സേനാംഗങ്ങളല്ലാത്തവരുടെ 'കാക്കി അഴിപ്പിക്കാന്‍' പൊലിസ്
തിരുവനന്തപുരം: പൊലിസിന്റേതിന് സമാനമായ കാക്കി യൂനിഫോം മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ ധരിക്കുന്നത് നിര്‍ത്തലാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഡി.ജി.പി അനില്‍കാന്ത്. പൊലിസിന് സമാനമായ യൂനിഫോമിട്ട് മറ്റ് വകുപ്പുകളിലെ ചില ഉദ്യോഗസ്ഥര്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ തെറ്റിദ്ധാരണ പരത്തുന്നുവെന്ന ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടര്‍ന്നാണ് ഡി.ജി.പിയുടെ ഇടപെടല്‍.
പൊലിസ്, ഫയര്‍ഫോഴ്‌സ് ജയില്‍, വനംവകുപ്പ് ഉദ്യോഗസ്ഥരാണ് നിലവില്‍ കാക്കി യൂനിഫോം ധരിക്കുന്നത്. എന്നാല്‍, പൊലിസിന് സമാനമായ ചിഹ്നങ്ങളോ ബെല്‍റ്റോ മറ്റ് സേനാ വിഭാഗങ്ങള്‍ ഉപയോഗിക്കാറില്ല. പൊലിസ് ആക്ട് പ്രകാരം പൊലിസ് യൂനിഫോമിന് സമാനമായി വസ്ത്രം ധരിക്കുന്നതും തെറ്റാണ്. മറ്റ് സേനാ വിഭാഗങ്ങളോ സെക്യൂരിറ്റി ജീവനക്കാരോ ഒന്നും ഇത്തരത്തില്‍ യൂനിഫോം ധരിക്കരുത്.
പക്ഷേ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍, സ്റ്റുഡന്റ് പൊലിസിന്റെ ഭാഗമായ അധ്യാപകര്‍ എന്നിവരെല്ലാം കാക്കി യൂനിഫോമും തോളില്‍ സ്റ്റാറും വയ്ക്കാറുണ്ട്. ഇതാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന എ.ഡി.ജി.പിമാരുടെ ഉന്നതതല യോഗത്തില്‍ ചര്‍ച്ചയായത്. സേനാംഗങ്ങളല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാക്കി ധരിക്കുകയും തെറ്റിദ്ധാരണ പരത്തുകയുമാണെന്ന് യോഗത്തില്‍ എ.ഡി.ജി.പി പത്മകുമാര്‍ ആരോപിച്ചു. പൊലിസുകാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇത്തരം ഉദ്യോഗസ്ഥര്‍ സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതായും യോഗത്തില്‍ ചര്‍ച്ച ഉയര്‍ന്നു. എല്ലാവരും പൊലിസ് ചമയേണ്ടെന്നും യൂനിഫോമില്‍ വിട്ടുവീഴ്ചവേണ്ടെന്നും അഭിപ്രായമുയര്‍ന്നപ്പോഴാണ് സര്‍ക്കാരിനെ ഈ വികാരം അറിയിക്കാന്‍ ഡി.ജി.പി തീരുമാനിച്ചത്. യോഗതീരുമാനം പൊലിസ് ആസ്ഥാനത്തെഎ.ഡി.ജി.പി മനോജ് എബ്രഹാം ആണ് സര്‍ക്കാരിനെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."