പരിസ്ഥിതിലോലം: കേന്ദ്രം നിയമനിർമാണം നടത്തണം
പരിസ്ഥിതിലോല മേഖല വിഷയത്തെ സംബന്ധിച്ച് കേരള റിമോട്ട് സെൻസിങ് ആൻഡ് എൻവൺയൺമെന്റ് സെന്റർ (കെ.എസ്.ആർ.ഇ.സി) നടത്തിയ സർവേയിലാകെ ആശയക്കുഴപ്പമാണുള്ളത്. പരിസ്ഥിതിലോല മേഖലയെക്കുറിച്ച് നേരിട്ടുള്ള സ്ഥല പരിശോധന വേണമെന്ന ജനങ്ങളുടെയും കർഷക സംഘടനകളുടെയും ആവശ്യം ഇതോടെ കൂടുതൽ ശക്തിപ്പെട്ടിരിക്കുകയാണ്. ഗൂഗിളിന്റെ സഹായത്തോടെ നടത്തിയ ഉപഗ്രഹ സർവേ അശാസ്ത്രീയവും അപൂർണവുമാണ്. ഗൂഗിൾ നടത്തിയ പരിശോധനയിൽ ഓടുകൊണ്ടും ഓലകൊണ്ടും മേഞ്ഞവയും മരങ്ങളുടെ മറവിലുള്ളതുമായ വീടുകൾ ഉൾപ്പെട്ടിട്ടില്ല. രണ്ട് ലക്ഷത്തിലധികം വീടുകളും കെട്ടിടങ്ങളും പരിസ്ഥിതിലോല മേഖലയിലെ ഒരു കിലോമീറ്റർ പരിധിയിലുണ്ട്. ഗൂഗിൾ പരിശോധനയിൽ കണ്ടെത്തിയാതാകട്ടെ 49,330 വീടുകളും കെട്ടിടങ്ങളുമാണ്.
അപൂർണമായ ഈ റിപ്പോർട്ട് അടുത്ത മാസം സുപ്രിംകോടതിയുടെ പരിഗണനക്ക് വന്നാൽ ആഘാതം വലിയതായിരിക്കും. അപൂർണവും അശാസ്ത്രീയവുമായ ഈ റിപ്പോർട്ട് സുപ്രിംകോടതിയിൽ സമർപ്പിക്കുകയല്ലാതെ മുമ്പിൽ വേറെ വഴിയുമില്ല. നിരവധി വീടുകളും കൃഷിസ്ഥലങ്ങളും വ്യാപാര സ്ഥാപനങ്ങളും ഇല്ലാത്ത റിപ്പോർട്ട് കോടതി അംഗീകരിച്ചാൽ ലക്ഷക്കണക്കിന് മനുഷ്യർ കിടപ്പാടം നഷ്ടപ്പെട്ട് തെരുവിലാകും. ഏക്കർകണക്കിന് കൃഷിസ്ഥലങ്ങൾ നഷ്ടപ്പെടും. കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും ഇല്ലാതാകും. ഇതൊഴിവാക്കാനായിരുന്നു സംസ്ഥാന സർക്കാർ നേരിട്ടുള്ള സ്ഥല പരിശോധനക്കായി ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചത്. സമിതി നാല് പ്രാവശ്യം യോഗം ചേർന്നതല്ലാതെ കാര്യമായ ഇടപെടലുണ്ടായില്ല എന്നത് ആശ്ചര്യകരംതന്നെ. നേരിട്ടുള്ള സ്ഥല പരിശോധന എന്ന് നടത്തുമെന്നത് സംബന്ധിച്ചു വ്യക്തമായ ധാരണ ഇപ്പോഴും സമിതിക്ക് ഇല്ല. ഇനി നേരിട്ടുള്ള സ്ഥലപരിശോധന നടത്താൻ തുടങ്ങിയാലും അടുത്ത മാസം കേസ് പരിശോധിക്കുന്ന സുപ്രിംകോടതിയിൽ സംസ്ഥാനത്തെ 22 സംരക്ഷിത വനപ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള ബഫർ സോൺ മേഖലയിലെ വീടുകളും കൃഷിസ്ഥലങ്ങളും കെട്ടിടങ്ങളും നിജപ്പെടുത്തി റിപ്പോർട്ട് സുപ്രിംകോടതിയിൽ സമർപ്പിക്കുകയെന്നത് ദുഷ്‌കരവുമാണ്. അപൂർണവും അവ്യക്തവുമായ ഗൂഗിൾ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുക എന്നതായിരിക്കും ആത്യന്തികമായി സംഭവിക്കുക.
ഗൂഗിൾ ഉപയോഗപ്പെടുത്തി ഉപഗ്രഹ സർവേ നടത്തിയതിൽ ലഭിച്ച ചിത്രങ്ങൾ മാത്രം കണ്ട് വനം വകുപ്പ് തയാറാക്കിയ സർവേ റിപ്പോർട്ട് ശാസ്ത്രീയമല്ലെന്നു നേരത്തെ തന്നെ ജനങ്ങളും കർഷക സംഘടനകളും ആരോപിച്ചതാണ്. ഇതേത്തുടർന്നാണ് നേരിട്ടുള്ള സ്ഥല പരിശോധനക്ക് സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചതും.
സംരക്ഷിത വനമേഖലയുടെ അതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയായി നിലനിർത്തണമെന്ന സുപ്രിംകോടതിയുടെ നേരത്തെയുള്ള ഉത്തരവിൽ ആശങ്കപ്പെട്ട് പ്രദേശത്തെ ജനങ്ങൾ കഴിയുന്നതിനിടയിലാണ് കൂനിന്മേൽ കുരുവെന്ന മട്ടിൽ വനം വകുപ്പിന്റെ അശാസ്ത്രീയ ഉപഗ്രഹ റിപ്പോർട്ട് സുപ്രിംകോടതിയിൽ സമർപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നത്. വർഷങ്ങളോളം മണ്ണിൽ വിയർപ്പൊഴുക്കി ഉണ്ടാക്കിയ കൃഷിസ്ഥലങ്ങളും വീടുകളും കെട്ടിടങ്ങളും അപക്വമായ റിപ്പോർട്ടിനാൽ നഷ്ടപ്പെട്ടേക്കാം. വയനാടിന്റെ സ്വഭാവം തന്നെ മാറ്റിമറിക്കപ്പെട്ടേക്കാം. റിപ്പോർട്ട് സുപ്രിംകോടതി അംഗീകരിക്കുകയാണെങ്കിൽ ബത്തേരി നഗരം അപ്രത്യക്ഷമാകും. പുൽപ്പള്ളി, തിരുനെല്ലി പഞ്ചായത്തുകൾ പൂർണമായും പരിസ്ഥിതി നിയന്ത്രണ മേഖലയിൽ വരും. വയനാടിനൊപ്പം ആറളം, മലബാർ വന്യജീവി സങ്കേത പ്രദേശങ്ങൾ, ബത്തേരി സിവിൽ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ഡിപ്പോ എന്നിവയും നഷ്ടപ്പെടും. കാടിനോടും കൃഷിയിടങ്ങളോടും ചേർന്ന് പോകുന്നതാണ് വയനാടും അതുപോലുള്ള വനാതിർത്തി പ്രദേശങ്ങളും അതെല്ലാം ഒറ്റയടിക്ക് ഇല്ലാതാവുകയാണെങ്കിൽ കേരളത്തിന്റെ സാമൂഹിക ജീവതത്തിൽ വൻ പ്രത്യാഘാതമായിരിക്കും വരുത്തിവയ്ക്കുക. ഏറ്റവും കൂടുതൽ നഷ്ടം വയനാടിനാണ് സംഭവിക്കുക.
വളരെ കുറഞ്ഞ ഭൂവിസ്തൃതിയുള്ള പ്രദേശമാണ് കേരളം. അതിൽ മുപ്പത് ശതമാനത്തോളം വനമാണ്. ആകെ ഭൂവിസ്തൃതിയുടെ നാൽപത്തിയെട്ട് ശതമാനം പശ്ചിമഘട്ട മലനിരകളുമാണ്. കൂടാതെ നിരവധി നദികളും കുളങ്ങളും കായലുകളും വയലുകളും തണ്ണീർത്തടങ്ങളും അടങ്ങിയതാണ് സംസ്ഥാനത്തിന്റെ ഭൂപ്രകൃതി. ജനസാന്ദ്രതയാകട്ടെ ഏറെ മുകളിലാണ്. ഈ കാരണങ്ങളാൽ ജനവാസയോഗ്യമായ പ്രദേശങ്ങൾ സംസ്ഥാനത്ത് വളരെ കുറവാണ്. ഉള്ള സ്ഥലങ്ങളിൽ ആളുകൾ തിങ്ങിത്താമസിക്കുകയാണ്. പുതിയ കണക്ക് പ്രകാരം ജനസംഖ്യ 3.5 കോടിക്ക് മുകളിൽ വരും. ഇതെല്ലാം കണക്കിലെടുത്ത് ജനവാസ മേഖലകൾ പൂർണമായും ഒഴിവാക്കിക്കൊണ്ട് സംസ്ഥാനം സമർപ്പിച്ച നിർദേശങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലായിരുന്നു. അതിനിടയിലാണ് സുപ്രിംകോടതിയുടെ വിധി വന്നത്. വിധിപ്രകാരം സംരക്ഷിത വനമേഖലയിൽ നിന്ന് ഒരു കിലോമീറ്റർ പരിധിയിലുള്ള പ്രദേശം പരിസ്ഥിതിലോല മേഖലയായി നിജപ്പെടുത്തിയാൽ ഇവിടെയുള്ള ലക്ഷക്കണക്കിന് മനുഷ്യർ എവിടെപ്പോകുമെന്നത് വലിയ ചോദ്യമാണ്. ഒഴിഞ്ഞുപോകാമെന്ന് കരുതിയാൽ ഭൂമിക്ക് വില കിട്ടുന്നുമില്ല. ആർക്കും വേണ്ടാത്ത ഭൂമിയായി സംരക്ഷിത വനമേഖലക്കു സമീപമുള്ള പ്രദേശങ്ങൾ മാറിക്കഴിഞ്ഞു.
ഈ സാഹചര്യത്തിൽ കേരളത്തിന്റെ പ്രത്യേക അവസ്ഥ കണക്കിലെടുത്ത്, സുപ്രിംകോടതി വിധിപ്രകാരമുള്ള ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതിലോല മേഖല നിർണയിക്കുന്നതിൽനിന്ന് സംസ്ഥാനത്തിന് ഇളവുണ്ടാകണം. നേരത്തെ സുപ്രിംകോടതി തന്നെ വ്യക്തമാക്കിയ 'സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ജനവാസമേഖലകൾ, കൃഷിയിടങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള' പരിസ്ഥിതിലോല മേഖല നിർണയിക്കുന്ന അന്തിമ വിജ്ഞാപനം കേന്ദ്ര സർക്കാരിൽനിന്ന് ഉണ്ടാകണം. ഇത് സംബന്ധിച്ച നിയമനിർമാണം നടത്താനും കേന്ദ്ര സർക്കാർ തയാറാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."