മൊറോക്കൊയെ കീഴടക്കി; ഫ്രാൻസ് ഫൈനലിൽ
ദോഹ: ഖത്തര്‍ ലോകകപ്പില്‍ അവിസ്മരണീയ കുതിപ്പ് നടത്തിയ മൊറോക്കോയെ തടയാന്‍ ഒടുവില്‍ 2018ലെ ചാംപ്യന്‍മാര്‍ തന്നെ വേണ്ടി വന്നു. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലില്‍ മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഫ്രാന്‍സ് തുടര്‍ച്ചയായി രണ്ടാം തവണയും ഫൈനലിലേക്ക് ടിക്കറ്റെടുത്തു. തിയോ ഹെര്‍ണാണ്ടസ്, കോലോ മുആനി എന്നിവരുടെ ഷോട്ടുകള്‍ക്ക് തടയിടാന്‍ സൂപ്പര്‍ ഗോളി യാസിന്‍ ബോനോയ്ക്കും പ്രതിരോധത്തിനും കഴിഞ്ഞില്ല. ഫിനിഷിങ്ങിലെ പോരായ്മയാണ് ലോകകപ്പില്‍ ചരിത്ര സെമി കുറിച്ച മോറോക്കോയ്ക്ക് വിനയായത്. പന്തടക്കത്തില്‍ ഫ്രഞ്ച് പടയെക്കാള്‍ ഒരുപടി മുന്നിലായിരുന്ന മൊറോക്കോയ്ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും വലയിലേക്ക് തുളച്ചുകയറ്റാനുള്ള താരത്തിന്റെ അഭാവം ടീം നന്നായി അറിഞ്ഞു.
ആ്രേന്ദ റാബിയറ്റിനും ഉപമെക്കാനോയ്ക്കും പകരം ഫൊഫാനയെയും കൊനാറ്റയെയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി ആക്രമണം കടുപ്പിച്ച് 4123 ശൈലിയിലാണ് ദിദിയര്‍ ദെശഷാംപ്‌സ് ഫ്രാന്‍സിനെ ഇറക്കിയത്. പ്രതിരോധം കടുപ്പിച്ച് മൊറോക്കോ 343 ശൈലിയിലും ഇറങ്ങി.
കളി തുടങ്ങി അഞ്ചാം മിനുട്ടില്‍ തന്നെ ഫ്രഞ്ച് പട നയം വ്യക്തമാക്കി. മൊറോക്കന്‍ ഗോള്‍ മുഖത്ത് നടന്ന കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പുറത്തേക്കെന്ന് തോന്നിയ പന്ത് തിയോ ഹെര്‍ണാണ്ടസിന്റെ അസാമാന്യ പ്രകടനത്തില്‍ വലയില്‍. എതിരാളികളുടെ ശരവേഗത്തിലുള്ള ഷോട്ടുകള്‍ പോരാളിയെ പോലെ തടുത്ത യാസീന്‍ ബോണോയ്ക്ക് ഇത്തവണ പിഴച്ചതോടെ മൊറോക്കോ ഒരു ഗോളിന് പിന്നില്‍. ഖത്തര്‍ ലോകകപ്പില്‍ ആദ്യമായാണ് എതിര്‍ ടീം മൊറോക്കോയുടെ വലയില്‍ പന്തെത്തിക്കുന്നത്. 1958ന് ശേഷം ലോകകപ്പ് സെമിയിലെ ഏറ്റവും വേഗതയേറിയ ഗോളെന്ന റെക്കോഡും ഇതോടെ തിയോ സ്വന്തമാക്കി. ഒരു ഗോളില്‍ ദാഹം തീരാത്ത ഫ്രഞ്ച് പട വീണ്ടും മൊറോക്കന്‍ ഗോള്‍മുഖത്ത് ആക്രമണം വിതച്ചു. 17ാം മിനുട്ടില്‍ ഒലിവര്‍ ജിറൂദ് തൊടുത്ത ബുള്ളറ്റ് ഷോട്ട് പോസ്റ്റ് ബാറില്‍ തട്ടി മടങ്ങിയതോടെ ഫ്രാന്‍സിന് നഷ്ടമായത് രണ്ടാം ഗോള്‍. എന്നാല്‍ 25 മിനുട്ടുകള്‍ക്ക് ശേഷം മൈതാനത്ത് താളം കണ്ടെത്തിയ മൊറോക്കോയുടെ ഊഴമായിരുന്നു പിന്നീട്. ഇടയ്ക്ക് മധ്യനിരയില്‍ നിന്ന് പന്ത് ഫ്രഞ്ച് താരങ്ങള്‍ റാഞ്ചിയെടുത്തെങ്കിലും അവര്‍ കൃത്യതയാര്‍ന്ന പാസുമായി എതിര്‍ ബോക്‌സിലെത്തിച്ചു കൊണ്ടിരുന്നു. ഇതിനിടെ അവര്‍ കൗണ്ടര്‍ അറ്റാക്കിലൂടെയും മറുപടി നല്‍കാന്‍ ശ്രമിച്ചെങ്കിലും ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസും പ്രതിരോധവും വിലങ്ങു തടിയായി നിന്നു. 44ാം മിനുട്ടില്‍ പ്രതിരോധ താരം എല്‍ യാമിഖ് ബൈസിക്കിള്‍ കിക്കോടെ പന്ത് ഫ്രഞ്ച് വലയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പോസ്റ്റില്‍ തട്ടിയതോടെ മൊറോക്കന്‍ ആരാധകര്‍ക്ക് നിരാശ.
ആദ്യ പകുതിയില്‍ ബാക്കി വച്ച ഊര്‍ജവുമായാണ് മൊറോക്കന്‍ താരങ്ങള്‍ രണ്ടാം പകുതിയില്‍ ഇറങ്ങിയത്. രണ്ടാം പകുതിയില്‍ ആക്രമണ മൂര്‍ച്ച കൂട്ടിയ മൊറോക്കോയെ തളക്കാന്‍ മുന്നേറ്റ നിരയിലുള്ള എംബാപ്പെയും ഗ്രീസ്മാനും വരെ ഫ്രഞ്ച് ഗോള്‍മുഖത്ത് തമ്പടിച്ചു. 65ാം മിനുട്ടില്‍ ദെഷാംപ്‌സ് ജിറൂദിനെ കയറ്റി മാര്‍ക്കസ് തുറാമിനെ ഇറക്കി അടുത്ത ഗോളിന് പരിശ്രമിച്ചു. 79ാം മിനുട്ടില്‍ ദെഷാംപ്‌സ് കോലോ മുആനി ഇറക്കി വീണ്ടും പരീക്ഷിച്ചപ്പോള്‍ പരീക്ഷണം വിജയം കണ്ടു. 80ാം മിനുട്ടില്‍ മൊറോക്കന്‍ പ്രതിരോധങ്ങളെ വകഞ്ഞുമാറ്റി കിലിയന്‍ എംബാപ്പെ നല്‍കിയ ക്രോസില്‍ മുആനി വല തുളച്ചതോടെ ഫ്രാന്‍സ് വീണ്ടും ആഹ്ലാദത്തിലാറാടി. തുടര്‍ന്നും മൊറോക്കോ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒടുവില്‍ പരാജയത്തോടെ മടങ്ങേണ്ടി വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."