പ്ലാസ്റ്റിക് മഴയെന്ന് കേട്ടിട്ടുണ്ടോ? ഇത് മിഥ്യയല്ല, യാഥാര്‍ത്ഥ്യം
പ്ലാസ്റ്റിക് മഞ്ഞുകണങ്ങള്‍ അല്ലെങ്കില്‍ മൈക്രോപ്ലാസ്റ്റിക്സ് മഴ എന്നത് ഗവേഷണത്തിന്റെയോ സിദ്ധാന്തത്തിന്റെയോ കാര്യമല്ല; മനുഷ്യശരീരത്തില്‍ അതിന്റെ പ്രതികൂല സ്വാധീനത്തെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്ന ഒരു യാഥാര്‍ത്ഥ്യമാണത്. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച്, ന്യൂസിലന്‍ഡ് നഗരമായ ഓക്ക്ലന്‍ഡില്‍ 2020ല്‍ ഏകദേശം 74 മെട്രിക് ടണ്‍ മൈക്രോപ്ലാസ്റ്റിക് അന്തരീക്ഷത്തില്‍ നിന്ന് ഭൂമിയിലേക്ക് പതിച്ചു. ഏതാണ്ട് 30 ലക്ഷത്തിലധികം പ്ലാസ്റ്റിക് കുപ്പികള്‍ക്ക് തുല്യമാണിതെന്ന് എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ഈയിടെ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
ഓക്ക്ലന്‍ഡില്‍ ഒമ്പത് ആഴ്ച കാലയളവില്‍ രണ്ട് സാമ്പിളിങ് സൈറ്റുകളില്‍ നിന്നാണ് മൈക്രോപ്ലാസ്റ്റിക്സിന്റെ അന്തരീക്ഷ നിക്ഷേപത്തെക്കുറിച്ച് പഠനം നടത്തിയത്. ഒരു ചതുരശ്ര മീറ്ററില്‍ വായുവിലെ പ്ലാസ്റ്റിക്കുകളുടെ ശരാശരി എണ്ണം 4,885 ആണെന്ന് കണ്ടെത്തി. ലണ്ടനില്‍ 2020ല്‍ നടത്തിയ പഠനത്തില്‍ ഇത് 771 ഉം ഹാംബര്‍ഗില്‍ 2019ല്‍ 275ഉം പാരീസില്‍ 2016ല്‍ 110ഉം ആയിരുന്നു. മുന്‍ ഗവേഷണത്തിന്റെ ഭാഗമല്ലാത്ത സൂക്ഷ്മകണങ്ങള്‍ കൂടി ഓക്ക്ലന്‍ഡ് പഠനത്തില്‍ ഉള്‍പ്പെടുത്തിയതാണ് എണ്ണം ഉയരാന്‍ കാരണം.
'മൈക്രോപ്ലാസ്റ്റിക്' എന്ന പദം 18 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഉണ്ടായത്. മനുഷ്യരാശിയുടെ ഒരു പ്രധാന പ്രശ്നമായി മാറിയ ഇവ മഴവെള്ളം, ഭക്ഷ്യ ശൃംഖല, സമുദ്രങ്ങള്‍ എന്നിങ്ങനെ ലോകത്ത് എല്ലായിടത്തും കാണപ്പെടുന്നു. നമ്മുടെ സിരകളിലൂടെ മൈക്രോപ്ലാസ്റ്റിക് ഒഴുകുന്നതായി കഴിഞ്ഞ മാര്‍ച്ചിലാണ് ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചത്. ഓരോ വര്‍ഷവും ശരാശരി 74,000 പ്ലാസ്റ്റിക് കണികകള്‍ മനുഷ്യ ശരീരത്തില്‍ എത്തുന്നുണ്ടെന്നാണ് കണക്ക്. വായുവിലൂടെയുള്ള മൈക്രോപ്ലാസ്റ്റിക്സിന്റെ ആഗോള വ്യാപനം വലിയ പാരിസ്ഥിതിക-ആരോഗ്യ പ്രശ്നമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 15 മുതല്‍ 51 ട്രില്യണ്‍ കണികകള്‍ ഭൂമിയുടെ ഉപരിതലത്തിന് സമീപം ഒഴുകുന്നുണ്ടെന്നാണ് അനുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."