പട്ടയപ്രശ്നം വസ്തുനിഷ്ഠമായി കൈകാര്യം ചെയ്യണം: എം.പി
ചെറുതോണി: ജില്ലയിലെ പട്ടയ പ്രശ്നങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വസ്തുനിഷ്ഠമായി കാര്യങ്ങള്‍ പഠിച്ചു മനസിലാക്കിയശേഷമേ നടപടികള്‍ കൈക്കൊള്ളാവൂ എന്ന് അഡ്വ. ജോയ്സ് ജോര്‍ജ് എം.പി ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റവന്യു വകുപ്പ് കൈകാര്യം ചെയ്യുന്ന പ്രശ്ന ബാധിത വിഷയങ്ങളുടെ സംക്ഷിപ്ത റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി അടുത്ത മാസം 15 നുമുമ്പ് തയ്യാറാക്കണമെന്നും ജില്ലയിലെ സര്‍വേ ടീമിന്റെ പ്രതിമാസ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ വികസന സമിതി യോഗത്തില്‍ സ്ഥിരമായി സമര്‍പ്പിക്കണമെന്നും എം.പി നിര്‍ദേശിച്ചു.
വണ്ടിപ്പെരിയാറിലെ പാലം, കുരിശുപള്ളി, എക്സൈസ് ഓഫീസ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നം അടിയന്തിരമായി പരിഹരിക്കാന്‍ ജില്ലാ വികസന സമിതിയോഗം തീരുമാനിച്ചു. ഇതിനായി വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന സെപ്റ്റംബര്‍ ഒന്നിനുമുമ്പ് പൂര്‍ത്തിയാക്കാനും യോഗം നിര്‍ദേശിച്ചു.
പെരിഞ്ചാന്‍കുട്ടിയില്‍ നിന്നും കുടിയിറക്കപ്പെട്ട ആദിവാസികളുടെ കാര്യത്തില്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നും ഇക്കാര്യത്തിലുള്ള പരിഹാര റിപ്പോര്‍ട്ട് അടുത്ത വികസന സമിതിയോഗത്തില്‍ ജില്ലാ കലക്ടര്‍ അവതരിപ്പിക്കണമെന്നും ഇ.എസ് ബിജിമോള്‍ എം.എല്‍.എ ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ കലക്ടര്‍ ജി.ആര്.ഗോകുല്‍ അധ്യക്ഷനായിരുന്നു. എസ്.രാജേന്ദ്രന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ഇടുക്കി സബ് കലക്ടര്‍ എന്‍.റ്റി.എല്‍ റഡ്ഡി, എ.ഡി.എം കെ.കെ.ആര് പ്രസാദ്, ജില്ലാ പൊലിസ് മേധാവി എ.വി ജോര്‍ജ്, ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."