കാംപസ് തീവ്രവാദം സമ്മേളനങ്ങളില്‍ 'വെളിപ്പെടുത്തിയ' സി.പി.എം നടപടിയില്‍ ദുരൂഹത
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കോളജുകള്‍ കേന്ദ്രീകരിച്ച് പെണ്‍കുട്ടികളെ തീവ്രവാദത്തിലേക്ക് കൊണ്ടുപോകാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന സി.പി.എമ്മിന്റെ ആരോപണം കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുന്നു.
കാംപസുകള്‍ കേന്ദ്രീകരിച്ച് തീവ്രവാദ റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെങ്കില്‍ അക്കാര്യം പൊലിസിനെ അറിയിക്കാതെ പാര്‍ട്ടി സമ്മേളനങ്ങളിലൂടെ 'വെളിപ്പെടുത്തിയ' നടപടിയാണ് വിമര്‍ശനത്തിനും ദുരൂഹതയ്ക്കും ഇടയാക്കിയത്. പാര്‍ട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനുള്ള കുറിപ്പിലാണ് വിവാദ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയത്.
കാംപസുകളില്‍ തീവ്രവാദ റിക്രൂട്ടിങ് പോലുള്ള കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ കേരളത്തിലെ ഭരണകക്ഷിയായ സി.പി.എം അക്കാര്യം ആദ്യം പൊലിസിനെ അറിയിച്ച് സര്‍ക്കാര്‍ തലത്തില്‍ നടപടിയ്ക്ക് ശ്രമിക്കുകയായിരുന്നു വേണ്ടതെന്ന വാദമാണ് ഉയരുന്നത്. ഇക്കാര്യം സമ്മേളനപ്രഭാഷണങ്ങളിലെ കുറിപ്പുകളാക്കും മുമ്പ് പൊലിസിനെ അറിയിച്ചിരുന്നോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. കുറിപ്പിലെ ഉള്ളടക്കം ചോദ്യംചെയ്ത് സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ഇടതുപക്ഷ അനുഭാവികളും രംഗത്തുവന്നിട്ടുണ്ട്.
നാര്‍കോട്ടിക് ജിഹാദ് സംബന്ധിച്ച പാലാ ബിഷപ്പിന്റെ വിദ്വേഷം നിറഞ്ഞ പ്രസ്താവന ഉയര്‍ത്തിയ വിവാദം കത്തിനില്‍ക്കുകയും അതില്‍ തെറ്റില്ലെന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി നിലപാടെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് കുറിപ്പിലെ ഉള്ളടക്കം പുറത്തുവന്നത്. എന്നാല്‍, പാലാ ബിഷപ്പിന്റെ പ്രസംഗത്തിന് മുമ്പ് തന്നെ കുറിപ്പ് തയാറാക്കിയിരുന്നുവെന്നാണ് സി.പി.എം വൃത്തങ്ങള്‍ പറയുന്നത്. സി.പി.എമ്മിന്റെ ആരോപണത്തെ പിന്തുണച്ച് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സും രംഗത്തുവന്നിരുന്നു.
സ്വതന്ത്ര വിദ്യാര്‍ഥി യൂനിയനുകളുടെ മറവില്‍ കാംപസില്‍ തീവ്രവാദം ശക്തിപ്പെട്ടുവരുന്നുണ്ടെന്നായിരുന്നു ബിഷപ്പുമാരുടെ സംഘടനയുടെ പ്രസ്താവന. കാംപസ് കേന്ദ്രീകരിച്ചുള്ള തീവ്രവാദം സംബന്ധിച്ച സി.പി.എം ആരോപണത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പിന്തുണച്ചു. സംഘ്പരിവാരിന്റെ മുഖപത്രമായ ജന്മഭൂമി ഇന്നലെ ഒന്നാം പേജില്‍ വലിയ പ്രാധാന്യത്തോടെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് 'പുഞ്ചിരി' ജിഹാദ് നടക്കുന്നുവെന്ന് സി.പി.എം മുഖപത്രം 2019ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 35 വര്‍ഷം മുമ്പ് ഇസ്‌ലാം സ്വീകരിച്ച ഡോക്ടറെ കുറിച്ചുള്ള പാര്‍ട്ടി മുഖപത്രത്തിന്റെ വാര്‍ത്ത പിന്നീട് സംഘ്പരിവാര്‍ മുഖപത്രം ഏറ്റെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."