'ഉസാമ ബിന്‍ ലാദന് ആതിഥ്യമരുളിയത് ഇവിടെ സുവിശേഷ പ്രസംഗം നടത്താനുള്ള യോഗ്യതയല്ല' യു.എന്നില്‍ കശ്മീര്‍ വിഷയമുയര്‍ത്തിയ പാകിസ്താനോട് ഇന്ത്യ
യു.എന്‍: അരുണാചല്‍ പ്രദേശില്‍ ഇന്ത്യ-ചൈന സംഘര്‍ഷം നിലനില്‍ക്കെ ഐക്യരാഷ്ട്ര സമിതിയുടെ സമ്മേളനത്തില്‍ കശ്മീര്‍ വിഷയമുയര്‍ത്തിയ പാകിസ്താന് ശക്തമായ മറുപടി നല്‍കി ഇന്ത്യ. ഇന്ത്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 'ബഹുരാജ്യ സംവിധാനം എങ്ങനെയാണ് മുന്നോട്ടു പോകുന്നത്', 'ഭീകരവാദത്തെ എങ്ങനെ നേരിടാം' എന്ന വിഷയത്തിലുള്ള സമ്മേളനത്തിലാണ് ഇന്ത്യക്കെതിരെ പാകിസ്താന്‍ വിമര്‍ശനം ഉയര്‍ത്തിയത്.
പാക് വിദേശകാര്യ മന്ത്രിയുടെ പരാമര്‍ശനത്തിനാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ശക്തമായ മറുപടി നല്‍കിയത്. ബഹുരാഷ്ട്ര സംവിധാനങ്ങളെ കുറിച്ച് ഇന്ത്യ സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ കശ്മീരിനെ കുറിച്ചും സംസാരിക്കണമെന്ന് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ ആവശ്യപ്പെട്ടു. കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സമിതി മുമ്പ് പാസാക്കിയ പ്രമേയം ഇന്ത്യ നടപ്പാക്കുന്നില്ല. യു.എന്‍ രക്ഷാസമിതി പ്രമേയം ആദ്യം നടപ്പാക്കിയിട്ട് വേണം ഇന്ത്യ അധ്യക്ഷത വഹിക്കാനെന്നും പാക് വിദേശകാര്യ മന്ത്രി പറഞ്ഞു.
ഇത്തരം പ്രസ്താവനകള്‍ നടത്താനുള്ള അവകാശം പാകിസ്താനില്ലെന്ന് ഇന്ത്യ തിരിച്ചടിച്ചു. അല്‍ഖാഇദ ഭീകരന്‍ ഉസാമ ബിന്‍ ലാദന് ആതിഥ്യമരുളുകയും അയല്‍ രാജ്യത്തെ അക്രമിക്കുകയും ചെയ്യുന്നതല്ല യു.എന്നില്‍ സുവിശേഷ പ്രസംഗം നടത്താനുള്ള യോഗ്യത. ഭീകരവാദത്തെ പാകിസ്താന്‍ ഇപ്പോഴും ശക്തമായി പിന്തുണക്കുകയാണ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ചൂണ്ടിക്കാട്ടി.
ചൈനക്കെതിരേയും അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വെല്ലുവിളി ഉയര്‍ത്തുന്ന ഭീകരവാദത്തിനെതിരെ കൂട്ടായ പ്രതികരണവുമായി ലോകം ഒന്നിക്കുമ്പോഴും കുറ്റവാളികളെ ന്യായീകരിക്കാനും സംരക്ഷിക്കാനും ബഹുമുഖ വേദികള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.എന്‍ സുരക്ഷാസമിതി അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്ത ശേഷം നിരവധി വിഷയങ്ങളില്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. രാജ്യാന്തര തലത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളില്‍ ഇന്ത്യക്കെതിരെ ആഞ്ഞടിക്കുക എന്ന നീക്കമാണ് പാകിസ്താന്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."