മഹാഗുരോ ഇവരോട് പൊറുക്കരുതേ..!
കഴിഞ്ഞദിവസം ഒരു ചാനല്‍ചര്‍ച്ചയ്ക്കിടയിലുണ്ടായ അനുഭവം ഇവിടെ വിവരിക്കാതിരിക്കാന്‍ വയ്യ.
ശ്രീകൃഷ്ണജയന്തിദിനത്തില്‍ കേരളത്തിലുടനീളം ശോഭായാത്ര നടത്തുന്നതു ആര്‍.എസ്.എസിന്റെ പോഷകസംഘടനയായ ബാലഗോകുലത്തിന്റെ കുറേക്കാലമായുള്ള പരിപാടിയാണല്ലോ. കഴിഞ്ഞവര്‍ഷംമുതല്‍ അതേദിവസം സി.പി.എമ്മും ചില സ്ഥലങ്ങളില്‍ സമാനരൂപത്തിലുള്ള ഘോഷയാത്രകള്‍ നടത്തുന്നതിന്റെ രാഷ്ട്രീയത്തെക്കുറിച്ചായിരുന്നു ചാനല്‍ചര്‍ച്ച.
ചര്‍ച്ചയില്‍ അവതാരകനു പുറമെ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെ പ്രതിനിധികളുണ്ട്. രാഷ്ട്രീയനിരീക്ഷകനെന്ന നിലയില്‍ എന്നെയും ഉള്‍പ്പെടുത്തിയിരുന്നു.
അവതാരകന്റെ ആദ്യചോദ്യം സി.പി.എം പ്രതിനിധിയോടായിരുന്നു: ''ബാലഗോകുലം വര്‍ഷങ്ങളായി വിശ്വാസത്തിന്റെ ഭാഗമായി നടത്തിവരുന്ന ശോഭയാത്രയോടു മത്സരിച്ചു സി.പി.എമ്മും അത്തരം പരിപാടികള്‍ നടത്തുന്നത് അണികള്‍ കൊഴിഞ്ഞുപോകുമെന്ന ഭയംമൂലമാണോ.''
സി.പി.എം പ്രതിനിധിയില്‍നിന്നുണ്ടായ മറുപടിയിങ്ങനെ: ''ബാലഗോകുലം ശോഭായാത്ര നടത്തിയതുകൊണ്ട് അണികള്‍ കൊഴിഞ്ഞുപോകുമെന്ന പേടിയൊന്നും ഞങ്ങള്‍ക്കില്ല. അതുതടയാനുമല്ല, ഞങ്ങള്‍ ഘോഷയാത്ര നടത്തുന്നത്. ജാതിചിന്തയ്ക്കും മതാന്ധതയ്ക്കുമെതിരായ പുരോഗമനപ്രസ്ഥാനങ്ങളുടെ പോരാട്ടത്തിന്റെ ഭാഗമാണ് ഞങ്ങളുടെ ഘോഷയാത്രകള്‍. അതു ശ്രീകൃഷ്ണജയന്തിയുടെ ഭാഗമല്ല. ചട്ടമ്പിസ്വാമികളുടെ ജന്മദിനം മുതല്‍ അയ്യങ്കാളിയുടെ ജന്മദിനംവരെ നടക്കുന്ന ജാതിവിരുദ്ധപരിപാടിയാണത്. 'നമുക്കു ജാതിയില്ല' എന്ന ശ്രീനാരായണഗുരുവിന്റെ വിഖ്യാതപ്രഖ്യാപനത്തിന്റെ നൂറാംവാര്‍ഷികത്തിന്റെ ഭാഗമായാണ് ഇത്തവണ ഇതു സംഘടിപ്പിക്കുന്നത്.''
ഉടനെവന്നു ബി.ജെ.പി വക്താവിന്റെ പ്രതികരണം: ''കഴിഞ്ഞദിവസം നിങ്ങള്‍ പറഞ്ഞത് ഓണാഘോഷമെന്നാണ്. ഇത്തവണ പറയുന്നു ചട്ടമ്പിസ്വാമികളുടെ പിറന്നാളിന്റെ ഭാഗമാണെന്ന്. വിശ്വാസത്തിന്റെ ഭാഗമല്ല, ജാതിചിന്തയ്‌ക്കെതിരേയുള്ള പടവാളിളക്കമാണു നിങ്ങളുടെ ഘോഷയാത്രയെന്നും പറയുന്നു. അതു ശരിയാണെങ്കില്‍ എന്തിനാണു ഘോഷയാത്രയില്‍ ബലരാമന്റെയും തെയ്യങ്ങളുടെയും പൂതനയുടെയും മറ്റും വേഷംകെട്ടലുകള്‍.''
ഈ ചോദ്യത്തിനു യുക്തവും വിശ്വാസയോഗ്യവുമായ മറുപടി നല്‍കാന്‍ സ.പി.എം പ്രതിനിധിക്കു കഴിയാത്തതിന്റെ യുക്തി ഇവിടെ ചര്‍ച്ചചെയ്യാന്‍ മാത്രം ഗൗരവമുള്ള വിഷയമായി തോന്നുന്നില്ല. പറഞ്ഞാലും പറഞ്ഞില്ലെങ്കിലും അത് അവരെ ബാധിക്കുന്ന കാര്യം. നാട്ടുകാര്‍ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.
എന്നാല്‍, വളരെ ഗൗരവതരമായി തോന്നിയ ഒരു പരാമര്‍ശം ബി.ജെ.പി പ്രതിനിധിയുടെ ഭാഗത്തുനിന്നുവേറെയുണ്ടായി. അതിങ്ങനെയായിരുന്നു: ''ശ്രീനാരായണഗുരു 'നമുക്കു ജാതിയില്ല' എന്നു പ്രഖ്യാപിച്ചുവെന്നു സ്ഥാപിക്കാനാണല്ലോ നിങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മഹാന്മാരുടെ വാക്കുകള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്തു വ്യാഖ്യാനിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ എളുപ്പമാണ്. നിങ്ങളെപ്പോലെ പലരും അതാണു ചെയ്തുകൊണ്ടിരിക്കുന്നത്. ഏതു സന്ദര്‍ഭത്തിലാണു ഗുരു ആ പരാമര്‍ശം നടത്തിയതെന്നു നിങ്ങള്‍ക്കറിയാമോ.''
ഈ ചോദ്യത്തിന് സി.പി.എം പ്രതിനിധിയില്‍നിന്നു മറുപടി കിട്ടാത്തതിനാലാണോ മറുപടി വരുംവരെ കാത്തിരിക്കാന്‍ സമയമില്ലെന്നു തീരുമാനിച്ചതിനാലാണോ എന്നറിയില്ല, ബി.ജെ.പി വക്താവിന്റെ അടുത്തപ്രയോഗം വന്നു. ''അക്കാലത്ത് ഒരു ഈഴവയുവാവിനു ജാതി സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ അധികാരി തയാറാകാതിരുന്നപ്പോള്‍ അദ്ദേഹം ഈഴവനാണ് എന്നു സ്വന്തം കൈപ്പടയില്‍ എഴുതി ഒപ്പിട്ടുകൊടുത്തയാളാണു ശ്രീനാരായണഗുരു. അദ്ദേഹം 'നമുക്കു ജാതിയില്ല' എന്നു പറഞ്ഞുവെന്നു പ്രചരിപ്പിക്കുന്നവര്‍ക്ക് ഇക്കാര്യം അറിയുമോ. അവര്‍ക്ക് ഇതിനെക്കുറിച്ച് എന്തു ന്യായീകരണമാണു പറയാനുള്ളത്.''
ഈ വിശദീകരണത്തിനു കടന്നുകയറി ഒരു മറുപടി പറയാന്‍ സി.പി.എം പ്രതിനിധി ശ്രമിച്ചുകണ്ടില്ല. അദ്ദേഹത്തിനു വിശദീകരണമില്ലാത്തതാണോ അതല്ല അവസരം വരുമ്പോള്‍ പറയാമെന്നു വച്ചതാണോ എന്നറിയില്ല. ചാനല്‍ചര്‍ച്ചകളില്‍ ഉടനടി മറുപടി നല്‍കിയില്ലെങ്കില്‍ പിന്നീട് അവസരം കിട്ടണമെന്നില്ലെന്ന് അദ്ദേഹത്തിന് അറിയാത്തതായിരിക്കില്ല.
ഏതായാലും, അടുത്തചോദ്യം എന്നോടായിരുന്നു. അതാകട്ടെ, തികച്ചും വ്യത്യസ്തവും. ബാലഗോകുലത്തിന്റെ ചുവടുപിടിച്ചു ശോഭായാത്രകള്‍ നടത്തുന്ന സി.പി.എം അധികകാലമാകുംമുമ്പു വിശ്വാസത്തിന്റെ പാതയിലേയ്ക്കു വരില്ലേയെന്നായിരുന്നു ചോദ്യം. സി.പി.എമ്മിനെപ്പോലുള്ള പുരോഗമനപ്രസ്ഥാനങ്ങള്‍ ഇത്തരത്തിലുള്ള കെട്ടുകാഴ്ചകള്‍ നടത്തുന്നത് തികച്ചും അപഹാസ്യമാണെന്ന അഭിപ്രായക്കാരനായതിനാല്‍ ആ ചോദ്യത്തോടു വിശദമായിത്തന്നെ പ്രതികരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു.
എന്നാല്‍, ബി.ജെ.പി പ്രതിനിധി പറഞ്ഞുവച്ച വാദത്തിനു മറുപടി കൊടുക്കാതിരുന്നാല്‍, അതു ഗുരുവിനോടു ചെയ്യുന്ന നിന്ദയും മതേതരസമൂഹത്തോടു കാണിക്കുന്ന പാതകവും ചരിത്രത്തോടു പുലര്‍ത്തുന്ന നന്ദിയില്ലായ്മയുമാണെന്നു മനസ്സു പറഞ്ഞു. അതിനാല്‍, ചോദ്യത്തില്‍നിന്നു വ്യതിചലിക്കുന്നതിനു ക്ഷമാപണം നടത്തി ഇങ്ങനെ പറഞ്ഞു:
''ബി.ജെ.പി പ്രതിനിധിയായ സുഹൃത്തു നടത്തിയ പരാമര്‍ശത്തോടു പ്രതികരിക്കാതെ പോയാല്‍ ചരിത്രം എനിക്കു മാപ്പുതരില്ല. ശീനാരായണഗുരു ജാതിചിന്തയുടെ വക്താവാണെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നുതന്നെയാണ് അതുകേട്ട ജനത്തിനെല്ലാം തോന്നിയിട്ടുണ്ടാകുക. അനുയായിക്കു ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കിയ ഗുരു ജാതിയുടെ വക്താവാണെന്നു തന്നെയാണെന്ന് അവര്‍ വിശ്വസിക്കും. ഗുരുവിനെ തങ്ങളുടെ ജാതിദൈവമാക്കി കാര്യലാഭം നേടുന്നവര്‍ക്കു ശക്തിപകരാനാണ് ഇത്തരം വാക്കുകള്‍ ഉപകരിക്കുക.''
ചരിത്രം എത്ര അനായാസമാണു വളച്ചൊടിക്കുന്നതെന്നു വ്യക്തമാക്കാനാണു ചാനല്‍ചര്‍ച്ചയിലെ പരാമര്‍ശങ്ങള്‍ ഇവിടെ ഉദ്ധരിച്ചത്. നമുക്കു ജാതിയില്ലെന്ന് ഒരുതവണയല്ല, ചുരുങ്ങിയത് നൂറുതവണയെങ്കിലും പരസ്യമായി പറഞ്ഞയാളാണു ശ്രീനാരായണഗുരു. സ്വാമി ജോണ്‍ ധര്‍മതീര്‍ഥയെയും ചൈതന്യസ്വാമികളെയും മറ്റുംപോലെ അദ്ദേഹത്തിന്റെ പ്രിയശിഷ്യന്മാരെല്ലാം അന്യജാതിക്കാരും അന്യമതക്കാരുമായിരുന്നു. തന്റെ ദൗത്യമേറ്റെടുക്കാനുള്ള നേതൃത്വം അവരെയേല്‍പ്പിക്കാനാണു ഗുരു തീരുമാനിച്ചിരുന്നത്. അതറിഞ്ഞാണ്, 'ജാതിശിഷ്യന്മാര്‍' ''ഞങ്ങളെ വേണ്ടാത്ത ഗുരുവിനെ ഞങ്ങള്‍ക്കുംവേണ്ട'' എന്ന് അദ്ദേഹത്തിന്റെ മുഖത്തുനോക്കി പറഞ്ഞത്.
ജാതിക്കും മതഭേദചിന്തയ്ക്കുമെതിരായി താന്‍ വളര്‍ത്തിക്കൊണ്ടുവന്ന പ്രസ്ഥാനം ജാതീയതയുടെയും മതാന്ധതയുടെയും പിടിയില്‍പ്പെട്ടു ഞെരുങ്ങുന്നതു കണ്ടു സഹിക്കാതെയാണു ഗുരു ആ പ്രസ്ഥാനത്തിനെതിരേ പത്രപരസ്യം നല്‍കിയത്. എന്നിട്ടും നന്നാവുന്നില്ലെന്നു കണ്ടാണ് ഈ രാജ്യംതന്നെ വിട്ടു ശ്രീലങ്കയില്‍ അഭയംതേടിയത്. ജീവിച്ചിരിക്കെ ഏറെ കണ്ണീരുകുടിക്കാന്‍ വിധിക്കപ്പെട്ടവനായിരുന്നു ഗുരു.
ഇന്ന് ആ ചരിത്രമെല്ലാം തമസ്‌കരിക്കപ്പെടുകയാണ്. പകരം പുതിയ ചരിത്രം എഴുതിച്ചേര്‍ക്കുന്നു, അത് ശിഷ്യന്മാര്‍ക്കെല്ലാം ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ജാതിവക്താവായ ഗുരുവിന്റെ ചരിത്രമാണ്.
എന്താണു പറയുക, ഗുരോ ഇവരോടു പൊറുക്കേണമേയെന്നോ പൊറുക്കരുതേയെന്നോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."