ഇനി കമ്പനികളെ കാത്തിരിക്കേണ്ട; സഊദിയിൽ എക്സ്‌പീരിയൻസ് സർട്ടിഫിക്കറ്റ് ഓൺലൈനിൽ ലഭിക്കും
ഇനി കമ്പനികളെ കാത്തിരിക്കേണ്ട; സഊദിയിൽ എക്സ്‌പീരിയൻസ് സർട്ടിഫിക്കറ്റ് ഓൺലൈനിൽ ലഭിക്കും
റിയാദ്: സഊദിയിൽ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഇനി മുതൽ ഓൺലൈൻ വഴി ലഭിക്കും. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഏറെ ആശ്വാസകരമാകുന്ന നടപടിയാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പിലാക്കിയത്. ഖിവാ പ്ലാറ്റ്‌ഫോമിലൂടെ ഓൺലൈനായി പരിചയ സമ്പത്ത് തെളിയിക്കുന്ന സർവീസ് സർട്ടിഫിക്കറ്റുകൾ വേഗത്തിൽ കൈപ്പറ്റാവുന്നതാണ് പുതിയ സേവനം. ഇതോടെ കമ്പനികളെ ആശ്രയിക്കാതെ എക്സ്‌പീരിയൻസ് സർട്ടിഫിക്കറ്റ് നേടാനാകും.
ഒരു സ്ഥാപനത്തിൽ നിന്നും ജോലി അവസാനിപ്പിച്ചു മാറി മറ്റൊരു ജോലി പുതിയ സ്ഥാപനത്തിൽ കണ്ടെത്തുമ്പോൾ കഴിവും പ്രവൃത്തിപരിചയവും തെളിയിക്കുന്നതിനാണ് ജീവനക്കാർക്ക് സർവീസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്. പലപ്പോഴും ജോലി ചെയ്തിരുന്ന സ്ഥാപനം സർട്ടിഫിക്കേറ്റ് നൽകാൻ വൈകുന്നത് ജോലി നഷ്ടമാകാൻ കാരണമായിരുന്നു. പുതിയ പദ്ധതി വന്നതോടെ ജീവനക്കാർക്ക് എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ ഇനി മുതൽ സ്ഥാപനങ്ങളുടെ ഔദാര്യത്തിന് കാത്തുനിൽക്കേണ്ടതില്ല.
ഖിവാ പ്ലാറ്റ്‌ഫോമിലെ വ്യക്തിഗത അക്കൗണ്ടു വഴിയാണ് ഓൺലൈനായി സർവിസ് സർട്ടിഫിക്കറ്റ് നേടേണ്ടത്. തൊഴിൽ മേഖലയിലെ അന്തരീക്ഷം മെച്ചപ്പെടുത്താനും സ്ഥിരത വർധിപ്പിക്കാനും ഏറ്റവും മികച്ച ഡിജിറ്റൽ പോംവഴികളിലൂടെ രാജ്യാന്തര തലത്തിലെ മികച്ച രീതികൾ കൈവരിക്കാനും ബിസിനസ് മേഖലക്കായി 130 ലേറെ ഓട്ടോമേറ്റഡ് സേവനങ്ങൾ നൽകാനുമാണ് ഖിവാ പ്ലാറ്റ്‌ഫോമിലൂടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പദ്ധതിയിടുന്നത്.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും തൊഴിൽ വിപണിയുടെ സ്ഥിരതയും ആകർഷണീയതയും ഉയർത്തുകയും ചെയ്യുന്ന നിലയ്ക്ക് മുഴുവൻ സേവനങ്ങളും ഖിവാ പ്ലാറ്റ്‌ഫോമിലൂടെ ഡിജിറ്റൽ രീതിയിൽ നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."