മൊറോക്കോ കീഴടങ്ങിയത് ഫ്രാന്‍സിന്റെ ഗോള്‍മുഖം വിറപ്പിച്ച്
ദോഹ: ലോകകപ്പ് സെമിഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സിനോട് 2-0ന് പൊരുതി കീഴടങ്ങിയെങ്കിലും മൊറോക്കോ മടങ്ങുന്നത് തല ഉയര്‍ത്തിപ്പിടിച്ചു തന്നെ. വിശ്വകായിക മാമാങ്കത്തിന്റെ സെമിയില്‍ കളിക്കുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യം, ആദ്യ അറബ് രാജ്യം എന്നീ ബഹുമതികളോടെയാണ് താരങ്ങള്‍ ദോഹയില്‍ നിന്ന് യാത്രയാവുക. സെമിയില്‍ അവസാന നിമിഷം വരെയും ഫ്രാന്‍സിന്റെ ഗോള്‍മുഖം വിറപ്പിച്ചുനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു.
മൂന്നാം സ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ശനിയാഴ്ച മൊറോക്കോ ക്രൊയേഷ്യയെ നേരിടും. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ബെല്‍ജിയം, കാനഡ എന്നീ രാജ്യങ്ങളെ തോല്‍പ്പിച്ചാണ് മൊറോക്കോ അവസാന നാലില്‍ ഇടംപിടിച്ചത്.
കിലിയന്‍ എംബാപ്പെ, ഒലിവര്‍ ജിറൂദ് ഉള്‍പ്പെടെ കിടയറ്റ താരങ്ങളുമായെത്തിയ ഫ്രാന്‍സിനെ 79ാം മിനിറ്റ് വരെയും അവര്‍ വിറപ്പിച്ചുനിര്‍ത്തി. കൂടുതല്‍ സമയവും പന്ത് കൈവശം വച്ച മൊറോക്കോക്ക് നിരവധി തവണ ഗോള്‍മുഖം തുറന്നുകിട്ടിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. സ്‌കോറിങ് പാടവമുള്ള സ്‌ട്രൈക്കറുടെ അഭാവവും നിര്‍ഭാഗ്യവും വിലങ്ങുതടിയായി. കളിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ നേടാനായതാണ് ഫ്രാന്‍സിന് തുണയായത്. സമനില ഗോളിനായി നിരന്തരം സമ്മര്‍ദം ചെലുത്തിയ മൊറോക്കോയെ തടഞ്ഞുനിര്‍ത്താന്‍ ഫ്രാന്‍സിന്റെ സ്‌ട്രൈക്കര്‍മാര്‍ വരെ ഇറങ്ങിക്കളിച്ചു. ഗോള്‍ദാഹവുമായി മൊറോക്കോ ഫ്രാന്‍സിന്റെ പെനാല്‍ട്ടി ബോക്‌സിലേക്ക് നിരന്തരം റെയ്ഡ് നടത്തവെ കൗണ്ടര്‍ അറ്റാക്കുകളിലൂടെ ഫ്രാന്‍സും കളിയെ സജീവമാക്കി നിലനിര്‍ത്തി. അങ്ങനെയാണ് 79ാം മിനിറ്റില്‍ ഫ്രാന്‍സ് ലീഡ് ഉയര്‍ത്തിയത്.
അവസാന 16 രാജ്യങ്ങളില്‍ ഉള്‍പ്പെടുമെന്നതിനപ്പുറം മൊറോക്കോ മുന്നേറുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ബെല്‍ജിയത്തെ തോല്‍പ്പിച്ച് പ്രീ ക്വാര്‍ട്ടറിലെത്തിയ അവര്‍ ആദ്യം സ്‌പെയിനിനെ ഞെട്ടിച്ചു. പിന്നാലെ പോര്‍ച്ചുഗലിനും മടക്കടിക്കറ്റ് നല്‍കി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി. ഖത്തര്‍ ആതിഥ്യമരുളുന്ന ലോകകപ്പില്‍ ആഫ്രിക്കന്‍-അറബ് രാജ്യം മുന്നേറിയത് ഭൂഖണ്ഡങ്ങളുടെ സംസാരവിഷയമായി. എടുത്തുപറയാവുന്ന സെലിബ്രിറ്റി താരങ്ങളൊന്നുമില്ലെങ്കിലും ടീമെന്ന നിലയില്‍ സ്റ്റേഡിയത്തിലും പുറത്തും വലിയ പിന്തുണയാണ് മൊറോക്കോ നേടിയെടുത്തത്.
ദേശീയ ടീമിന്റെ പ്രകടനത്തില്‍ അഭിമാനിക്കുന്നുവെന്നാണ് ഇന്നലെ ലുസൈല്‍ സ്‌റ്റേഡിയത്തിലെത്തിയ മൊറോക്കോ കാണികള്‍ തോല്‍വിക്ക് ശേഷം പ്രതികരിച്ചത്. മൊറോക്കന്‍ ഫുട്‌ബോള്‍ അടിമുടി മാറിയെന്നും ഇത് പരാജയമല്ലെന്നും തങ്ങളാണ് ചാംപ്യന്‍മാരെന്നും ഫാത്തിമ എന്ന മൊറോക്കോക്കാരി അഭിപ്രായപ്പെട്ടു. ഞങ്ങള്‍ ചരിത്രമെഴുതി, താരങ്ങള്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി- യാസീന്‍ അസമി പറഞ്ഞു. രാജ്യത്ത് തിരിച്ചെത്തുമ്പോള്‍ വീരോചിതമായി താരങ്ങളെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് മൊറോക്കോ. നാലോ എട്ടോ വര്‍ഷത്തിനുള്ളില്‍ മൊറോക്കോ ലോകകപ്പ് നേടാന്‍ കഴിയുംവിധം ഉയര്‍ന്നുവരുമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."