'കോഴിമുട്ട ഇൻകുബേറ്ററിൽ വിരിയിച്ച് കുഞ്ഞുങ്ങളെ ഉണ്ടാക്കും പോലെ മനുഷ്യകുഞ്ഞുങ്ങളെ ജനിപ്പിക്കൽ'; വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വൈറലായ ആ വീഡിയോയുടെ വാസ്തവം ഇതാണ്
കോഴിക്കോട്: 'ഇൻകുബേറ്ററിൽ കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കുന്നത് പോലെ സ്ത്രീകളോ ഗർഭപാത്രമോ ഇല്ലാതെ ലബോറട്ടറിയിൽ മനുഷ്യകുഞ്ഞുങ്ങളെ ജനിപ്പിക്കുന്ന' 2.50 മിനിറ്റ് ദൈർഘ്യം വരുന്ന വീഡിയോ കഴിഞ്ഞ രണ്ടുദിവസമായി കുടുംബ ഗ്രൂപ്പുകളിൽ വൈറലായ ഒരു സന്ദേശമാണ്.
വീഡിയോക്ക് ഒപ്പമുള്ള സന്ദേശം ഇങ്ങനെ: 'ആയിരക്കണക്കിന് കോഴിമുട്ട ഇൻകുബേറ്ററിൽ വെച്ച് വിരിയിച്ച് കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നതുപോലെ, ഗർഭപാത്രം ഇല്ലാതെ ലബോറട്ടറിയിൽ വെച്ച് മനുഷ്യകുഞ്ഞുങ്ങളെ ജനിപ്പിക്കുന്നു. അച്ഛന്റെയും അമ്മയുടെയും ബീജങ്ങൾ സംയോജിപ്പിച്ച് ലബോറട്ടറിയിലെ പ്രത്യേക അറയിൽ നിഷേപിച്ച് വളർത്തുന്നു. ഭ്രൂണത്തിന്റെ ഓരോ ഘട്ടത്തിലെ വളർച്ചയും രേഖപ്പെടുത്താൻ സംവിധാനവും അത് മാതാപിതാക്കൾക്ക് അവരുടെ മൊബൈലിൽ കാണാനും പറ്റും. ഇങ്ങനെ ജനിക്കുന്ന കുട്ടികൾ അതീവ ബുദ്ധിമാൻമാരും ആരോഗ്യമുള്ളവരും ആയിരിക്കും. കാലം എങ്ങോട്ട് പോകുന്നു..''!- ഇതാണ് വീഡിയോക്ക് ഒപ്പം പ്രചരിക്കുന്നത്. വാട്‌സാപ്പ് സന്ദേശത്തോട് വളരെ ആശ്ചര്യത്തോടെയാണ് സ്ത്രീകളടക്കം പ്രതികരിക്കുന്നത്.
വീഡിയോയുടെ വാസ്തവം എന്താണ്:
യുവ യമനി ശാസ്ത്ര പ്രചാരകനും വീഡിയോ നിർമാതാവുമായ ഹാഷിം അൽഗയ്‌ലിയുടെ ഒരു ഇൻഫോഗ്രാഫിക് വീഡിയോയാണിത്. അണ്ഡവും ബീജവും സംയോജിപ്പിച്ച് കൃതിമ ഗർഭാശയ സംവിധാനം വഴി പ്രതിവർഷം 30,000 കുഞ്ഞുങ്ങളെ വളർത്തിയെടുക്കാനാവും എന്ന ആശയം പങ്കുവയ്ക്കുകയാണ് ഈ വീഡിയോയിലൂടെ ഹാഷിം ചെയ്യുന്നത്. ഹാഷിം അൽഗയ്‌ലി ഇതിനകം നിർമിച്ച നിരവധി 'ഉടോപ്യൻ' ആശയങ്ങളിലൊന്ന് മാത്രമാണിത്.
മാതാപിതാക്കൾക്ക് തങ്ങളുടെ ഇഷ്ടത്തിനും ആഗഹത്തിനും അനുസരിച്ച് കുട്ടികളെ 'കസ്റ്റമൈസ് ചെയ്തു' സ്വന്തമാക്കാം എന്നതാണ് ഈ ആശയത്തിന്റെ ഏറ്റവും വലിയ സവിശേഷത. എക്ടോ ലൈഫ് (EctoLife) എന്നതാണ് ഈ ആശയത്തിന് ഹാഷിം പേരിട്ടിരിക്കുന്നത്. ഇതു സാധ്യമാണെന്നോ ഭാവിയിൽ സാധ്യമാകും എന്നോ ഹാഷിം അവകാശപ്പെടുന്നില്ല. എന്നാൽ ഇത്തരമൊരു സാധ്യതയുടെ ധർമികത കൂടി ചർച്ചയ്ക്ക് വയ്ക്കുകയാണ് ഹാഷിം. നടപ്പാകാൻ സാധ്യതയില്ലെങ്കിലും അങ്ങിനെയൊരു സൗകര്യം ഉണ്ടാവുകയാണെങ്കിൽ തങ്ങളുടെ ജനിക്കാൻ പോകുന്ന കുഞ്ഞിനെ ഒരു 'സൂപ്പർ ബേബി' ആക്കി മാറ്റാനുള്ള കിടമത്സരത്തിൽ ആയിരിക്കും ഓരോ മാതാപിതാക്കളും. അതിന് വേണ്ടി എത്ര പണവും അവർ ചെവഴിക്കുകയും ചെയ്യും.
നേരത്തെ ഒരിക്കലും ഭൂമിയിൽ ലാൻഡ് ചെയ്യാത്ത ആണവ ശക്തിയുള്ള പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള കൂറ്റൻ വിമാനത്തെ കുറിച്ച് ഹാഷിം ചെയ്ത വീഡിയോയും വലിയതോതിൽ വൈറലായിരുന്നു. ഒരേസമയം ആയിരക്കണക്കിന് യാത്രക്കാർക്ക് ആകാശത്തിൽ നിൽക്കുന്ന ഈ വിമാനത്തിൽ താമസിക്കാനുള്ള സൗകര്യം ഉള്ള വിമാനം. ബഹുനില ഷോപ്പിംഗ് മാളുകൾ, ബാറുകൾ, ഓഡിറ്റോറിയം, ജിംനേഷ്യം, കുട്ടികളുടെ വിനോദ കേന്ദ്രം, ഗെയിം സോൺ, മൾട്ടി സ്‌പെഷാലിറ്റി ആശുപത്രി ഉൾപ്പെടെയുള്ള സൗകര്യങ്ങളും വിമാനത്തിലുണ്ട്. ഭൂമിയിൽ ഒരിക്കലും ലാൻഡ് ചെയ്യാതെ വർഷങ്ങളോളം ആകാശത്ത് തങ്ങിനിൽക്കാൻ ഇതിന് കഴിയും. സൈഡിൽ ഗ്ലാസുകളുള്ളതിനാൽ നല്ല ആകാശ കാഴ്ചകളും കണ്ടിരിക്കുകയും ചെയ്യാം.
ഇവിടെ ക്ലിക്ക് ചെയ്താൽ ആ വിഡിയോ കാണാം.
എന്നാൽ ഇതൊന്നും തള്ളിക്കളയാൻ കഴിയില്ലെന്നും ശാസ്ത്രം അത്രയും പുരോഗതി കൈവരിച്ചിട്ടുണ്ടെന്നുമാണ് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നത്.
ആരാണ് ഹാഷിം അൽ ഗയ്‌ലി
യുവ യമനി ശാസ്ത്ര പ്രചാരകനും ശാസ്ത്രീയ വീഡിയോ നിർമ്മാതാവുമാണ് ഹാഷിം അൽഗയ്‌ലി. 32 വയസ്സാണ് പ്രായം. ശാസ്ത്രീയ വിസകനത്തെക്കുറിച്ചും പുരോഗതിയെക്കുറിച്ചുമുള്ള ഇൻഫോഗ്രാഫിക്‌സ്, വീഡിയോകൾ എന്നിവയിലൂടെയാണ് ഹാഷിം കൂടുതൽ പ്രശസ്തനായത്. സമൂഹമാധ്യമങ്ങളിൽ സയൻസ് വീഡിയോകളിൽ ഏറ്റവും അധികം വ്യൂവേഴ്‌സ് ഉള്ള വ്യക്തികളിൽ ഒരാളാണ് ഹാഷിം.
3.3 കോടി ആളുകളാണ് ഫേസ്ബുക്കിൽ അദ്ദേഹത്തെ ഫോളോ ചെയ്യുന്നത്. യൂടൂബ് പേജ് അഞ്ചുലക്ഷത്തിലധികം പേർ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ട്. 8.6 കോടിയിലധികം പേരാണ് ഇതിനകം അദ്ദേഹത്തിന്റെ വിഡിയോകൾ കണ്ടത്. ഹാഷിമിന്റെ വിഡിയോകളും ഇൻഫോഗ്രാഫിക്‌സുകളും ശാസ്ത്ര മാസികകളിലും പേജുകളിലും പ്രസിദ്ധീകരിച്ചുവരാറുണ്ട്.
ഹാഷിമിനെ കൂടുതലറിയാൻ അദ്ദേഹത്തിന്റെ സമൂഹമാധ്യമലിങ്കുകളിൽ താഴെക്ലിക്ക് ചെയ്യാവുന്നതാണ്.
ഫേസ്ബുക്ക് പേജ്
യൂടൂബ് പേജ്
Artificial womb: Video shows what pregnancy may be like in the future
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."