സ്‌കോളർഷിപ്പ് നിഷേധം വിവേചനം
പ്രീമെട്രിക് സ്‌കോളർഷിപ്പ് നിർത്തലാക്കിയതിനു തൊട്ടുപിന്നാലെ മൗലാനാ ആസാദ് സ്‌കോളർഷിപ്പും നിർത്തലാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലെ നിശ്ചിതവരുമാന പരിധിയിലുള്ള കുട്ടികൾക്ക് നൽകിപ്പോന്നിരുന്ന തുച്ഛമായ തുകയായിരുന്നു നേരത്തെ നിർത്തലാക്കിയത്. ഇപ്പോൾ മൗലാനാ ആസാദ് ദേശീയ സ്‌കോളർഷിപ്പും നിർത്തലാക്കിക്കൊണ്ടുള്ള തീരുമാനം പുറത്തുവന്നിരിക്കുകയാണ്. ദേശീയതലത്തിൽ മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ ആറ് മതന്യൂനപക്ഷങ്ങളിൽപെട്ട വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് നിഷേധിച്ചിരിക്കുന്നത്. ഒമ്പത് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന, എം.ഫിൽ അടക്കമുള്ള ഉന്നതവിദ്യാഭ്യാസം നടത്തിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർഥികൾക്ക് മേലിൽ ഈ സ്‌കോളർഷിപ്പ് ലഭിക്കുകയില്ല. 50 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ, വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയാത്തവർക്കായിരുന്നു സ്‌കോളർഷിപ്പ് നൽകി വന്നിരുന്നത്.
രണ്ട് സ്‌കോളർഷിപ്പും നിർത്തലാക്കിയതോടെ ന്യൂനപക്ഷങ്ങളോടുള്ള ഭരണകൂടത്തിന്റെ അസഹിഷ്ണുതയാണ് മറനീക്കി പുറത്തുവന്നത്. എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള ഉന്നതജാതി വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയ സർക്കാരാണ് രണ്ട് ലക്ഷം വാർഷിക വരുമാനക്കാരായ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളിലെ നിർധനവിദ്യാർഥികൾക്ക് തുച്ഛമായ സ്‌കോളർഷിപ്പ് നിഷേധിക്കുന്നത്.
2022-23 അധ്യയനവർഷം മുതൽ സ്‌കോളർഷിപ്പ് നൽകുകയില്ലെന്ന് ടി.എൻ പ്രതാപന്റെ ചോദ്യത്തിനുത്തരമായി കഴിഞ്ഞദിവസം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ലോക്‌സഭയിൽ അറിയിച്ചത്. പ്രീമെട്രിക് സ്‌കോളർഷിപ്പ് കേന്ദ്ര സർക്കാർ നിർത്തലാക്കിയപ്പോൾ സംസ്ഥാന സർക്കാർ പ്രസ്തുത സ്‌കോളർഷിപ്പ് മുഖ്യമന്ത്രിയുമായി ആലോചിച്ച് നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതേപ്പറ്റി പിന്നീട് എന്തെങ്കിലും പരാമർശമോ തുടർപ്രവർത്തനമോ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.
സ്‌കോളർഷിപ്പ് നിർത്തലാക്കാനുള്ള കാരണമായി കേന്ദ്രസർക്കാർ പറയുന്നത് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് മറ്റു സ്‌കോളർഷിപ്പുകൾ ലഭിക്കുന്നതിനാൽ മൗലാനാ ആസാദ് സ്‌കോളർഷിപ്പ് നിർത്തലാക്കാൻ തീരുമാനിച്ചു എന്നാണ്. അടിസ്ഥാനരഹിതമാണ് ഈ വിശദീകരണം. ഏതുതരം സ്‌കോളർഷിപ്പാണ് ന്യൂനപക്ഷ വിഭാഗങ്ങളിലെ നിർധന വിദ്യാർഥികൾക്ക് നൽകുന്നതെന്ന് സർക്കാർ വ്യക്തമാക്കണം. നിറഞ്ഞുകവിയുന്ന ഇതര സ്‌കോളർഷിപ്പുകൾ ഏതൊക്കെ ന്യൂനപക്ഷ വിഭാഗങ്ങൾക്കാണ് ലഭിച്ചത്, ആരൊക്കെയാണ് അതിന്റെ ഗുണഭോക്താക്കൾ എന്നീ കാര്യങ്ങളെല്ലാം വസ്തുതകൾ നിരത്തി പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത സർക്കാരിനുണ്ട്. ന്യൂനപക്ഷ വിഭാഗത്തിൽപെട്ട പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് തടയിടുക എന്ന വിവേചന നയമാണ് പ്രീമെട്രിക് സ്‌കോളർഷിപ്പും മൗലാനാ ആസാദ് സ്‌കോളർഷിപ്പും നിർത്തലാക്കുന്നതിലൂടെ നിർവഹിക്കപ്പെടുന്നത്. ഉത്തരേന്ത്യയിലെ കുട്ടികളെയായിരിക്കും ഇത് ഗുരുതരമായി ബാധിക്കുക. അവിടങ്ങളിലെ കുട്ടികളെ സ്‌കൂൾ വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കുവാനും ഉന്നതവിദ്യാഭ്യാസ വഴിയിലെ കൊഴിഞ്ഞുപോക്ക് കുറയ്ക്കുവാനും നാമമാത്രമായ സ്‌കോളർഷിപ്പ് തുക പ്രോത്സാഹനമായിരുന്നു.
യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ(യു.ജി.സി) ആണ് മൗലാനാ ആസാദ് സ്‌കോളർഷിപ്പ് സ്‌കീം നടപ്പാക്കിയത്. മൗലാനാ അബുൽ കലാം ആസാദിന്റെ പേരിലുള്ള ഈ സ്‌കോളർഷിപ്പ് നിർത്തലാക്കാൻ കേന്ദ്ര സർക്കാരിനെ പ്രധാനമായും പ്രേരിപ്പിച്ചിട്ടുണ്ടാവുക ആ പേരുതന്നെയാവണം. എന്റെ പേരാണ് എന്റെ പ്രശ്‌നമെന്ന് ആത്മഹത്യാക്കുറിപ്പെഴുതിവച്ച രോഹിത് വെമുലയെ ഈ സന്ദർഭത്തിൽ ഓർക്കാം.
ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസമന്ത്രിയും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു മൗലാനാ അബുൽ കലാം ആസാദ്. അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതം ചരിത്രത്തിൽ തിളങ്ങുന്ന അധ്യായമാണ്. ഇന്ത്യൻ രാഷ്ട്രീയരംഗത്തെ ഉജ്ജ്വല വ്യക്തിത്വമായിരുന്ന ആസാദിനെ വേറിട്ടുനിർത്തുന്നത് ഉർദു സാഹിത്യത്തിലുള്ള അദ്ദേഹത്തിന്റെ അഗാധപാണ്ഡിത്യവും മാനുഷിക വീക്ഷണവും ഉദാരമായ ലോക വീക്ഷണവുമായിരുന്നു. സമുന്നതനായ ചിന്തകൻ എന്നതിലുപരി ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അദ്ദേഹം ആവിഷ്‌കരിച്ചതാണ് യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മിഷൻ(യു.ജി.സി). മൗലാനാ അബുൽകലാം ആസാദ് ആരാണ് എന്ന ഒരന്വേഷണം ചുരുങ്ങിയപക്ഷം സ്‌കോളർഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികളിലെങ്കിലും ഉണ്ടാകാതിരിക്കില്ല. അത്തരം അന്വേഷണത്വര മുളയിലേ നുള്ളുക എന്ന ലക്ഷ്യവും സ്‌കോളർഷിപ്പ് നിർത്തലാക്കിയതിന്റെ പിന്നിലുണ്ടാവാം. വൈകാതെ ഇന്ദിരാഗാന്ധിയുടെ പേരിലുള്ള, രാജീവ്ഗാന്ധിയുടെ പേരിലുള്ള സ്‌കോളർഷിപ്പുകളും ഇല്ലാതായേക്കാം. അത്തരം സ്‌കോളർഷിപ്പുകൾ മറ്റു പേരുകളിൽ പ്രത്യക്ഷപ്പെട്ടേക്കാം. ഇന്ത്യയിൽ ഇപ്പോൾ പല പേരുകളും മാറ്റുന്നതുപോലെ. ഏതെങ്കിലും പ്രത്യേക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നൽകുന്നതിനെ ആർ.എസ്.എസ് മുമ്പേ എതിർത്തുപോരുന്നതാണ്. അവരുടെ ചിരകാല ആവശ്യം അംഗീകരിക്കുന്നതും കൂടിയാണ് മൗലാനാ ആസാദ് സ്‌കോളർഷിപ്പ് നിർത്തലാക്കൽ.
രജീന്ദർ സച്ചാർ സമിതി രാജ്യത്തെ മുസ്‌ലിംകളുടെ സാമൂഹ്യ, വിദ്യാഭ്യാസ, സാമ്പത്തിക നിലവാരം സംബന്ധിച്ച് വസ്തുനിഷ്ഠമായി പഠനം നടത്തി കേന്ദ്ര സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കായി മൗലാനാ ആസാദ് സ്‌കോളർഷിപ്പ് പദ്ധതി രൂപീകരിച്ചത്. അതാണിപ്പോൾ അസഹിഷ്ണുതയുടെ പേരിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അന്യമായിത്തീരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."