1921 വാര്യന്‍ കുന്നന്റെ മകനെയും അവര്‍ വെറുതെ വിട്ടില്ല
മുഷ്താഖ് കൊടിഞ്ഞി
1921 ലെ പോരാട്ടത്തില്‍ വാര്യന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കൊപ്പംതന്നെ കുടുംബവും വേട്ടയാടപ്പെട്ടു. അവരനുഭവിക്കേണ്ടിവന്ന ക്രൂരതക്ക് കൈയും കണക്കുമില്ല. അവയിലൊന്നാണ് നാടുകടത്തപ്പെട്ട വീരാവുണ്ണിയുടെ ജീവിതം. വിടരുംമുമ്പേ ജയിലില്‍ തളയ്ക്കപ്പെട്ട ഒരു നിഷ്‌കളങ്ക ബാല്യത്തിന്റെ നനവൂറുന്ന കദന കഥയാണത്. പിറന്ന മണ്ണും വീടും കുടുംബവും കൈയൊഴിയേണ്ടിവന്ന വീരാന്‍കുട്ടി എന്ന വീരാവുണ്ണിയുടെ ദൈന്യജീവിതത്തിന്റേത് കൂടിയാണ് മലബാര്‍ മാപ്പിള പോരാട്ടത്തിന്റെ ചരിത്രം.
പതിനൊന്നുകാരന്‍ നേരിട്ടത്
തുല്യതയില്ലാ ക്രൂരത
1922 ജനുവരി 21ന് കാലത്ത് 10 മണിക്ക് കുഞ്ഞഹമ്മദ് ഹാജിയുടെ ഇടനെഞ്ചിലേക്ക് ബ്രിട്ടീഷുകാരന്‍ വെടിയുതിര്‍ക്കുമ്പോള്‍ വീരാവുണ്ണിക്ക് വയസ് പതിനൊന്ന്. ആ പോരാളിയെ നിഷ്ഠൂരമായി വധിച്ചിട്ടും ഡി.എസ്.പി ഹിച്ച്‌കോക്കിനും ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഇ.എഫ് തോമസിനും കലിയടങ്ങിയിരുന്നില്ല. അദ്ദേഹത്തിന്റെ കുടുംബത്തെ വൈദേശിക ഭരണകൂടം പിന്തുടര്‍ന്ന് വേട്ടയാടിക്കൊണ്ടിരുന്നു.
വാര്യന്‍കുന്നന്റെ ഓര്‍മകള്‍ പോലും അവശേഷിക്കരുത് എന്ന് ബ്രിട്ടീഷുകാര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ചരിത്രത്തിലേക്ക് വരവ് വയ്ക്കാവുന്ന വല്ല അടയാളങ്ങളും ബാക്കിയുണ്ടെങ്കില്‍ അതുകൂടി തുടച്ചുമായ്ച്ചു കളയുകയായിരുന്നു ബ്രിട്ടീഷ് സര്‍ക്കാറിന്റെ കുരുട്ടുതന്ത്രം. ആദ്യം ഹാജിയുടെ മൃതശരീരം ചുട്ടെരിച്ചു. ബാക്കിയായ അസ്ഥികള്‍ പോലും പെറുക്കിയെടുത്ത് അവരുടെ നാട്ടിലേക്ക് കടത്തി. കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസ്‌ലിയാരുടെയും വീടുകള്‍ക്ക് തീയിട്ടു. ചരിത്രത്തിന്റെ അവശേഷിക്കുന്ന പ്രമാണങ്ങളും ഗ്രന്ഥങ്ങളും നശിപ്പിച്ചു. അവരുടെ സ്വത്തുവഹകള്‍ കണ്ടുകെട്ടി.
ബ്രിട്ടീഷ് നരനായാട്ടിന് മുന്‍പില്‍ പകച്ചുനിന്നുപോയ കൊച്ചു ബാലനോടും അതിക്രൂരമായാണ് പെരുമാറിയത്. വീരാവുണ്ണിയെ പിടികൂടി കൈകള്‍ പിന്നിലേക്ക് ബന്ധിച്ചു. ബെല്ലാരി ജയിലിലേക്ക് കൊണ്ടുപോയി. ആ ജീവിതം വര്‍ഷങ്ങളോളം ഇരുമ്പഴികള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ടു. ജയിലില്‍ തുല്യതയില്ലാത്ത ക്രൂര പീഡനങ്ങളാണ് ഈ പതിനൊന്നുകാരന് നേരിടേണ്ടിവന്നത്. നിഷ്ഠൂരമായ ഭേദ്യം ചെയ്യലിലൂടെ വാര്യന്‍കുന്നനോടുള്ള അതേ പക വീരാവുണ്ണിയിലും അവര്‍ തീര്‍ത്തു.
പിതാവിനെ വെടിവച്ചു കൊന്നതിന്റെ ഞെട്ടല്‍ മാറും മുന്‍പേ തടവുമുറിയിലേക്ക് തള്ളപ്പെട്ട ആ കൊച്ചു ബീരാവുണ്ണി ക്രമേണ ജയിലറയിലെ ഇരുളടഞ്ഞ ജീവിതവുമായി സമരസപ്പെടാന്‍ നിബന്ധിതനായി. അങ്ങനെ ശൈശവവും ബാല്യവും കൗമാരവും തടവടയുടെ നാല് ചുമരുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ട കാലം. ഒരുതരം മരവിപ്പോടെ അദ്ദേഹം അവിടെ വര്‍ഷങ്ങളോളം കഴിച്ചുകൂട്ടി. കുഞ്ഞഹമ്മദ്ഹാജിയുടെ ആദ്യ ഭാര്യ ഉമ്മാക്കിയുമ്മയില്‍ ജനിച്ച മകനായിരുന്നു നാട്ടില്‍ മൊയ്തീന്‍ കുട്ടിയെന്ന വിളിപ്പേരുണ്ടായിരുന്ന വീരാവുണ്ണി.
ജയിലില്‍ നിന്ന്
പുറത്തിറങ്ങുന്നു
ജീവിതം തടവറക്കുള്ളില്‍ ഒതുങ്ങിയെങ്കിലും വീരാവുണ്ണി അവിടെ സൗമ്യനായി ജീവിച്ചു. ശിക്ഷാകാലാവധി തീര്‍ന്നതോടെ വീരാവുണ്ണി ജയിലില്‍ പലതരം ജോലിചെയ്തു. പിന്നീട് ജീവിതത്തോടുള്ള പൊരുതലായിരുന്നു. 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യത്തിന്റെ പുതിയ പൊന്‍പുലരി പിറന്നിട്ടും സ്വന്തം മണ്ണിലേക്ക് മടങ്ങാന്‍ അദ്ദേഹം മടിച്ചുനിന്നു. മടങ്ങാന്‍ മാത്രം നാട്ടില്‍ ഒന്നും അവശേഷിച്ചിരുന്നില്ല എന്നതാണ് സത്യം. കുടുംബവും ബന്ധങ്ങളുമെല്ലാം ആ ആഘാതത്തില്‍ ചിന്നിച്ചിതറിപ്പോയിരുന്നു. സ്വത്തുവഹകള്‍ നഷ്ടപ്പെട്ടിരുന്നു. ആരൊക്കെ ജീവിച്ചിരിപ്പുണ്ടെന്നോ അവര്‍ എവിടെയാണെന്നോ യാതൊരു തിട്ടവുമില്ലായിരുന്നു. ശിഷ്ടകാലം വീരാവുണ്ണി കോയമ്പത്തൂരില്‍ തന്നെ കഴിച്ചുകൂട്ടാനാണ് തീരുമാനിച്ചത്.
കോയമ്പത്തൂര്‍ വീരാവുണ്ണിക്ക് പുതിയ അനുഭവമായിരുന്നു. അതൊരു അന്യദേശമായി അദ്ദേഹത്തിന് തോന്നിയതേയില്ല. തന്റെ മാതൃഭാഷയോട് ചേര്‍ന്നുനില്‍ക്കുന്ന ഭാഷ. തന്റെ നാട്ടിന്റെ മണമുള്ള മണ്ണ്. എന്തുകൊണ്ടും കോയമ്പത്തൂര്‍ വീരാവുണ്ണിയുടെ മനസില്‍ ഇടംപിടിച്ചു. കോയമ്പത്തൂരിലെ സുഹൃത്ത് ഒരു വിവാഹ ആലോചന കൊണ്ടുവന്നപ്പോഴാണ് കുടുംബ ജീവിതത്തെക്കുറിച്ച് പോലും ചിന്തിക്കുന്നത്. അങ്ങനെ കുറ്റിപ്പുറം കുമ്പിടിയില്‍നിന്നു കുഞ്ഞാമിനയെ വിവാഹം ചെയ്ത് പാളയംകോട്ടയില്‍ ദാമ്പത്യത്തിന് കൂടുകൂട്ടി. അവിടെ നിന്ന് പിന്നീട് കോയമ്പത്തൂരിലേക്ക് തന്നെ മാറി.
ഈ ദാമ്പത്യവല്ലരിയില്‍ ഖദീജ, മുഹമ്മദ്, മൊയ്തീന്‍, ഫാത്തിമ എന്നീ മക്കള്‍ ജനിച്ചു. ആദ്യ മകള്‍ ഖദീജ മരണപ്പെട്ടത് വീരാവുണ്ണിയെ വലിയ ദുഃഖത്തിലേക്ക് നയിച്ചു. അതേപേര് രണ്ടാമത് ജനിച്ച മകള്‍ക്ക് നല്‍കി ഓര്‍മകള്‍ നിലനിര്‍ത്തി. എങ്കിലും ഇവരില്‍ ആരുംതന്നെ ഇന്ന് ജീവിച്ചിരിപ്പില്ല. ഇരുപത്തഞ്ച് പേരമക്കളില്‍ പതിനെട്ട് പേര്‍ മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്നത്. ഇവര്‍ കോയമ്പത്തൂരിന്റെ വിവിധഭാഗങ്ങളില്‍ കുടുംബജീവിതം നയിച്ചുവരുന്നു.
ഹാജറ
ജീവിക്കുന്ന പോരാട്ടരക്തം
വീരാവുണ്ണിയുടെ മകന്‍ മുഹമ്മദിന്റെ മകളാണ് ഹാജറ. ബാല്യം തൊട്ടേ വീരാവുണ്ണിയുടെ തണലില്‍ വളര്‍ന്നതിനാല്‍ ഇവരില്‍ നിന്ന് ഇന്നും മലയാളം അന്യം നിന്ന് പോയിട്ടില്ല. പോത്തന്നൂരിലെ ആറ്റുപാലം ആസാദ് നഗറിലാണ് കുടുംബസമേതം അന്‍പത്തഞ്ചുകാരിയായ ഹാജറ ഇന്ന് ജീവിക്കുന്നത്. ഹാജറയുടെ ഭര്‍ത്താവ് സുലൈമാന്‍ ആറ്റുപാലത്തെ ഓട്ടോ തൊഴിലാളിയാണ്. ഹാജറ വീട്ടില്‍ വച്ചുതന്നെ തയ്യല്‍ ജോലി ചെയ്യുന്നുണ്ട്. സൈനുദ്ധീന്‍, മുഹമ്മദ് നാസര്‍ എന്നീ രണ്ടു മക്കളുമുണ്ട് ഇവര്‍ക്ക്. സാമ്പത്തികമായി ശരാശരിയിലും താഴെ സാധാരണ കുടുംബജീവിതം നയിക്കുന്ന ഹാജറയുടെ മനസില്‍ ഇന്നും മലബാര്‍ സമരങ്ങളുടെ ഓര്‍മകളുടെ കനലെരിയുന്നുണ്ട്. വാര്യന്‍കുന്നനോടും കുടുംബത്തോടും ബ്രിട്ടീഷുകാര്‍ ചെയ്ത ക്രൂരതയുടെ തീക്കനല്‍.
പില്‍ക്കാലത്ത് മതപണ്ഡിതനായി മാറിയ വീരാവുണ്ണി 1988ല്‍ ഒരു ബസ് യാത്രയ്ക്കിടെ സീറ്റില്‍ കുഴഞ്ഞുവീണുമരിക്കുകയായിരുന്നു. മരണംവരെ വീരാവുണ്ണിക്ക് സ്വാതന്ത്ര്യസമര സേനാനിക്കുള്ള പെന്‍ഷന്‍ ലഭിച്ചിരുന്നതായി ഹാജറ 'സുപ്രഭാത'ത്തോട് പറഞ്ഞു. കാര്‍ മെക്കാനിക്കായിരുന്ന മകന്‍ മുഹമ്മദ് (ഹാജറയുടെ പിതാവ്) 1990ലാണ് മരണപ്പെട്ടത്.
വാര്യന്‍കുന്നന്‍
കുടുംബചരിതം
വാര്യന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മൂന്നു വിവാഹം കഴിച്ചിരുന്നതായാണ് ചരിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. മൊറയൂര്‍ പോത്തുവെട്ടിപ്പാറയിലെ പൗരപ്രധാനി കടൂരന്‍ ഉണ്ണിമമ്മദ് സാഹിബിന്റെ മകള്‍ ഉമ്മാക്കിയുമ്മയാണ് ആദ്യ ഭാര്യ. വീരാന്‍കുട്ടി എന്ന വീരാവുണ്ണി കൂടാതെ മഹ്മൂദ്, ഫാത്തിമ, ആയിഷക്കുട്ടി എന്നീ മക്കളും ഇവര്‍ക്ക് ജനിച്ചിരുന്നു. എന്നാല്‍ കുഞ്ഞഹമ്മദ് ഹാജിയെ വധിച്ച ശേഷമുള്ള തെരച്ചിലില്‍ ബ്രിട്ടീഷുകാര്‍ക്ക് മഹ്മൂദിനെ പിടികിട്ടിയിരുന്നില്ല. ഫാത്തിമ, ആയിഷക്കുട്ടി എന്നിവരെ കുറിച്ചും പിന്നീട് യാതൊരു വിവരവുമില്ല.
മഹ്മൂദ് മേലാറ്റൂര്‍ സ്വദേശിനി ആമിനയെ വിവാഹം കഴിച്ചു. ഇതില്‍ ആയിശു എന്ന മകള്‍ പിറന്നു. കുഞ്ഞിന് നാല് വയസുള്ളപ്പോള്‍ മഹ്മൂദ് മരണപ്പെട്ടു. പില്‍ക്കാലത്ത് ആയിശുവിനെ കുട്ട്യാലിഹാജി എന്നയാള്‍ വിവാഹം കഴിക്കുകയും ഇതില്‍ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞിപ്പ, കുഞ്ഞാലന്‍, സക്കീര്‍ ഹുസൈന്‍, ബക്കര്‍ ജമാല്‍, നജീബ എന്നീ മക്കളുണ്ടാവുകയും ചെയ്തു. ഇവരിന്ന് മഞ്ചേരിയിലെ അറിയപ്പെടുന്ന വസ്ത്രവ്യാപാരികളാണ്. പത്തുവര്‍ഷം മുന്‍പ് ആയിശു മരണപ്പെട്ടു.
പാണ്ടിക്കാട് വള്ളുവങ്ങാട് ആലി മുസ്‌ലിയാരുടെ വീടിന് സമീപം വാര്യന്‍കുന്നന്‍ താമസിച്ചിരുന്ന അതേ ഭൂമിയിലാണ് കുഞ്ഞിപ്പ വീട് വച്ചിട്ടുള്ളത്. അന്ന് ബ്രിട്ടീഷുകാര്‍ വീട് നശിപ്പിക്കുകയും അന്യാധീനപ്പെടുത്തുകയും ചെയ്തിരുന്നു. ആ വസ്തുവഹകള്‍ കണ്ടുകെട്ടുകയും ചെയ്‌തെങ്കിലും പില്‍ക്കാലത്ത് ഇവര്‍ തിരിച്ചെടുത്തതാണ് ഈ ഭൂമി. കുഞ്ഞഹമ്മദ് ഹാജി മക്കയില്‍ പോയപ്പോള്‍ അവിടെനിന്നാണ് താനൂര്‍ സ്വദേശിനി സൈനബയെ വരണമാല്യം ചാര്‍ത്തുന്നത്. ഇതില്‍ മുഹമ്മദ് എന്നപേരില്‍ മകനുണ്ടായുന്നു. ഇദ്ദേഹത്തിന് പിന്നീട് എന്ത് സംഭവിച്ചുവെന്നോ പിന്മുറക്കാര്‍ ഉണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ ഇന്നും ബാക്കി നില്‍ക്കുകയാണ്.
മലബാര്‍വിപ്ലവം കൊടുമ്പിരികൊണ്ട സമയത്ത് കുഞ്ഞഹമ്മദ് ഹാജി കരുവാരക്കുണ്ടിലെ കണ്ണത്ത് ചീനിപ്പാടം പ്രദേശത്തുനിന്ന് അമ്മാവന്റെ മകള്‍ പറവട്ടി മാളുഹജ്ജുമ്മയെ വിവാഹംകഴിച്ചു. ഇവര്‍ വിപ്ലവകാലത്ത് കുഞ്ഞഹമ്മദ് ഹാജിയോട് ചേര്‍ന്നുനിന്നു. അസാമാന്യ ധൈര്യവും തന്റേടവുമുണ്ടായിരുന്നു അവര്‍ക്ക്. മക്കളില്ലാത്ത അവര്‍ പില്‍ക്കാലത്ത് തന്റെ ഭൂമിയും സ്വത്തുക്കളും നാട്ടിലെ പൊതു ആവശ്യങ്ങള്‍ക്കായി സംഭാവന ചെയ്തു. 1921ലെ അനിഷ്ട സംഭവങ്ങള്‍ക്ക് ശേഷവും സാമൂഹ്യ ഇടപെടലുകള്‍ നടത്തിയിരുന്ന ഹജ്ജുമ്മയുടെ വ്യക്തിത്വം ആരേയും ആകര്‍ഷിക്കുന്നതായിരുന്നു. നാട്ടിലെ പള്ളിയുടെ നടത്തിപ്പുകാര്യങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും നന്നായി ഇടപെടുകയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്തിരുന്നു. 1961ല്‍ എണ്‍പത്തിയെട്ടാം വയസിലാണ് മാളുഹജ്ജുമ്മ ലോകത്തോട് വിടപറയുന്നത്.
വെടിയൊച്ച നിലയ്ക്കുന്നില്ല
ബ്രിട്ടീഷ് അധിനിവേശവിരുദ്ധ പോരാട്ടങ്ങള്‍ക്ക് നൂറ് ആണ്ട് തികയുമ്പോഴും വാര്യന്‍കുന്നന്റെ പിന്‍തലമുറകളുടെ നെഞ്ചകത്ത് ആ വെടിയൊച്ചകള്‍ ഇന്നും മുഴങ്ങുന്നുണ്ട്. ഈ ചരിത്ര യാഥാര്‍ഥ്യങ്ങളെ കുഴിച്ചുമൂടാനും പകരം വികലമായ പുതുചരിത്രം രചിക്കുവാനുള്ള ഗൂഢശ്രമത്തിലാണ് ഒരുവിഭാഗം. ഈ വൈരുധ്യങ്ങള്‍ക്കിടയിലും ബ്രിട്ടീഷ് വെടിയുണ്ടയില്‍ ചിതറിത്തെറിച്ച ഒട്ടേറെ ചരിത്ര സത്യങ്ങളുണ്ട്. അവ കണ്ടെത്തി പുതുതലമുറക്ക് കൈമാറേണ്ട കടമ വര്‍ത്തമാനകാലത്ത് ജീവിക്കുന്ന ചരിത്രാന്വേഷികള്‍ക്കുണ്ട്. വീരാവുണ്ണിയും അക്കൂട്ടത്തിലെ ഒരു ചരിത്ര സത്യമാണ്. രക്തം രക്തത്തെ തിരിച്ചറിയാതെ ഇവരുടെ തലമുറകള്‍ പലയിടങ്ങളിലായി ചിതറിക്കിടപ്പുണ്ട്. അത് കണ്ടെത്താനുള്ള ബാധ്യതയും തീര്‍ച്ചയായും നമ്മുടേതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."