ചേവായൂരില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ് : അഞ്ച് പേര്‍ പിടിയില്‍
കോഴിക്കോട്: വാടക വീട് കേന്ദ്രീകരിച്ച് നടത്തിവരികയായിരുന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ മൂന്ന് സ്ത്രീകളും രണ്ടു പുരുഷന്മാരും ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായി. ചേവായൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പാറോപ്പടി -ചേവരമ്പലം റോഡിലെ വാടക വീട്ടിലായിരുന്നു റെയ്ഡ് നടത്തിയത്. കഴിഞ്ഞ മൂന്ന് മാസക്കാലമായി വീടിന് മുകളില്‍ നരിക്കുനി സ്വദേശി ഷഹീനാണ് വീട് വാടകക്കെടുത്ത പെണ്‍വാണിഭം നടത്തിയതെന്നാണ് പൊലിസ് പറയുന്നത്.
നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് വീടും പരിസരവും പൊലിസ് നിരീക്ഷണത്തിലായിരുന്നു. ഇന്ന് വ്യക്തമായ സൂചനകള്‍ ലഭിച്ചതോടെ പൊലിസ് ഈ കേന്ദ്രം റെയ്ഡ് ചെയ്യുകയായിരുന്നു. ബേപ്പൂര്‍ അരക്കിണര്‍ റസ്വ മന്‍സിലില്‍ ഷഫീഖ് (32), ചേവായൂര്‍ തൂവാട്ട് താഴ വയലില്‍ ആഷിക് (24) എന്നിവരും പയ്യോളി, നടുവണ്ണൂര്‍, അണ്ടിക്കോട് സ്വദേശികളായ മൂന്ന് സ്ത്രീകളുമാണ് അറസ്റ്റിലായത്.
ഷഹീന്‍ നേരത്തെയും നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളായ സ്ത്രീകളുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് നിരവധി ആളുകള്‍ ഇവരുടെ ഇടപാടുകാരായി ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
ഇവരെ കൂടാതെ കൂടുതല്‍ സ്ത്രീകളെ പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ ഷഹീന്‍ എത്തിച്ചിരുന്നതായും ഇവരുമായി ഇടപാടുകള്‍ നടത്തിയ ആളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ നിരീക്ഷണത്തിലാണെന്നും അന്വേഷണ സംഘം പറഞ്ഞു. ഈ കേസില്‍ ഇനിയും കുടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് ഈ കേസിന് മേല്‍നോട്ടം വഹിക്കുന്ന മെഡിക്കല്‍ കോളേജ് പൊലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.സുദര്‍ശന്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."