പരിസ്ഥിതിക്ക് കാവലേകാന്‍ നാം സന്നദ്ധരാകണം
പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ചും പ്രകൃതിയുടെ ആവാസവ്യവസ്ഥയ്ക്കു സംഭവിച്ച ആഘാതത്തെക്കുറിച്ചും ശാസ്ത്രീയപഠനങ്ങള്‍ ഇന്നു നിരന്തരം നടന്നുകൊണ്ടിരിക്കുന്നു; താക്കീതുകളും തുടരുന്നു. അതിനൊപ്പം പരിഹാരത്തിന്റെ വഴികള്‍ അകന്നുപോവുകയും ചെയ്യുന്നു. ഈ രംഗത്തു ശക്തമായ ബോധവല്‍ക്കരണം ആവശ്യമാണെന്നാണ് ഇതു തെളിയിക്കുന്നത്. വിശ്വാസിസമൂഹമെന്ന നിലയ്ക്ക് ഈ നൂറ്റാണ്ടിന്റെ മുഖ്യപ്രശ്‌നം പ്രപഞ്ചത്തിന്റെ ആവാസവ്യവസ്ഥയുടെ സംരക്ഷണമാണെന്നു മുസ്‌ലിംകള്‍ തിരിച്ചറിഞ്ഞു കൈകാര്യം ചെയ്യേണ്ടതുണ്ട്. ഈ ആവാസവ്യവസ്ഥയുടെ പ്രസക്തി ഖുര്‍ആന്‍ നിരവധി വചനങ്ങളിലൂടെ എടുത്തുകാട്ടിയിരിക്കുന്നു:
'ഭൂമിയെ നാം വിശാലമാക്കി; അതില്‍ രൂഢമായ പര്‍വതങ്ങള്‍ സ്ഥാപിച്ചു; സകലവസ്തുക്കളും കൃത്യമായ അളവില്‍ മുളപ്പിച്ചു; അതില്‍ നിങ്ങള്‍ക്കും നിങ്ങള്‍ ആഹാരം നല്‍കാത്തവര്‍ക്കും ജീവസന്ധാരണത്തിനാവശ്യമായത് ഏര്‍പ്പെടുത്തി.' (ഹിജ്ര്‍: 20,21)
'സൂര്യനെ പകലിന്റെ വെളിച്ചമായും ചന്ദ്രനെ രാത്രിയുടെ പ്രകാശമായും സൃഷ്ടിച്ചവന്‍ അവന്‍. നിങ്ങള്‍ വര്‍ഷങ്ങളുടെ എണ്ണവും കണക്കും മനസിലാക്കാനായി രാശിമണ്ഡലങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തു. കണിശമായേ എല്ലാം അവന്‍ സൃഷ്ടിച്ചിട്ടുള്ളു. മനസിലാക്കുന്ന ആളുകള്‍ക്കുവേണ്ടി അവന്‍ ഈ ദൃഷ്ടാന്തങ്ങള്‍ വിശദീകരിക്കുന്നു.' (യൂനുസ്: 5)
ഈ സംവിധാനത്തിന് ആഘാതമോ ക്ഷതമോ ഏല്‍ക്കാതെ സംരക്ഷിക്കേണ്ടതാണെന്ന് ആ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു. മണ്ണുംവിണ്ണും സാഗരങ്ങളുമടങ്ങുന്ന മൂന്നുതലങ്ങളെയും സ്രഷ്ടാവ് ബന്ധിപ്പിച്ചതെങ്ങനെയെന്നും അവയുടെ സന്തുലിതവും സങ്കീര്‍ണവുമായ സംവിധാനം മനുഷ്യരടക്കം സകലചരാചരങ്ങളുടെയും നിലനില്‍പ്പും അതിജീവനവുമായി ഏതുവിധത്തില്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നുവെന്നും ഖുര്‍ആന്‍ വിശദീകരിക്കുന്നു:
'അനന്തരം ഭൂമിയെ അവന്‍ വിരിച്ചിട്ടു. അതിനുള്ളില്‍നിന്നു വെള്ളവും മേച്ചില്‍പ്പുറങ്ങളും പുറത്തുകൊണ്ടുവന്നു. നിങ്ങള്‍ക്കും നിങ്ങളുടെ കാലികള്‍ക്കുമുള്ള വിഭവമായി.' (അന്നിസാഅ്: 3032)
'അവര്‍ക്ക് മുകളില്‍ ആകാശത്തെ ന്യൂനതയേതുമില്ലാതെ നാമെങ്ങനെ പണിത് അലങ്കരിച്ചുവച്ചിരിക്കുന്നുവെന്ന് അവര്‍ നോക്കുന്നില്ലയോ? ഭൂമിയെ നിരപ്പാക്കി, അതില്‍ രൂഢമായ പര്‍വതങ്ങള്‍ സ്ഥാപിച്ചു; ചേതോഹരമായ എല്ലാത്തരം സസ്യങ്ങളും മുളപ്പിച്ചു.' (ഖാഫ്: 6,7)
'ആകാശത്തുനിന്ന് അനുഗൃഹീതമായ വെള്ളം നാം വര്‍ഷിച്ചു; തോപ്പുകളും വിളയെടുക്കുന്ന ധാന്യങ്ങളും മുളപ്പിച്ചു വളര്‍ത്തി. ദാസന്മാര്‍ക്ക് ആഹാരമായി അടുക്കിവച്ച കുലകളുള്ള വന്‍ ഈന്തപ്പനകളും. നിര്‍ജ്ജീവമായിരുന്ന നാടിനെ അങ്ങനെ നാം സജീവമാക്കി.' (ഖാഫ്: 911)
കുളിക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കരുതെന്നും പ്രാര്‍ഥനയ്ക്കായി കൈയും മുഖവും കഴുകുന്നതു പുഴയില്‍നിന്നാണെങ്കില്‍തന്നെയും വെള്ളത്തിന്റെ ഉപയോഗം അമിതമാവാതെ ശ്രദ്ധിക്കണമെന്നും പ്രവാചകന്‍ പഠിപ്പിക്കുന്നു. സഅ്ദുബ്‌നു അബീവഖാസ് (റ) 'വുളു' (പ്രാര്‍ഥനയ്ക്കുമുമ്പ് അംഗശുദ്ധി വരുത്തല്‍) എടുക്കുമ്പോള്‍ പ്രവാചകര്‍ (സ്വ) അദ്ദേഹത്തിന്റെ സമീപത്തുകൂടെ നടന്നുപോയി. നബി (സ്വ) പറഞ്ഞു: 'അമിതമാകരുത്'. സഅ്ദ് (റ) ചോദിച്ചു: 'വെള്ളത്തിന്റെ കാര്യത്തിലും അമിതത്വമോ'? നബി (സ്വ) പറഞ്ഞു: 'അതെ, ഒഴുകുന്ന പുഴയിലാണെങ്കില്‍പോലും.' (ഇബ്‌നുമാജ:)
ഇരുചിറകില്‍ പറക്കുന്ന പക്ഷികളും മറ്റു ജന്തുക്കളും മനുഷ്യരെപ്പോലെത്തന്നെ ഓരോ സമുദായമാണെന്നു ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു. ഭക്ഷണംനല്‍കാതെ കെട്ടിയിട്ടതുകൊണ്ടു ജീവന്‍പോയ പൂച്ചകാരണം ഒരു സ്ത്രീയെ നരകാവകാശിയെന്നും ദാഹിച്ചുവലഞ്ഞ നായയ്ക്കു കിണറില്‍നിന്നു വെള്ളമെടുത്തുകൊടുത്ത വേശ്യയെ സ്വര്‍ഗാവകാശിയെന്നും ഉണര്‍ത്തിയ നബി(സ്വ)കാഴ്ചപ്പാട് നമുക്ക് മനസിലാക്കാതെ പോകരുത്. ഖുര്‍ആന്റെ സ്വര്‍ഗസങ്കല്‍പം ശ്രദ്ധിച്ചാല്‍ പുഴകള്‍ക്കും വൃക്ഷലതാദികള്‍ക്കും പൂന്തോപ്പുകള്‍ക്കുമുള്ള സ്ഥാനം മനസിലാവും. ഭൂമിയുടെ ആവാസയോഗ്യമായ വിതാനവും പര്‍വതങ്ങളുടെയും വനങ്ങളുടെയും സുരക്ഷയും ജീവസന്ധാരണത്തിനും ഉപജീവനത്തിനും മഴയും കാറ്റുമായുമുള്ള ബന്ധവും ബോധ്യപ്പെടും.
ഭൂമിയും ആകാശവും കടലുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള പരിസ്ഥിതിയുടെ സംരക്ഷണം മനുഷ്യന്റെ പ്രാഥമികബാധ്യതയാണെന്നും അതിസൂക്ഷ്മമായ ഈ സംവിധാനത്തിന് ആഘാതമേല്‍പ്പിക്കാന്‍ മുതിരുന്ന മനുഷ്യന്‍ അവന്റെ വംശനാശത്തിനാണു ശ്രമിക്കുന്നതെന്നും ഖുര്‍ആനില്‍നിന്ന് ആര്‍ക്കും വായിച്ചെടുക്കാന്‍ കഴിയും. 'അവന്‍ നിങ്ങളെ ഭൂമിയില്‍നിന്നു സൃഷ്ടിച്ചുവളര്‍ത്തുകയും അതിനെ ആവാസയോഗ്യമാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.' (ഹൂദ്: 61)
പറവകള്‍ക്കും ജന്തുജാലങ്ങള്‍ക്കും നിര്‍ഭയത്വം ഉറപ്പാക്കേണ്ടതുണ്ട്. ഓരോ ഗ്രാമവും ഈ മട്ടില്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുമ്പോഴേ അവര്‍ പൂര്‍ണാര്‍ഥത്തില്‍ വിശ്വാസികളാവൂ. 'ഇഴജീവിയാവട്ടെ, ഇരുചിറകില്‍ പറക്കുന്ന പറവയാകവട്ടെ എല്ലാം നിങ്ങളെപ്പോലെയുള്ള സമൂഹങ്ങള്‍തന്നെയാണ്.' (അന്‍ആം: 38). 'നന്മ കല്‍പ്പിക്കലും തിന്മതടയലും പ്രാര്‍ഥനയാണ് (നമസ്‌കാരം). ദുര്‍ബ്ബലനുവേണ്ടി നീ ഭാരംചുമക്കുന്നതും വഴിയിലെ വൃത്തികേട് അകറ്റുന്നതും പ്രാര്‍ഥനയാണ്. നിസ്‌കാരത്തിലേയ്ക്കുള്ള നിന്റെ ഓരോ ചുവടും നമസ്‌കാരമാണ്.' (ഇബ്‌നുഖുസൈമ)
23 വര്‍ഷക്കാലത്തെ വ്യത്യസ്തസന്ദര്‍ഭങ്ങളെയും പ്രശ്‌നങ്ങളെയും അഭിമുഖീകരിച്ചുകൊണ്ട് അവതീര്‍ണമായ ഖുര്‍ആന്‍ മറ്റുവേദഗ്രന്ഥങ്ങളില്‍നിന്നു വേറിട്ടുനില്‍ക്കുന്നതു സന്ദര്‍ഭോചിതമായ ഇടപെടലുകള്‍കൊണ്ടാണ്. ഈ മാതൃക ആധുനിക മുസ്‌ലിംസമൂഹം ഉള്‍ക്കൊള്ളാന്‍ ബാധ്യസ്ഥരാണ്.
പ്രവാചകന്റെ കാലത്തെ അറബികളും അനുചരന്മാരും സ്വീകരിച്ച വേഷങ്ങളിലോ ആചാരപരമായ മതപ്രബോധന യാത്രകളിലോ കേവലമായ ഖുര്‍ആന്‍ പാരായണത്തിലോ പഠനരീതികളിലോ ഒതുങ്ങി നില്‍ക്കാതെ പുതിയകാലഘട്ടത്തിന്റെ പ്രശ്‌നാധിഷ്ഠിതമായ വെല്ലുവിളികളെ നേരിട്ടു പരിഹരിക്കാന്‍ ഖുര്‍ആന്‍ അവതപ്പിച്ച ചരിത്രസന്ദര്‍ഭങ്ങള്‍ ഗ്രഹിച്ചു മുന്നോട്ടുപോവാനുള്ള തിരിച്ചറിവു സമൂഹത്തില്‍ വളര്‍ന്നുവരേണ്ടിയിരിക്കുന്നു.
പുതിയ വെല്ലുവിളിയായി മാറിയ പരിസ്ഥിതിപ്രശ്‌നം തീര്‍ച്ചയായും മുസ്‌ലിംസമൂഹത്തിന് ഏറ്റെടുക്കാവുന്ന വിശ്വാസത്തിന്റെകൂടി പ്രശ്‌നമാണ്. ഈ ഉത്തരവാദിത്വം പൂര്‍ണാര്‍ഥത്തില്‍ ഏറ്റെടുത്തു വിശ്വാസികളായ സന്നദ്ധസേവകരുടെ സംഘപ്രവര്‍ത്തനം രൂപപ്പെടുത്തിയാല്‍ നമ്മുടെ ഗ്രാമങ്ങളെ സ്വര്‍ഗമാക്കുന്ന പുഴകളും തെളിനീരുറവുകളും കാടുകളും മലകളും വയലുകളും കൃഷിയിടങ്ങളും തിരിച്ചുപിടിക്കാന്‍ കഴിയും.
കാരണം, ജീവിതത്തിന്റെ മൂലാധാരമായി അല്ലാഹു സൃഷ്ടിച്ചു രൂപപ്പെടുത്തിവച്ച സംവിധാനമാണത്. ജീവന്റെ തുടിപ്പുകള്‍ മണ്ണില്‍ ബാക്കി നിര്‍ത്തുന്ന മൗലികഘടകങ്ങളാണവ. അവയ്ക്കുനേരേ കൊലക്കത്തിയുമായി ചെല്ലുന്നതു സൂക്ഷിച്ചുവേണം. അതു പ്രതിരോധിക്കപ്പെടേണ്ട ദ്രോഹമാണ്. വിശ്വാസിയായ മുസ്‌ലിം ദ്രോഹിയാവരുത്; ദ്രോഹം കണ്ടുനില്‍ക്കുന്ന ദുര്‍ബലനുമാവരുത്. ഈ പ്രഖ്യാപനമായിരിക്കണം സന്നദ്ധസേവകരുടെ മുദ്രാവാക്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."