രാഹുലിനെക്കൊണ്ട് കഴിയില്ല; നരേന്ദ്രമോദിക്ക് ബദല്‍ മമത മാത്രമെന്ന് തൃണമൂല്‍ മുഖപത്രം
കൊല്‍ക്കത്ത: രാജ്യത്ത് ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബദല്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മാത്രമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മുഖപത്രം ജാഗോ ബംഗ്ള. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി തികഞ്ഞ പരാജയമെന്നും പത്രം പറയുന്നു.
പ്രതിപക്ഷ സഖ്യത്തിലെ അവിഭാജ്യ ഘടകമാണ് കോണ്‍ഗ്രസ് പാര്‍ട്ടി. പക്ഷേ, നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും മോദിക്ക് ബദലായി ഉയര്‍ന്നുവരാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചില്ല. മോദിക്ക് ബദലായി മമതാ ബാനര്‍ജിയെ ഉയര്‍ത്തിക്കാട്ടി കാമ്പയിന് നടത്തണമെന്നും ലേഖനത്തില്‍ പറയുന്നു.
ധാരാളം അവസരങ്ങളുണ്ടായിട്ടും രാഹുല്‍ അതിനെ വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തിയില്ലെന്നും മോദിക്ക് ബദല്‍ മമത എന്ന പ്രചാരണ പരിപാടി ദേശവ്യാപകമായി തുടങ്ങുമെന്നും മുഖപത്രത്തില്‍ പറയുന്നു.
'കോണ്‍ഗ്രസില്ലാതെ ഒരിക്കലും ബിജെപി വിരുദ്ധ മുന്നണിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനാകില്ല. പക്ഷേ, മോദിക്ക് ബദലായി രാഹുല്‍ ഗാന്ധി ഇതുവരെ ഉയര്‍ന്നുവന്നിട്ടില്ല. മമത ബാനര്‍ജിയാണ് മോദിയുടെ ബദല്‍ മുഖം, മമതയെ ബദലായി നിലനിര്‍ത്തിക്കൊണ്ട് രാജ്യമെമ്പാടും പ്രചാരണം ആരംഭിക്കണം- പത്രത്തില്‍ പറയുന്നു.
അതേ സമയം 2024ലെ തെരഞ്ഞെടുപ്പില്‍ മമതയെ പ്രതിപക്ഷത്തിന്റെ മുഖമാക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നീക്കത്തിനെതിരെ നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തി. മമതയ്ക്ക് അധികാരക്കൊതിയാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. മമതയുടെ ലക്ഷ്യം പ്രധാനമന്ത്രി കസേരയാണെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി.
'എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണമെന്ന് മമതാ ബാനര്‍ജി പറയുന്നു. മറുവശത്ത്, ഒരു കക്ഷിയുമായും ആലോചിക്കാതെ, അവള് മറ്റ് പാര്‍ട്ടികളെ അപമാനിക്കുകയാണ്. താന്‍ പ്രധാനമന്ത്രിയാകണമെന്ന് പാര്‍ട്ടി മുഖപത്രത്തില്‍ എഴുതാന്‍ അവര്‍ ആവശ്യപ്പെടുന്നു. ഇത് നിര്‍ഭാഗ്യകരമാണ് .... ഈ നിലപാടിനെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു.'- ചൗധരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."