിയുടെ വിപരീത വഴിയിൽ സഞ്ചരിക്കുന്നതാണ്. നഷ്ടങ്ങളല്ലാതെ അതുകൊണ്ട് മറ്റൊന്നുമുണ്ടാകാൻ പോകുന്നില്ല. ഇന്ത്യയും ചൈനയും തമ്മിൽ 3,488 കിലോമീറ്ററിലധികം അതിർത്തിയാണുള്ളത്. ചൈനയാകട്ടെ 2000 കിലോമീറ്റർ മാത്രമാണ് അതിർത്തിയായി കണക്കാക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 14,000 അടി ഉയരത്തിൽ നിൽക്കുന്ന കുന്നുകളും മലകളും താഴ്‌വരകളും നിറഞ്ഞ പ്രദേശം മുതൽ നേർരേഖ പോലെ അതിർത്തി നിർണയിക്കാൻ കഴിയാത്ത നദികളും അരുവികളും തടാകങ്ങളും നിറഞ്ഞ ദുർഘട പ്രദേശങ്ങൾ കൂടി ഉൾപ്പെടുന്നതാണ് യഥാർഥ നിയന്ത്രണ രേഖ. ചുരുങ്ങിയത് ഒരു ഡസൻ ഇടങ്ങളിലെങ്കിലും അതിർത്തികൾ എവിടെയാണെന്ന് സമന്വയത്തിലൂടെ നിർണയിക്കപ്പെട്ടിട്ടില്ല. അതാണ് അടിസ്ഥാന പ്രശ്‌നം.
1914ൽ ബ്രിട്ടീഷ് കാലത്താണ് സംഘർഷങ്ങളുടെ തുടക്കം. അന്ന് ബ്രിട്ടൻ, ചൈന, ടിബറ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ടിബറ്റിന്റെ പദവി നിർണയിക്കുന്നതിനും ചൈനയും ബ്രിട്ടീഷ് ഇന്ത്യയും തമ്മിലുള്ള അതിർത്തിത്തർക്കം ഫലപ്രദമായി പരിഹരിക്കുന്നതിനുമുള്ള ഉടമ്പടി ചർച്ച ചെയ്യുന്നതിനായി ഷിംലയിൽ ഒത്തുകൂടി. ചൈനീസ് നിയന്ത്രണത്തിലാണെങ്കിലും ടിബറ്റിന് സ്വയംഭരണം നൽകണമെന്ന ചർച്ചയിലെ ധാരണയിൽ ഒപ്പുവയ്ക്കാൻ ചൈന വിസമ്മതിച്ചു. എന്നാൽ ബ്രിട്ടനും ടിബറ്റും കരാറിൽ ഒപ്പുവച്ചു. അങ്ങനെയാണ് ഹെൻറി മക്‌മോഹന്റെ പേരിലുള്ള മക്‌മോഹൻ രേഖാ കരാർ നിലവിൽവരുന്നത്. മക്‌മോഹൻ രേഖ ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള ഔദ്യോഗിക അതിർത്തിയായി ഇന്ത്യ അംഗീകരിച്ചിട്ടുണ്ടെങ്കിലും ചൈന അതിനെ അംഗീകരിച്ചിട്ടില്ല.
1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി രണ്ടു വർഷത്തിന് ശേഷം ചൈനയിൽ കമ്യൂണിസ്റ്റ് ഭരണം പ്രഖ്യാപിച്ചു. 1950കൾ സംഘർഷത്തിന്റെ കാലമായിരുന്നു. ടിബറ്റിനെ സ്വയംഭരണാധികാരമുള്ള രാജ്യമായി അംഗീകരിക്കാൻ ചൈന തയാറായില്ല. അതിനായുള്ള ശ്രമങ്ങൾ പരാജയപ്പെടുകയും ചെയ്തു. 1962ൽ ചൈന മക്‌മോഹൻ രേഖ കടന്ന് ഇന്ത്യൻ പ്രദേശങ്ങൾ പിടിച്ചെടുക്കുകയും സൈനിക പോസ്റ്റുകൾ സ്ഥാപിക്കുകയും ചെയ്തതാണ് ഇന്ത്യയുമായുള്ള യുദ്ധത്തിന് വഴിവച്ചത്. നവംബറോടെ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ചൈനീസ് സൈന്യം കീഴടക്കിയതിന് സമീപമുള്ള പ്രദേശം അതിർത്തിയായി പ്രഖ്യാപിക്കുകയും ചെയ്തു. അതാണ് ഇപ്പോഴത്തെ യഥാർഥ നിയന്ത്രണ രേഖ. ഈ യഥാർഥ നിയന്ത്രണ രേഖയെപ്പോലും ചൈന പൂർണമായും അംഗീകരിക്കുന്നില്ല.
1967 സെപ്റ്റംബറിൽ സിക്കിമിനെ ബന്ധിപ്പിക്കുന്ന നാഥുലാ, ചോല പ്രദേശങ്ങളിലുണ്ടായ ചൈനീസ് കടന്നുകയറ്റം നിരവധി സൈനികർ ഇരുഭാഗത്തുമായി കൊല്ലപ്പെട്ട വെടിവയ്പ്പിൽ കലാശിച്ചു. ചൈനയെ പിൻമാറ്റത്തിന് പ്രേരിപ്പിച്ച തിരിച്ചടി നടത്താൻ ഇന്ത്യൻ സൈന്യത്തിന് സാധിച്ചെങ്കിലും ഇടയ്ക്കിടെ സംഘർഷങ്ങൾ തുടർന്നു. ഇതിന്റെ തുടർച്ചയായാണ് ഗാൽവാനിൽ സംഘർഷമുണ്ടാകുന്നത്. 1967ലെ സംഘർഷങ്ങൾക്ക് ശേഷം യഥാർഥ നിയന്ത്രണരേഖ ഇരു രാജ്യങ്ങളുടെയും സൈനിക വിന്യാസങ്ങൾക്കും യുദ്ധസാധ്യതകൾക്കും നിരവധി തവണ സാക്ഷിയായിട്ടുണ്ട്. 1987ലായിരുന്നു ഇതിൽ ഏറ്റവും വലിയ ശക്തിപ്രകടനമുണ്ടായത്. എന്നാൽ നയതന്ത്ര ചർച്ചയിലൂടെ സംഘർഷം യുദ്ധത്തിലേക്ക് വളരാതെ സൂക്ഷിക്കാനായി.
ഇതിനിടയിലുണ്ടായ കരാറുകളും ധാരണകളുമെല്ലാം ലംഘിച്ച് ഹിമാലയൻ മേഖലയിലൂടെ സൈനിക തന്ത്രങ്ങളുടെ ഭാഗമായി റോഡുകൾ നിർമിച്ചും ഗ്രാമങ്ങൾ നിർമിച്ചും സൈനിക വിന്യാസം നടത്തിയും ഇന്ത്യയെ പ്രകോപിപ്പിക്കുന്നത് അന്നുമുതൽ ഇന്നുവരെ ചൈനയുടെ പതിവാണ്. ഇതിൽ ചിലതെല്ലാം സംഘർഷമായി വളരുകയും ചെയ്തു. എങ്കിലും പ്രശ്‌നപരിഹാരത്തിന് പോംവഴികൾ ഇപ്പോഴും ഏറെയുണ്ട്. രണ്ടു ആണവശക്തികൾ മുഖാമുഖം നിൽക്കുന്നതിന് പകരം ടേബിളിന് ചുറ്റുമിരുന്ന് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയാണ് വേണ്ടത്. മേഖലയുടെ വികസനവും സുസ്ഥിരതയും വികസിത രാജ്യമെന്ന നിലയിൽ ചൈനയ്ക്കും അതിവേഗം വികസിക്കുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്കും സുപ്രധാനമാണ്. സമാധാനമാണ് സമൃദ്ധിയിലേക്കുള്ള വഴി. യുദ്ധങ്ങളും സംഘർഷങ്ങളും പ്രാകൃതസമൂഹത്തിന് മാത്രമാണ് ചേരുക. സംഘർഷത്തിന്റെ ഭൂതകാല ആവർത്തനമല്ല, സമൃദ്ധമായ ഭാവിയിലേക്കാണ് നോക്കേണ്ടത്. അതിന് അതിർത്തി തർക്കത്തിന് ശ്വാശ്വത പരിഹാരം കാണുകയാണ് ആദ്യം ചെയ്യേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."