ചാരിറ്റിയുടെ മറവില്‍ കിടപ്പുരോഗിയുടെ വീഡിയോ പ്രചരിപ്പിച്ച് തട്ടിയത് ലക്ഷങ്ങള്‍; പ്രാദേശിക ചാനലിനെതിരെ കേസ്
തിരുവനന്തപുരം: ചാരിറ്റിയുടെ മറവില്‍ കിടപ്പുരോഗിയുടെ വീഡിയോ പ്രചരിപ്പിച്ച് പണം തട്ടിയെടുത്തതിന് നാലുപേര്‍ക്കെതിരെ കേസെടുത്ത് പോത്തന്‍കോട് പൊലിസ്. വീഡിയോ പ്രചരിപ്പിച്ച് 1.30 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് വിസ്മയ ന്യൂസ് എന്ന ചാനലിനെതിരെ പൊലിസ് കേസെടുത്തത്.
ആറ്റിങ്ങല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിസ്മയ ന്യൂസ് ഉടമ വര്‍ക്കല രഘുനാഥപുരം സ്വദേശി രജനീഷ്, അവതാരകന്‍ ചാത്തന്നൂര്‍ സ്വദേശി രജിത്ത് കാര്യത്തില്‍, ജീവനക്കാരന്‍ മംഗലാപുരം സ്വദേശി അനീഷ്, ഭാര്യ രമ്യ എന്നിവര്‍ക്കെതിരെയാണ് കേസ്.
2018 ല്‍ കെട്ടിടത്തില്‍ നിന്ന് വീണ് നട്ടെല്ലിനും കഴുത്തിനും പരുക്കേറ്റ് ചികിത്സയിലാണ് ഷിജു. ഭക്ഷണത്തിനും മരുന്നിനും വഴിയില്ലാതെ ബുദ്ധിമുട്ടിലായ ഷിജുവിനും കുടുംബത്തിനും സഹായം വാഗ്ദാനം ചെയ്താണ് വിസ്മയ ന്യൂസ് വേങ്ങാട്ടിലെ വീട്ടിലെത്തി വീഡിയോ ചിത്രീകരിച്ചത്. ഒക്ടോബര്‍ 13നാണ് അനീഷും രജിത്ത് കാര്യത്തിലും ഇവരുടെ വീട്ടിലെത്തി വീഡിയോ ചിത്രീകരിച്ചത്. ഏഴായിരം രൂപ വീഡിയോ എടുക്കാനായി സംഘം പ്രതിഫലം വാങ്ങിയിരുന്നു.
വീഡിയോ വന്നതിന് ശേഷം ഷിജുവിന്റെ സഹോദരിയുടെ അക്കൗണ്ടിലേക്ക് പലരും സഹായമായി ഒന്നരലക്ഷം രൂപ അയച്ചു. എന്നാല്‍ ഈ തുകയില്‍ നിന്നും വിവിധ തവണകളായി രജിത്തും സംഘവും ഒരുലക്ഷത്തി മൂപ്പതിനായിരം രൂപ വാങ്ങിയെന്നാണ് പരാതി.
കുടുംബത്തിന്റെ പരാതിയില്‍ പോത്തന്‍കോട് പൊലിസ് വഞ്ചനാകുറ്റത്തിന് കേസെടുത്തു. സംഘം കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."