മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്: സുരേഷ് ഗോപി നടക്കാവ് സ്റ്റേഷനില്‍, ചോദ്യം ചെയ്യല്‍ തുടങ്ങി
മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്: ചോദ്യം ചെയ്യല്‍ തുടങ്ങി
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ സിനിമ താരവും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി പൊലിസിന് മുന്നില്‍ ഹാജരായി. കോഴിക്കോട് നടക്കാവ് പൊലിസ് സ്റ്റേഷനിലാണ് ഹാജരായത്. സംഭവത്തില്‍ ഐ.പി.സി 354എ വകുപ്പ് ചുമത്തി സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു.
സുരേഷ് ഗോപിയെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, പി.കെ. കൃഷ്ണദാസ്, വി.കെ. സജീവന് അടക്കമുള്ള നേതാക്കളും അഭിഭാഷകരും അനുഗമിച്ചു. സ്റ്റേഷന് പുറത്ത് താരത്തെ പിന്തുണച്ച് ബി.ജെ.പി പ്രവര്‍ത്തകരും തടിച്ചുകൂടി. ജാഥയായി സ്റ്റേഷനിലെത്തിയ പ്രവര്‍ത്തകരെ പൊലിസ് തടഞ്ഞത് സംഘര്‍ഷത്തിന് വഴിവെച്ചു. ഇതേതുടര്‍ന്ന് കണ്ണൂരിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് ബസുകള്‍ വഴിതിരിച്ചുവിട്ടു.
ഇന്ന് തന്നെ സുരേഷ് ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ആയതിനാല്‍ ജാമ്യവും നല്‍കിയേക്കും. 18ന് മുമ്പ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് പൊലിസ് നോട്ടീസ് അയച്ചിരുന്നു.
കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് കെ.പി.എം ട്രൈസെന്‍ഡ ഹോട്ടലിന് മുന്നില്‍ വാര്‍ത്തക്കായി ബൈറ്റ് എടുക്കുമ്പോഴായിരുന്നു സുരേഷ് ഗോപി മീഡിയവണ്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റിനെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും ചോദ്യമുന്നയിച്ചപ്പോള്‍ വീണ്ടും തോളില്‍ കൈവച്ചു. ഇതോടെ മാധ്യമ പ്രവര്‍ത്തകക്ക് കൈപിടിച്ചു മാറ്റേണ്ടതായി വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."