ഓസ്‌ട്രേലിയക്ക് ജയം; കലാശപ്പോരില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും
ഓസ്‌ട്രേലിയക്ക് ജയം; കലാശപ്പോരില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും
കൊല്‍ക്കത്ത: ലോകകപ്പിലെ രണ്ടാം സെമിയില്‍ വിയര്‍ത്ത് ജയിച്ച് ഫൈനലില്‍ കടന്ന് ഓസ്‌ട്രേലിയ. കലാശപ്പോരില്‍ ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് ഏറ്റുമുട്ടുക. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 7 വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു.
പ്രോട്ടിയാസ് ഉയര്‍ത്തിയ 213 എന്ന ചെറിയ ലക്ഷ്യം 16 പന്ത് ബാക്കിനില്‍ക്കെയാണ് കങ്കാരുക്കള്‍ മറികടന്നത്. നിസ്സാരമായ സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ ആസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കമാണ് ഓപണര്‍മാര്‍ നല്‍കിയത്. തുടരെ സിക്‌സറുകളുമായി ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കുമേല്‍ മാനസികമേധാവിത്വം പുലര്‍ത്താനാണ് തുടക്കത്തിലേ ഡേവിഡ് വാര്‍ണര്‍ നോക്കിയത്. എന്നാല്‍ 18 പന്തില്‍ നാല് സിക്‌സറും ഒരു ഫോറും പറത്തി 29 റണ്‍സുമായി വാര്‍ണര്‍ മടങ്ങി.
പിന്നാലെ വന്ന വഴിയേ മിച്ച് മാര്‍ഷും ഡക്കായി മടങ്ങി. തുടര്‍ന്ന് സ്റ്റീവ് സ്മിത്തുമായി ട്രാവിസ് ഹെഡ് ഇന്നിങ്‌സ് നയിച്ചു. ബാവുമ സ്പിന്നര്‍മാരെ ഇറക്കിയതോടെ ഇന്നിങ്‌സ് വേഗം കുറഞ്ഞെങ്കിലും മറുവശത്ത് ഇടവേളകളില്‍ ബൗണ്ടറികള്‍ കണ്ടെത്തി ലക്ഷ്യം അകലാതെ കാത്തത് ട്രാവിസ് ഹെഡായിരുന്നു. എന്നാല്‍, കേശവ് മഹാരാജിന്റെ മനോഹരമായൊരു സ്പിന്നില്‍ ഹെഡിന്റെ കോട്ട തകര്‍ന്നു. 48 പന്ത് നേരിട്ട് രണ്ട് സിക്‌സറും ഒന്‍പത് ബൗണ്ടറിയും സഹിതം 62 റണ്‍സെടുത്തിരുന്നു ഹെഡ്.
പരിക്ക് മറന്ന് ഇരട്ട സെഞ്ച്വറിയിലൂടെ ക്രിക്കറ്റ് മാസ്മരികത തീര്‍ത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ(ഒന്ന്) നിലയുറപ്പിക്കാന്‍ അനുവദിക്കാതെ തബ്രീസ് ഷംസി ബൗള്‍ഡാക്കി ദക്ഷിണാഫ്രിക്കന്‍ ക്യാംപില്‍ പ്രതീക്ഷ തിരിച്ചുകൊണ്ടുവന്നെങ്കിലും സ്റ്റീവ് സ്മിത്തും(30) ജോഷ് ഇംഗ്ലിസും(28) ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."