അല്‍ഷിഫ ആശുപത്രിയില്‍ ഇസ്‌റാഈല്‍ സൈനികരുടെ ക്രൂര വിളയാട്ടം; നിരവധി ജീവനക്കാര്‍ അറസ്റ്റില്‍, രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്ക് നേരെ വെടിവെപ്പ്
അല്‍ഷിഫ ആശുപത്രിയില്‍ ഇസ്‌റാഈല്‍ സൈനികരുടെ ക്രൂര വിളയാട്ടം; നിരവധി ജീവനക്കാര്‍ അറസ്റ്റില്‍, രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്ക് നേരെ വെടിവെപ്പ്
]തെല്‍ അവിവ്: ഗസ്സയിലെ അല്‍-ഷിഫ ഉള്‍പ്പെടെ ആശുപത്രികള്‍ക്കു നേരെയുള്ള സൈനിക നടപടി തുടര്‍ന്ന് ഇസ്‌റാഈല്‍ സൈന്യം. അല്‍ഷിഫ ആശുപത്രിയെ അക്ഷരാര്‍ത്ഥത്തില്‍ തടവറയാക്കിയിരിക്കുകയാണ് ഇസ്‌റാഈല്‍. ആശുപത്രിക്കുള്ളില്‍ കടന്നുകയറിയ ഇസ്‌റാഈല്‍ സൈന്യം കൊടും ക്രൂരതതകള്‍ തുടരുകയാണ്. രോഗികള്‍ക്കും ആശുപത്രി വളപ്പില്‍ അഭയം തേടിയവര്‍ക്കും നേരെ വെടിവെപ്പും മര്‍ദനവും വ്യാപകം. ആശുപത്രിയുടെ നിയന്ത്രണം പൂര്‍ണമായും സൈനികരുടെ കയ്യിലാണ്. ഇവിടെ അഭയം പ്രാപിച്ചവരില്‍ പുറത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ ഉടന്‍ വെടിവെച്ചിടും. ആശുപത്രിയിലെ ഉപകരണങ്ങളും സൈനികര്‍ തകര്‍ക്കുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ ഇള്‍പെടെ നിരവധി പേരെ അധിനിവേശ സേന അറസ്റ്റ് ചെയ്തു. ഡോക്ടര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരേയും നിരന്തരമായ ചോദ്യം ചെയ്യലിന് വിധേയരാക്കുകയാണ്. ആശുപത്രി വളപ്പില്‍ ടാങ്കുകളും ബുള്‍ഡോസറുകളും തമ്പടിച്ചിട്ടുണ്ട്. ഡോക്ടര്‍മാരോട ആശുപത്രി വിടാന്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് ആരും തയ്യാറായിട്ടില്ല. മുന്നറിയിപ്പ് തള്ളിയ ചില ഡോക്ടര്‍മാരെ സൈന്യം വെടിവെച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗസ്സയിലെ ഏക ഗോതമ്പുമില്ലും ബോംബിട്ട് തകര്‍ത്തതോടെ പട്ടിണിയെ ആയുധമാക്കി മാറ്റുകയാണ് ഇസ്‌റാഈല്‍ എന്ന പരാതിയും വ്യാപകമാണ്.
ആശുപത്രിക്കടിയിലെ ബങ്കറുകള്‍ സൈനിക താവളങ്ങളാണെന്ന നുണ പ്രചാരണം പൊളിഞ്ഞിട്ടും ഫലസ്തീന്‍ ജനതക്കെതിരായ ഉന്‍മൂലന നടപടികളാണ് അമേരിക്കന്‍ പിന്തുണയോടെ ഇസ്‌റാഈല്‍ തുടരുന്നതെന്ന് ഹമാസ് കുറ്റപ്പെടുത്തി. ആയുധങ്ങളും മറ്റും കണ്ടെത്തിയെന്ന ഇസ്‌റാഈല്‍ വാദം ആശുപത്രി അധികൃതര്‍ തള്ളിയിരുന്നു. താല്‍ക്കാലിക ലിഫ്റ്റുകളെയും കുടിവെള്ള ടാങ്കിനെയും കോണ്‍ഫറന്‍സ് റൂമിനെയുമൊക്കെയാണ് സേന ബങ്കറുകളെന്ന് വിലയിരുത്തുന്നത്. ആശുപത്രിയുടെ ഭൂഗര്‍ഭ അറയിലുള്ളത് വെയര്‍ഹൗസുകളും കൂടിക്കാഴ്ചമുറികളുമാണെന്ന് ഗസ്സ ആരോഗ്യമന്ത്രാലയ വക്താവ് പറഞ്ഞു.
ആയുധങ്ങള്‍ ഇസ്‌റാഈല്‍ സൈന്യം ആശുപത്രിക്കുള്ളില്‍ എത്തിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഹമാസ് ചൂണ്ടിക്കാട്ടി. ആശുപത്രികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ജനങ്ങളെ ഗസ്സയില്‍ നിന്ന് പുറന്തള്ളാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് ഹമാസ് കുറ്റപ്പെടുത്തി. ഇസ്‌റാഈലും അമേരിക്കയും ക്രൂരതകള്‍ക്ക് വിലയൊടുക്കേണ്ടി വരുമെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കി. ഇസ്‌റാഈല്‍ സൈന്യത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പാണ് തുടരുന്നതെന്ന് ഹമാസ് വ്യക്തമാക്കുന്നു. 11 സൈനിക വാഹനങ്ങള്‍ കൂടി തകര്‍ത്തതായും ഹമാസ് അറിയിച്ചു.
അതിനിടെ, യുദ്ധത്തിന് മാനുഷിക ഇടവേള വേണമെന്ന പ്രമേയം വീണ്ടും രക്ഷാസമിതിക്കു മുന്നിലെത്തി. എന്നാല്‍ പ്രമേയം ഇസ്‌റാഈല്‍ തള്ളി. ഗസ്സയിലെ ആക്രമണത്തിന് അടിയന്തര മാനുഷിക ഇടവേള വേണമെന്നാവശ്യപ്പെടുന്ന പ്രമേയം അഞ്ചാം തവണയാണ് ഐക്യരാഷ്ട്രസഭ രക്ഷാസമിതി മുന്നോട്ട് വെക്കുന്നത്. രക്ഷാസമിതി അംഗമായ മാള്‍ട്ടയാണ് പ്രമേയത്തിന്റെ കരട് മുന്നോട്ടുവെച്ചത്. കഴിഞ്ഞ നാലു തവണയും പ്രമേയം പരാജയപ്പെട്ടിരുന്നു.
കുഞ്ഞുങ്ങളെയും രോഗികളെയും ഉന്നം വെച്ചുള്ള ആക്രമണം തുടര്‍ന്നാല്‍ മാനുഷിക ദുരന്തം ഉറപ്പാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ഇസ്‌റാഈലിനെതിരെ യു.എന്‍ ഇടപെടല്‍ അടിയന്തരമാണെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് പറഞ്ഞു.
തങ്ങളുടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഇസ്‌റാഈലിന്റെ ഓപറേഷനും വേറിട്ടു കാണണമെന്ന് വൈറ്റ്ഹൗസ്. ആവശ്യപ്പെട്ടു. യെമനില്‍ നിന്നയച്ച ഡ്രോണ്‍ വെടിവെച്ചിട്ടതായി പെന്റഗണ്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."