HOME
DETAILS
MAL
പദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് ഭരണസമിതി
backup
September 18 2021 | 04:09 AM
കേസ് വിധി പറയാന്‍ മാറ്റി
ന്യൂഡല്‍ഹി: പദ്മനാഭസ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ദൈനംദിന ക്ഷേത്രചെലവുകള്‍ക്ക് പണം നല്‍കേണ്ട ക്ഷേത്ര ട്രസ്റ്റിന്റെ കഴിഞ്ഞ 25 വര്‍ഷത്തെ അക്കൗണ്ട് ഓഡിറ്റ് ചെയ്യണമെന്നും ഭരണസമിതി സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു.
ഓഡിറ്റില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര ട്രസ്റ്റ് നല്‍കിയ ഹരജിക്കുള്ള മറുപടിയിലാണ് ഭരണസമിതി ആവശ്യമുന്നയിച്ചത്.
ഹരജിയില്‍ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ജസ്റ്റിസുമാരായ യു.യു ലളിത്, എസ്. രവീന്ദ്രഭട്ട്, ബേലാ ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് കേസ് വിധി പറയാന്‍ മാറ്റി.
കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം പദ്മനാഭസ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഭരണസമിതി സുപ്രിംകോടതിയെ അറിയിച്ചു. ക്ഷേത്രത്തിന്റെ പ്രതിമാസ ചെലവ് 1.20 കോടിയാണ്. എന്നാല്‍ വരവ് 60-70 ലക്ഷം മാത്രമാണ്. ദൈനംദിന ക്ഷേത്ര ചെലവുകള്‍ക്ക് പണം കണ്ടെത്താനാണ് ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചതെന്നും ഭരണ സമിതിക്കുവേണ്ടി അഭിഭാഷകന്‍ ആര്‍. ബസന്ത് ചൂണ്ടിക്കാട്ടി.
ക്ഷേത്ര ട്രസ്റ്റിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ല. വിനോദ് റായ് സമിതി നടത്തിയ ഓഡിറ്റിങില്‍ ട്രസ്റ്റിന്റെ കൈയില്‍ പണമായി 2.87 കോടി രൂപയും, 1.95 കോടിയുടെ ആസ്തിയും ഉള്ളതായി കണ്ടെത്തിയിരുന്നു.
2008 മുതല്‍ 2014 വരെയുള്ള കണക്കുകളാണ് ഓഡിറ്റ് ചെയ്തത്. 25 വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്താല്‍ മാത്രമേ ഇപ്പോള്‍ ട്രസ്റ്റിന്റെ കൈവശമുള്ള പണവും ആസ്തിയും അറിയാന്‍ കഴിയൂ എന്നും ബസന്ത് വാദിച്ചു. തിരുവിതാംകൂര്‍ രാജകുടുംബം ക്ഷേത്രത്തില്‍ നടത്തുന്ന മതപരമായ ആചാരങ്ങള്‍ക്കുവേണ്ടിയാണ് ട്രസ്റ്റ് രൂപീകരിച്ചതെന്നും ക്ഷേത്രത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളില്‍ ഇടപെടാറില്ലെന്നുമാണ് ട്രസ്റ്റിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അരവിന്ദ് പി. ദത്താര്‍ വാദിച്ചത്.
കോടതിക്ക് ആവശ്യമെങ്കില്‍ ട്രസ്റ്റിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ നിര്‍ദേശിക്കാം. എന്നാല്‍ തങ്ങളെ ഭരണസമിതിയുടെ നിയന്ത്രണത്തിലാക്കരുതെന്ന് ട്രസ്റ്റ് ആവശ്യപ്പെട്ടു.
വിനോദ് റായ് സമിതിയുടെയും അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെയും റിപ്പോര്‍ട്ടുകളോട് ചില എതിര്‍പ്പുകള്‍ ഉയര്‍ന്നതിനാലാണ് ഓഡിറ്റിന് നിര്‍ദേശം നല്‍കിയതെന്ന് ജസ്റ്റിസ് യു.യു ലളിത് ചൂണ്ടിക്കാട്ടി.
ദൈനംദിന ക്ഷേത്ര കാര്യങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി. കോടതി ഉത്തരവ് പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുകയാണ് കോടതി ചെയ്യുന്നതെന്നും ബെഞ്ച് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."