കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറക്കേണ്ടി വരും; കേന്ദ്ര വ്യോമയാന മന്ത്രാലയം
ഡല്‍ഹി;കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം.റണ്‍വേയുടെ നീളം കുറക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് കേരളം ഇതുവരെ മറുപടി അറിയിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ റണ്‍വേയുടെ നീളം കുറക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും വ്യോമയാന മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചു.
വിമാന അപകടത്തെ തുടര്‍ന്ന് രൂപവത്കരിച്ച സമിതിയാണ് റണ്‍വേയ്ക്ക് ഇരുവശവും സുരക്ഷിത മേഖല (റിസ) നിര്‍മിക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഭൂമി ഏറ്റെടുത്ത് നിരപ്പാക്കി നല്‍കാനും ഇതിന് വരുന്ന ചെലവ് തങ്ങള്‍ വഹിക്കാമെന്നും എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒമ്പത് മാസമായിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ യാതൊരു മറുപടിയും വിശദീകരണവും ലഭിക്കാത്ത സാഹചര്യത്തില്‍ വിമാനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കുന്നതിന് നിലവിലെ റണ്‍വേയുടെ നീളം വെട്ടികുറയ്ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
റണ്‍വേയുടെ നീളം വെട്ടികുറയ്ക്കുന്നതോടെ വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ സാധിക്കാത്ത സ്ഥിതി വരും. അത് ധാരാളം പ്രവാസികള്‍ ആശ്രയിക്കുന്ന വിമാനത്താവളത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.റണ്‍വേ 2860 മീറ്റര്‍ ഉള്ളത് 2540 മീറ്റര്‍ ആയി ചുരുക്കി രണ്ടു വശത്തും സുരക്ഷിത മേഖല 240 മീറ്ററായി വര്‍ധിപ്പിക്കാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."