HOME
DETAILS
MAL
മന്ത്രിമാരും പഠിക്കാനിരിക്കും മന്ത്രിമാര്‍ക്ക് മൂന്നുദിവസം പരിശീലനം; 20നു തുടങ്ങും, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
backup
September 18 2021 | 04:09 AM
തിരുവനന്തപുരം: മന്ത്രിമാരും പഠിക്കാനിരിക്കുന്നു. ഐ.എം.ജിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ക്കായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടി 20ന് ആരംഭിക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസത്തെ പരിശീലനത്തില്‍ പത്ത് സെഷനുകളുണ്ട്. ഭരണസംവിധാനത്തെക്കുറിച്ച് കൂടുതല്‍ അറിയുക, ദുരന്തവേളകളിലെ വെല്ലുവിളികള്‍, മന്ത്രിയെന്ന ടീം ലീഡര്‍ തുടങ്ങിയ സെഷനുകളാണ് ആദ്യ ദിനത്തില്‍. മുന്‍ കാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖറാണ് ഭരണസംവിധാനത്തെക്കുറിച്ച് വിശദീകരിക്കുക. ദുരന്തനിവാരണ വേളകളിലെ വെല്ലുവിളികളെ കുറിച്ച് യു.എന്‍ ദുരന്ത ലഘൂകരണ വിഭാഗം ചീഫ് ഡോ. മുരളി തുമ്മാരുകുടി സംസാരിക്കും. തുടര്‍ന്ന് ഒരു ടീമിനെ നയിക്കുന്നത് സംബന്ധിച്ച് ഐ.ഐ.എം മുന്‍ പ്രൊഫസറും മാനേജീരിയല്‍ കമ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റുമായ പ്രൊഫ. മാത്തുക്കുട്ടി എം മോനിപ്പള്ളി സംസാരിക്കും.
21ന് രാവിലെ ആദ്യ സെഷനില്‍ പദ്ധതി നടപ്പാക്കുന്നതിലെ വെല്ലുവിളികളെക്കുറിച്ച് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്തും തുടര്‍ന്ന് മന്ത്രിമാരുടെ ഉയര്‍ന്ന പ്രകടനത്തെ സംബന്ധിച്ച് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി ഷിബുലാല്‍ ഓണ്‍ലൈനിലും സംവദിക്കും. ഫണ്ടിങ് ഏജന്‍സികളെക്കുറിച്ചും പദ്ധതി ഘടനകളെക്കുറിച്ചും ലോകബാങ്ക് മുഖ്യ മൂല്യനിര്‍ണയ വിദഗ്ധയും സര്‍ക്കാരിന്റെ മുന്‍ ജെന്‍ഡര്‍ ഉപദേശകയുമായ ഡോ. ഗീതാഗോപാല്‍ സംസാരിക്കും. മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഐ.എം.ജി ഡയറക്ടര്‍ കെ. ജയകുമാര്‍ വിശദീകരിക്കും. ഇ- ഗവേണന്‍സിന്റെ പ്രാധാന്യത്തെക്കുറിച്ച് 22ന് രാവിലെ നടക്കുന്ന സെഷനില്‍ കേരള ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ് സംസാരിക്കും. മികച്ച ഫലം ലഭിക്കാന്‍ പ്രചോദനത്തിനുള്ള പ്രാധാന്യം സംബന്ധിച്ച മുന്‍ കേന്ദ്ര സെക്രട്ടറി അനില്‍ സ്വരൂപ് ആശയവിനിമയം നടത്തും. സമൂഹ മാധ്യമങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും പുതിയ സാധ്യതകളും എന്ന വിഷയത്തില്‍ സിറ്റിസണ്‍ ഡിജിറ്റല്‍ ഫൗണ്ടേഷന്‍ സ്ഥാപകരായ നിധി സുധനും വിജേഷ് റാമും അവതരിപ്പിക്കുന്ന സെഷനോടെ പരിശീലനം സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."