HOME
DETAILS
MAL
കൊവിഡ് മുന്‍കരുതലുകളെടുക്കണം പ്ലസ്‌വണ്‍ പരീക്ഷ നടത്താം
backup
September 18 2021 | 03:09 AM
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: പ്ലസ്‌വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രിംകോടതി അനുമതി. പരീക്ഷ നടത്തുന്നതിനെതിരായ ഹരജി ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് തള്ളി.
സെപ്റ്റംബര്‍ മൂന്നാംവാരത്തോടെ കൊവിഡ് മൂന്നാംതരംഗമുണ്ടാകുമെന്ന ധാരണയിലാണ് പരീക്ഷ സ്റ്റേ ചെയ്തതെന്നും മൂന്നാംതരംഗം ഉടനുണ്ടാകാനുള്ള സാധ്യതയില്ലെന്നും കോടതി വ്യക്തമാക്കി.
പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ബോധിപ്പിച്ച കാരണങ്ങള്‍ അടിസ്ഥാനമുള്ളതാണ്.
പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് കൊവിഡ് വ്യാപനമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കരുതുന്നതായും സംസ്ഥാന സര്‍ക്കാറില്‍ തങ്ങള്‍ വിശ്വാസമര്‍പ്പിക്കുകയാണെന്നും കോടതി പറഞ്ഞു. പരീക്ഷ ഓണ്‍ലൈനായി നടത്തിയാല്‍ കംപ്യൂട്ടര്‍, മൊബൈല്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങളില്ലാത്തവര്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പ്രധാനമായും വാദിച്ചത്.
പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്ന കാരണങ്ങള്‍ തൃപ്തികരമല്ലെന്ന് ഹരജിക്കാനായ റസൂല്‍ ഷാനിന്റെ അഭിഭാഷകന്‍ പ്രശാന്ത് പദ്മനാഭന്‍ മറുവാദമുന്നയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
സംസ്ഥാന സര്‍ക്കാര്‍ പറയുന്ന കാരണങ്ങള്‍ ബോധ്യമാകുന്നതാണെന്ന് ബെഞ്ച് പറഞ്ഞു.
ഈ മാസം ആറു മുതലാണ് പരീക്ഷ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ രാജ്യത്തെ കൊവിഡ് കേസുകളില്‍ 70 ശതമാനവും കേരളത്തില്‍ നിന്നാണെന്ന് ചൂണ്ടിക്കാട്ടി മൂന്നിന് സുപ്രിംകോടതി പരീക്ഷ സ്‌റ്റേ ചെയ്യുകയായിരുന്നു. ഓഫ്‌ലൈനായി പരീക്ഷ നടത്തിയാല്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ കഴിയുമെന്നും കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥികള്‍ക്ക് വിജയിക്കണമെങ്കില്‍ പരാജയപ്പെട്ട വിഷയത്തിലെ പ്ലസ് ടു, പ്ലസ് വണ്‍ പരീക്ഷകള്‍ വിജയിക്കേണ്ടതുണ്ടെന്നും പരീക്ഷ ഓഫ്‌ലൈന്‍ ആയി നടത്തിയില്ലെങ്കില്‍ തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് നികത്താനാകാത്ത നഷ്ടമാകുമെന്നും കേരളം കോടതിയില്‍ ഉന്നയിച്ചു. എസ്.എസ്.എല്‍.സി അടക്കമുള്ള പരീക്ഷകള്‍ ഓഫ്‌ലൈനായി നടത്തിയ കാര്യവും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മൂന്നാംതരംഗം പ്രതീക്ഷിക്കുന്ന ഒക്ടോബറിന് മുമ്പുതന്നെ പരീക്ഷ പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."