സ്‌കൂള്‍ സ്റ്റാഫ് മീറ്റിംഗില്‍ കയറി ബി.ജെ.പി അധ്യാപക സംഘടനാ നേതാവ് അധ്യാപികമാരുള്‍പ്പെടെയുള്ളവരെ മര്‍ദിച്ചു
സ്‌കൂള്‍ സ്റ്റാഫ് മീറ്റിംഗില്‍ കയറി ബി.ജെ.പി അധ്യാപക സംഘടനാ നേതാവ് അധ്യാപികമാരുള്‍പ്പെടെയുള്ളവരെ മര്‍ദിച്ചു
നരിക്കുനി: നരിക്കുനി എരവന്നൂര്‍ എ.യു.പി സ്‌കൂളില്‍ സ്‌കൂള്‍ ഓഫിസില്‍ ചേര്‍ന്ന സ്റ്റാഫ് മീറ്റിംഗില്‍ അന്യായമായി കടന്നു കയറി സ്‌കൂളിലെ അധ്യാപികമാരെയടക്കം അധ്യാപക സംഘടന നേതാവ് മര്‍ദിച്ചതായി പരാതി. പോലൂര്‍ സ്‌കൂള്‍ അധ്യാപകനും അധ്യാപക സംഘടനയായ എന്‍.ടി.യുവിന്റെ ജില്ല ഭാരവാഹിയുമായ ഷാജിയാണ് തങ്ങളെ മര്‍ദിച്ചതെന്ന് പരുക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അധ്യാപകര്‍ പറഞ്ഞു. പി. ഉമ്മര്‍, വീണ, മുഹമ്മദ് ആസിഫ്, അനുപമ, ജസ്സ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഷാജിയുടെ ഭാര്യയും എരവന്നൂര്‍ എ.യു.പി സ്‌കൂള്‍ അധ്യാപികയുമായ സുപ്രീനക്കെതിരെ നിലനിക്കുന്ന ഒരു കേസുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. ഒരു രക്ഷിതാവ് ചൈല്‍ഡ് ലൈനിലും പൊലിസിനും സുപ്രീനക്കെതിരെ നല്‍കിയ പരാതി അന്വേഷണത്തിലിരിക്കെ സഹപ്രവര്‍ത്തകനായ മറ്റൊരു അധ്യാപകനെതിരെ സുപ്രീന പൊലിസില്‍ വിളിച്ച് പരാതി നല്‍കുകയും പൊലിസ് അന്വേഷണത്തിന് സ്‌കൂളില്‍ എത്തുകയും ചെയ്തിരുന്നു. ഇത് സ്‌കൂള്‍ പ്രധാന അധ്യാപിക പോലും അറിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു സ്റ്റാഫ് മീറ്റിംഗ് സംഘടിപ്പിച്ചത്.
രക്ഷിതാവിനും കുട്ടിക്കുമില്ലത്ത പരാതി സഹപ്രവര്‍ത്തകനെതിരെ പൊലിസില്‍ വിളിച്ചു പറഞ്ഞത് ചര്‍ച്ച ചെയ്യാനും ഈ വിവരം വിദ്യാര്‍ഥിയുടെ രക്ഷിതാവ് അറിയുകയും പരാതിയുമായി മുന്നോട്ട് പോവരുതെന്ന് അധ്യാപികയോട് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ വിളിച്ചു ചേര്‍ത്ത സ്റ്റാഫ് മീറ്റിങ്ങിലാണ് കയ്യാങ്കളി ഉണ്ടായത്. നാട്ടുകാരും പൊലിസും എത്തിയാണ് രംഗം ശാന്തമാക്കിയത്.
കാക്കൂര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. പരുക്കേറ്റ അധ്യാപകരില്‍ നിന്നും പൊലിസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വിവിധ അധ്യാപക സംഘടനകള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ബി.ജെ.പിയുടെ അധ്യാപക സംഘടനയായ എന്‍.ടി.യു കൊടുവള്ളി ഉപജില്ല കമ്മിറ്റി ഇറക്കിയ വാര്‍ത്താകുറിപ്പ് ഷാജിയെയും അവിടെ ജോലി ചെയ്യുന്ന സുപ്രീനയെയും സ്‌കൂളിലെ അധ്യാപകര്‍ കൂട്ടത്തോടെ മര്‍ദിച്ചുവെന്നാണ് ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."