HOME
DETAILS
MAL
'മിഷന് ബോംബെ': യുവതിക്കും കുഞ്ഞിനും തുണയായി ബ്ലഡ് ഡോണേഴ്സ് കേരള
backup
September 17 2021 | 20:09 PM
നീലേശ്വരം: ആദ്യപ്രസവത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഓപറേഷന് തിയേറ്ററില്‍ അത്യപൂര്‍വ ഗ്രൂപ്പ് രക്തത്തിനു വേണ്ടി നിമിഷങ്ങളെണ്ണി കാത്തുകിടന്ന യുവതിക്കും ഗര്‍ഭസ്ഥ ശിശുവിനും ബ്ലഡ് ഡോണേഴ്സ് കേരളയുടെ (ബി.ഡി.കെ) 'മിഷന് ബോംബെ' ദൗത്യത്തിലൂടെ ജീവിതം തിരിച്ചുകിട്ടി.
കുറ്റിക്കോലിലെ സി. മഹേഷിന്റെ ഭാര്യ ശ്രീവിദ്യയുടെ ആദ്യ പ്രസവമാണ് ആശുപത്രി അധികൃതരേയും ബന്ധുക്കളേയും മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തിയത്. ശ്രീവിദ്യയുടെ രക്തം ഒ പോസിറ്റീവെന്നാണ് പരിശോധനയില്‍ കണ്ടത്. ഇവര്‍ക്ക് ശസ്ത്രക്രിയയ്ക്ക് രക്തം ആവശ്യമായി വന്നപ്പോള്‍ ബ്ലഡ് ഡോണേഴ്സ് കേരളയുടെ സഹായം തേടി. ദാതാവ് നല്കിയ ഒ പോസിറ്റീവ് രക്തം ശ്രീവിദ്യക്ക് യോജിച്ചില്ല. ബ്ലഡ് ബാങ്കില്‍ വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് ശ്രീവിദ്യയുടെ രക്തം അപൂര്‍വങ്ങളില്‍ അപൂര്‍വമായ 'ബോംബെ' ഗ്രൂപ്പാണെന്നു തെളിഞ്ഞത്.
കേരളത്തില്‍ 32 പേര് മാത്രമാണ് 'ബോംബെ' ഗ്രൂപ്പ് രക്തമുള്ളവരായി കണ്ടെത്തിയിട്ടുള്ളത്. ബി.ഡി.കെ പ്രവര്‍ത്തകര്‍ 'മിഷന് ബോംബെ' എന്നുപേരിട്ട് അന്വേഷണം തുടങ്ങി. ഒടുവില്‍ ഒരാളെ കണ്ടെത്തി, ടെംപോ ഡ്രൈവറായ ജോഷിത്ത്. ജോഷിത്തിന്റെ രക്തം യോജിക്കുമെന്ന് അറിഞ്ഞതോടെ എല്ലാവര്ക്കും ആശ്വാസം. അധികം വൈകാതെ ശസ്ത്രക്രിയയിലൂടെ ശ്രീവിദ്യ പെണ്‍കുഞ്ഞിന് ജന്മം നല്കി. അമ്മയും കുഞ്ഞും പൂര്‍ണ ആരോഗ്യവതികള്‍. ബി.ഡി.കെ സംസ്ഥാന സെക്രട്ടറി സനല്ഷ, ജില്ലാ പ്രസിഡന്റ് നൗഷാദ് കണ്ണമ്പള്ളി, പ്രവര്‍ത്തകരായ വിനോദ് എരവില്‍ , കാരുണ്യ പ്രവര്‍ത്തകനായ സിവില്‍ പൊലിസ് ഓഫിസര്‍ ഖലീഫ, സന്നദ്ധ പ്രവര്‍ത്തരായ വി.കെ സോമനാഥന്, ജയന് ചെറുവത്തൂര്‍, ദിനൂപ്, വേണു ഗോപാലന് തുടങ്ങിയവര്‍ ദൗത്യത്തില്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."