ലഹരിയിലും ജിഹാദോ?
കരിയാടന്‍
കുടിച്ചു കൂത്താടാന്‍ ഒത്തുചേര്‍ന്ന ഒരു മദ്യപസംഘത്തിന്റെ കഥയുണ്ട്. അവര്‍ മുമ്പില്‍ നിരത്തിയ പല കുപ്പികളില്‍ പല നിറങ്ങളിലുള്ള ലഹരിപദാര്‍ഥങ്ങള്‍. അത് പല ഗ്ലാസുകളില്‍ ഒഴിച്ചു അവര്‍ കുടിക്കുകയാണ്. ഓരോന്നിലും മതിയാംവണ്ണം വെള്ളവും ഒഴിക്കുന്നുണ്ടായിരുന്നു. എല്ലാം കഴിഞ്ഞശേഷവും അവര്‍ ഏകകണ്ഠമായ ഒരു തീരുമാനത്തിലെത്തി. ഏത് മദ്യത്തില്‍ ഒഴിച്ചാലും വെള്ളത്തിനു ലഹരിതന്നെ. മദ്യമല്ല, വെള്ളമാണ് ലഹരി തരുന്നത് എന്നതായി നിഗമനം. ലൗ ജിഹാദിനു പുറമെ നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന ഒരു പുതിയ പ്രയോഗത്തിലൂടെ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും പിന്നാലെ ഇരിങ്ങാലക്കുട ബിഷപ്പ് റവ: പോളി കണ്ണൂക്കാടനും മുസ്‌ലിം സമൂഹത്തെ കുറ്റപ്പെടുത്തി നടത്തിയ പ്രസ്താവനകള്‍ ഈ കഥയാണ് ഓര്‍മിപ്പിക്കുന്നത്. അധര്‍മത്തെ ധാര്‍മിക മൂല്യങ്ങള്‍ കൊണ്ടു എതിരിടുന്നതാണ് ജിഹാദ് എന്നു അവര്‍ക്കറിയില്ല. ഇസ്‌ലാം തന്നെ പല തവണ ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നത്, മതത്തില്‍ നിര്‍ബന്ധമില്ല എന്നാണ്. എന്നാല്‍ കോടതികള്‍ പലത് കയറി ഇറങ്ങിയിട്ടും സ്ഥിരീകരിക്കപ്പെടാതിരുന്ന ലൗ ജിഹാദിനെ പല ക്രിസ്ത്യന്‍ സഭകളില്‍ ഒന്നിന്റെ പരമാധ്യക്ഷന്‍ നാര്‍ക്കോട്ടിക്‌സ് ജിഹാദ് എന്നുകൂടി കൂട്ടിച്ചേര്‍ത്ത് ജനമധ്യത്തിലേക്ക് എറിഞ്ഞിരിക്കുന്നു. യുവജനങ്ങളില്‍ മദ്യാസക്തി കൂടിവരുന്നു എന്നത് നിഷേധിക്കുന്നില്ല. എന്നാല്‍ അതിനു ജിഹാദിന്റെ പരിവേഷം നല്‍കുമ്പോഴാണ് ഹിഡന്‍ അജന്‍ഡ പുറത്തുവരുന്നത്. കൈയില്‍ ഒരു തെളിവും ഇല്ലാതെ, പൊലിസില്‍ ഒരു പരാതിയും നല്‍കാതെയാണ് കോട്ടയത്ത് പാലാരൂപതയിലെ മെത്രാനായ ഡോ. ജോസഫ് കല്ലറങ്ങാട്ടിന്റെ ഈ ആരോപണം.
ക്രിസ്തുമത വിശ്വാസികളായ പെണ്‍കുട്ടികളെ പലവിധ പ്രലോഭനങ്ങളില്‍പെടുത്തി, ചില മുസ്‌ലിം ചെറുപ്പക്കാര്‍ മതപരിവര്‍ത്തനം നടത്തുന്നു എന്നാണ് പുതിയ കുപ്പിയിലേക്ക് പഴയ വീഞ്ഞ് നിറച്ചുകൊണ്ട് ബിഷപ്പ് പറയുന്നത്. കുറവിലങ്ങാട്ട് ദേവാലയത്തിലെ എട്ടു നോമ്പ് തിരുനാളിന്റെ സമാപന ദിവസം അദ്ദേഹം പ്രസംഗത്തില്‍ ലൗ ജിഹാദിനൊപ്പം നാര്‍ക്കോട്ടിക്ക് ജിഹാദിനെയും കൂട്ടിച്ചേര്‍ക്കുകയുണ്ടായി. വിശുദ്ധ കുര്‍ബാന വേളയില്‍ പ്രസംഗം കേട്ടപ്പോള്‍ തങ്ങള്‍ ഇറങ്ങിപ്പോയെന്നു കുറവിലങ്ങാട്ട് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ സന്യാസിനി സമൂഹത്തില്‍പെട്ട ഏതാനും കന്യാസ്ത്രീകള്‍ പറഞ്ഞു. തങ്ങളെ പഠിപ്പിക്കുന്ന അധ്യാപകരിലും ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാരിലും സംരക്ഷിക്കുന്ന പൊലിസുകാരിലുമൊക്കെ മുസ്‌ലിംകളുണ്ടെന്നും അവര്‍ ഒരു തലത്തിലുള്ള മതപീഡനവും നടത്തിയവരല്ലെന്നും സിസ്റ്റര്‍ അനുപമ മാധ്യമങ്ങളോട് പറയുകയുണ്ടായി. മുസ്‌ലിംകളെപ്പോലെ തന്നെ പ്രബലമായ ന്യൂനപക്ഷമായ ക്രിസ്ത്യന്‍ സമുദായം, എന്നാല്‍ ബിഷപ്പിന്റെ ഈ ആരോപണം ഒട്ടാകെ ഏറ്റെടുത്തിട്ടില്ല എന്നത് ശുഭോദര്‍ക്കമാണ്. കല്ലറങ്ങാട്ട് തന്നെ ഇന്ത്യയില്‍ അറുപത് ബിഷപ്പുമാരില്‍ ഒരാള്‍ മാത്രമാണല്ലോ. അതേസമയം, കേരള കോണ്‍ഗ്രസിന്റെ രണ്ടു പ്രമുഖ നേതാക്കളും ബിഷപ്പ് കോണ്‍ഫറന്‍സിന്റെ സെക്രട്ടറിയും ഒക്കെ ബിഷപ്പ് പറഞ്ഞതിനൊപ്പം നില്‍ക്കുമ്പോള്‍ ഹിന്ദുപരിവാര്‍ ആവേശം കൊള്ളുന്നു.
ചിലര്‍ തയാറാക്കിയ തിരക്കഥയനുസരിച്ച് വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ചതിക്കുഴികള്‍ ക്രിസ്ത്യന്‍ സമുദായം തിരിച്ചറിയണമെന്നു മലങ്കര യാക്കോബായ സുറിയാനിസഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍കുറിലോസ് പറഞ്ഞതും അവര്‍ ശ്രദ്ധിച്ചു കണ്ടില്ല. ലോകമാകെ പുകഴ്ത്തിയ ഇന്ത്യന്‍ ഭരണഘടന തന്നെ അംഗീകരിച്ച മതസ്വാതന്ത്ര്യവും മതപ്രചാരണവും നിലനില്‍ക്കുന്ന നാടാണ് നമ്മുടേത്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇങ്ങനെയൊരു വിദ്വേഷ പ്രചാരണത്തിനു ഇവിടെയാണ് ഒരു മതമേലധ്യക്ഷന്‍ തിരികൊളുത്തിയിരിക്കുന്നത്. ക്രിസ്തുമതവും ഇസ്‌ലാം മതവും എല്ലാം ഇന്ത്യയിലേക്ക് വന്നത് പുറത്തുനിന്നാണെന്ന കാര്യം ബിഷപ്പിനു അറിയാത്തതാവില്ല. മതങ്ങള്‍ ഒരാപത്തും സൃഷ്ടിക്കുന്നില്ല എന്നത് കൊണ്ടാണ്, ഈ ഭാരതത്തില്‍ തന്നെ പുതിയ മതങ്ങള്‍ പിറന്നതും. ക്ഷേത്രങ്ങളിലെ ശംഖൊലികളും മസ്ജിദുകളിലെ ബാങ്ക് വിളികളും ദേവാലയങ്ങളിലെ മണിനാദങ്ങളും എല്ലാം സര്‍വമതസാഹോദര്യം പുലര്‍ത്തുന്ന പ്രദേശമാണിത്. ഈ സൗഹൃദം തകര്‍ത്ത് മുതലെടുക്കാന്‍ ശ്രമിക്കുന്ന വിദ്രോഹശക്തികള്‍ക്ക് ഊര്‍ജ്വം പകരുന്നതായി ബിഷപ്പിന്റെ പ്രസ്താവന.
പ്രേമത്തിന്റെ എന്നല്ല എന്തിന്റെയും പേരിലായാലും ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം മതത്തില്‍ ഒരു നിര്‍ബന്ധവും ഇല്ല എന്നത് ആവര്‍ത്തിക്കപ്പെട്ട വേദവാക്യമാണ്. നിനക്ക് നിന്റെ മതം, എനിക്ക് എന്റെയും എന്ന വിശുദ്ധ ഖുര്‍ആന്‍ വാചകം ഓര്‍ക്കുക. അതേസമയം ഏകദൈവ വിശ്വാസത്തിലേക്ക് വരുന്ന ഏതൊരാളെയും ഇസ്‌ലാം സ്വാഗതം ചെയ്യുന്നു. ആദ്യത്തെ വിശ്വാസികളില്‍ ഒരാള്‍ തന്നെ പ്രവാചക പ്രഭുവായ മുഹമ്മദ് നബിയുടെ ധര്‍മപത്‌നി ഖദീജ ബീവി ആയിരുന്നല്ലൊ. ക്രിസ്തുമതത്തില്‍ നിന്നു പല പ്രചോദനങ്ങളിലൂടെയും ഇസ്‌ലാമിലേക്ക് ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നുവെന്ന ഈ പരാതി നേരത്തെ സീറോ മലബാര്‍ സഭ ഉന്നയിച്ചതും പിന്നീട് പിന്‍വലിച്ചതുമാണ്. തൃശൂര്‍ രൂപതയുടെ മുഖപത്രമായ കത്തോലിക്കാസഭയും ഇത് ഏറ്റുപിടിച്ചിരുന്നു. ജനങ്ങളില്‍ നിന്നാകെ ഒറ്റപ്പെട്ട പി.സി ജോര്‍ജ് എം.എല്‍.എ തൊടുപുഴയില്‍ നടത്തിയ ഒരു പ്രസംഗത്തിലും ഇത് ആവര്‍ത്തിക്കുകയുണ്ടായി. എന്നാല്‍ അങ്ങിങ്ങ് നടക്കുന്ന ചില ഒറ്റപ്പെട്ട പ്രണയവിവാഹങ്ങള്‍ക്കും ലൗ ജിഹാദ് എന്ന ചാപ്പ കുത്തുന്നതില്‍ ഒരു തെളിവും ഇല്ലെന്നു കഴിഞ്ഞ വര്‍ഷം തന്നെ കോടതിവിധി ഉണ്ടായിരുന്നതാണ്. വിവാഹത്തിനായാലും മതം മാറുന്നത് ഓരോ വ്യക്തിയുടെയും പരമമായ സ്വാതന്ത്ര്യം ആണെന്നു കഴിഞ്ഞ നവംബറില്‍ അലഹബാദ് ഹൈക്കോടതി വിധിയും ഉണ്ടായിരുന്നു.
2020 നവംബര്‍ 24നു ദി ഹിന്ദുപത്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇങ്ങനെ മതം മാറി നടക്കുന്ന വിവാഹങ്ങള്‍ തന്നെയും കേവലം രണ്ടു ശതമാനം മാത്രമാണെന്നു പറയുകയുണ്ടായി. 2020 ഒക്‌ടോബറില്‍ ടൈം മാസിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും പറഞ്ഞത് ലൗ ജിഹാദ് എന്നത് പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്കെതിരായ ഗൂഢാലോചനയാണെന്നാണ്. തങ്ങളുടെ സഭയുടെ ചരിത്രത്തില്‍ ഇന്നേവരെ ഇങ്ങനെ ഒരു പരാതി ഉയര്‍ന്നിട്ടില്ലെന്നു കല്‍ദായ സുറിയാനി സഭയുടെ മേലധ്യക്ഷനായ മാര്‍ അപ്രേം മെത്രാപ്പൊലീത്തയും പ്രസ്താവിക്കുകയുണ്ടായി. എന്നാല്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒക്കെ തള്ളിക്കളഞ്ഞ ഈ ആരോപണത്തില്‍ ബിഷപ്പ് കല്ലറങ്ങാട്ട് ഒറ്റപ്പെട്ടു പോകരുതെന്ന ലക്ഷ്യംവച്ച് കാസ എന്ന പേരില്‍ അറിയപ്പെടുന്ന ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷനും പി.സി തോമസ് എന്ന മുന്‍ എം.എല്‍.എയും മാണി സി. കാപ്പന്‍ എന്ന യു.ഡി.എഫ് എം.എല്‍.എയും പറഞ്ഞു കൊണ്ടേയിരിക്കുന്നു. ലോകമെങ്ങും പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മയക്കുമരുന്നു മാഫിയയെ ആരും തന്നെ മതം തിരിച്ചു കാണാറില്ല. ഒരു മതവും തന്നെ ഈ മാഫിയയെ അനുകൂലിക്കാറുമില്ല. ഇവിടെ എന്തിനാണ് ജിഹാദ് എന്ന പദം കൂട്ടിച്ചേര്‍ക്കുന്നത്.
പാലാ രൂപതയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് ബിഷപ്പ് സംശയിച്ചതായിരിക്കാം. എന്നാല്‍ മാമോദീസ മുക്കി സത്യക്രിസ്ത്യാനിയാക്കി വളര്‍ത്തിയ അവിടുത്തെ പെണ്‍കൊച്ചുങ്ങള്‍ മദ്യം ചേര്‍ത്ത ഐസ്‌ക്രീമുകള്‍ കാണുമ്പോഴേക്കും അതില്‍ വീണുപോകുന്നുവെന്നു അദ്ദേഹത്തിനു തോന്നിയാല്‍ പരിഹാരം സഭക്കകത്തു തന്നെയാണദ്ദേഹം കാണേണ്ടത്.
കഴിഞ്ഞ ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ക്രിസ്ത്യന്‍ പുരോഹിതന്മാരെ ചര്‍ച്ചയ്ക്കു വിളിക്കുന്നതും നാം കാണുകയുണ്ടായി. അപ്പോഴും വയോധികനായ പുരോഹിതന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി എന്ന വൈദികനെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ പ്രകാരം അറസ്റ്റ് ചെയ്ത് വിചാരണ കൂടാതെ തടങ്കലില്‍ വച്ചകാര്യം പോലും പ്രധാനമന്ത്രിയുടെ മുമ്പാകെ പറയാന്‍ മറന്നുപോയി ഈ ക്രൈസ്തവ നേതാക്കള്‍. പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച അദ്ദേഹത്തിനു വെള്ളം കുടിക്കാന്‍ ഒരു സ്‌ട്രോ നല്‍കാന്‍ പോ
ലും അധികൃതര്‍ തയാറായില്ല. 84-ാം വയസില്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കിടന്നു അദ്ദേഹം മരണപ്പെടുകയും ചെയ്തു. അതേസമയം, അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ ആര്‍.എസ്.എസുകാര്‍ ഇറങ്ങി വന്നപ്പോള്‍ രൂപതയുടെ വകയായ സംഭാവന ബിഷപ്പ് കല്ലറങ്ങാട്ട് ആര്‍.എസ്.എസ് കോട്ടയം സെക്രട്ടറി കെ.എന്‍. നമ്പൂതിരിക്കു നല്‍കുന്ന പടങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വരികയുണ്ടായി. എന്തുകൊണ്ട് മുസ്‌ലിം സമുദായത്തെ ചില ക്രൈസ്തവ നേതാക്കള്‍ ലക്ഷ്യംവയ്ക്കുന്നു. സഭകളുമായി ബന്ധപ്പെട്ട ഭൂമി തര്‍ക്കങ്ങളിലോ, വൈദികര്‍ ഉള്‍പ്പെട്ട മാനഭംഗക്കേസുകളിലോ കന്യാസ്ത്രീ മഠത്തില്‍ നടക്കുന്നതായി ആരോപിക്കപ്പെടാറുള്ള അസ്വഭാവിക മരണങ്ങളിലോ ഒന്നും തന്നെ ഇതരസമുദായക്കാര്‍ ഏറ്റെടുത്ത് നടത്താറില്ല.
തന്നെ പലതവണ മാനഭംഗപ്പെടുത്തി എന്നു ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരേ ഒരു കന്യാസ്ത്രീ വെളിപ്പെടുത്തിയപ്പോഴോ ബിഷപ്പ് മുളക്കലിനെതിരേ തെളിവ് നല്‍കിയ ഫാദര്‍ കുര്യാക്കോസ് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടപ്പോഴോ അന്ന് പ്രചാരണം ഏറ്റെടുത്തു നടത്താന്‍ തയാറാവാതിരുന്ന സമുദായമാണ് മുസ്‌ലിംകള്‍. രണ്ടു വൈദികര്‍ ജാതിയോ മതമോ നോക്കാതെ രണ്ടു മുസ്‌ലിംകള്‍ക്ക് വൃക്കദാനം ചെയ്ത നാടാണിത്. വധശിക്ഷ കാത്തു കിടക്കുകയായിരുന്ന കൃഷ്ണനെ ഒരു കോടി രൂപ നല്‍കി രക്ഷിച്ച എം.എ യൂസുഫലിയെ സേവിച്ച നാടാണിത്. പാത്രിയാര്‍ക്കിസിന്റെ ആസ്ഥാനം ഒരു ഇസ്‌ലാമിക രാഷ്ട്രത്തില്‍ ഇന്നും നിലനില്‍ക്കുന്നതും മുസ്‌ലിം രാഷ്ട്രം അവിടുത്തെ ക്രൈസ്തവ പുരോഹിതന്മാര്‍ക്ക് സര്‍ക്കാരില്‍ നിന്നു ശമ്പളം നല്‍കുന്നതും ഒക്കെ ചൂണ്ടിക്കാണിച്ചത് കേരളത്തില്‍ ഡി.ജി.പിയായി റിട്ടയര്‍ ചെയ്ത ഡോ. അലക്‌സാണ്ടര്‍ ജേക്കബാണ്. ക്രിസ്തുമതവിശ്വാസികളായ രണ്ടരലക്ഷത്തോളം നഴ്‌സുമാര്‍ ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ സുരക്ഷിതരായി ജോലി ചെയ്യുന്ന കാര്യം ചലച്ചിത്ര പ്രവര്‍ത്തകന്‍ ജോയി മാത്യുവും ചൂണ്ടിക്കാണിക്കുകയുണ്ടായി. എഴുത്തുകാരന്‍ പോള്‍ സക്കറിയ പറയുന്നത്, ഇത് അനാവശ്യമായ ചേരിപ്പോര് സൃഷ്ടിക്കലാണെന്നാണ്. കാരണം കൊച്ചു കേരളം എന്നും മതസൗഹാര്‍ദത്തിനു പേരുകേട്ട സംസ്ഥാനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."