HOME
DETAILS
MAL
പ്രൊഫ. താണു പത്മനാഭന്‍; ഭൗതികശാസ്ത്രത്തിനായി ഉഴിഞ്ഞുവച്ച ജീവിതം
backup
September 17 2021 | 20:09 PM
തിരുവനന്തപുരം: ഭൗതികശാസ്ത്രത്തിന് കനത്ത സംഭാവനകള്‍ നല്‍കിയാണ് പ്രൊഫ. താണു പത്മനാഭന്‍ വിടപറഞ്ഞത്. മലയാളികള്‍ക്ക് ആസ്‌ട്രോ ഫിസിക്‌സ് (ഗോളോര്‍ജതന്ത്രം) അത്ര സുപരിചിതമല്ലാത്ത കാലത്താണ് താണു പത്മനാഭന്‍ ഈ മേഖലയിലെത്തിയത്. ഗോളങ്ങളുടെ സ്ഥാനത്തെയും അവയുടെ സ്വഭാവത്തെയും കുറിച്ചുള്ള ജ്യോതിശാസ്ത്ര ശാഖയാണ് ഗോളോര്‍ജതന്ത്രം. ഭൂഗുരുത്വം, ഘടനാ രൂപീകരണം, കണികാ ഊര്‍ജതന്ത്രം, തമോ ഊര്‍ജം എന്നീ മേഖലകളില്‍ മികച്ച സംഭാവനകള്‍ അദ്ദേഹം നല്‍കി.
ഭൂഗുരുത്വാകര്‍ഷണത്തില്‍ താപഗതികത്തെ അടിസ്ഥാനമാക്കിയുള്ള സാമാന്യ ആപേക്ഷികാ സിദ്ധാന്തത്തെ അദ്ദേഹം കൂടുതല്‍ വികസിപ്പിച്ചു. സാമാന്യ ആപേക്ഷികത എന്ന വിഷയത്തില്‍ 20ാം വയസിലാണ് ആദ്യ ഗവേഷണപ്രബന്ധം തയാറാക്കിയത്. തിരുവനന്തപുരത്തെ കരമന സര്‍ക്കാര്‍ സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കോളജ് പഠനകാലത്ത് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിച്ച 'ട്രിവാന്‍ഡ്രം സയന്‍സ് സൊസൈറ്റി'യുമായുള്ള ബന്ധമാണ് താണുവിലെ ശാസ്ത്രജ്ഞനെ വളര്‍ത്തിയത്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും സ്വര്‍ണമെഡലോടെ പൂര്‍ത്തിയാക്കി. അപ്പോഴേക്കും ആദ്യ ഗവേഷണ പ്രബന്ധം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. വിദേശ സര്‍വകലാശാലകളില്‍ പോയി പഠിക്കാന്‍ ആഗ്രഹിച്ചെങ്കിലും കുടുംബത്തിലെ സാമ്പത്തികസാഹചര്യം അനുവദിച്ചില്ല.
ഭൂഗുരുത്വാകര്‍ഷണത്തെക്കുറിച്ചുള്ള ചാള്‍സ് ഡബ്ല്യു. മിസ്‌നെര്‍, കിപ് എസ്. ത്രോണ്‍, ജോണ്‍ എ. വീലര്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ വിഖ്യാതഗ്രന്ഥമായ 'ഗ്രാവിറ്റേഷന്‍' വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ലൈബ്രറിയില്‍ മണിക്കൂറുകള്‍ ചെലവഴിച്ച് നോട്ടുപുസ്തകത്തില്‍ ബുക്ക് മുഴുവനായും പകര്‍ത്തിയെഴുതിയ അനുഭവം താണു പിന്നീട് പങ്കുവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."