കേസുകള്‍ കുറഞ്ഞ സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാരിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ കേസുകള്‍ കുറഞ്ഞ പൊലിസ് സ്റ്റേഷനുകളുടെ ചുമതല സി.ഐമാരില്‍ നിന്ന് എസ്.ഐമാരിലേക്ക് മാറ്റാന്‍ ആലോചന. ഇതുസംബന്ധിച്ച് പഠനം നടത്താന്‍ ഉത്തര, ദക്ഷിണമേഖല ഐ.ജിമാരെ ഡി.ജിപി ചുമതലപ്പെടുത്തി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് സ്റ്റേഷനുകളുടെ ഭരണച്ചുമതല എസ്.ഐയില്‍ നിന്ന് സി.ഐയിലേക്ക് മാറ്റിയത്. സി.ഐമാരുടെ സ്ഥാനപ്പേര് സ്റ്റേഷന് ഇന്‍സ്പെക്ടറെന്നും മാറ്റി. 2018ല്‍ തുടങ്ങിയ ഈ പരിഷ്കാരം 2020ലാണ് പൂര്‍ത്തിയായത്. നിലവില്‍ സംസ്ഥാനത്തെ 468 സ്റ്റേഷനുകളുടെ ഭരണം ഇന്‍സ്പെക്ടര്‍മാര്‍ക്കാണ്.
ഇക്കാര്യത്തില്‍ പുനഃപരിശോധന വേണമെന്ന് എ.ഡി.ജി.പിമാരുടെ യോഗത്തിലാണ് ചര്‍ച്ച ഉയര്‍ന്നത്. തുടര്‍ന്നായിരുന്നു ഡി.ജി.പിയുടെ ഇടപെടല്‍. കേസുകളുടെ അടിസ്ഥാനത്തില്‍ എ, ബി, സി എന്നിങ്ങനെയാണ് സംസ്ഥാനത്തെ സ്റ്റേഷനുകളെ തരംതിരിച്ചത്. ഇതില്‍ കേസുകള്‍ കുറഞ്ഞ സ്റ്റേഷനുകളാണ് സി വിഭാഗത്തിലുള്ളത്. ഈ സ്റ്റേഷനുകളിലെങ്കിലും സി.ഐക്ക് പകരം എസ്.ഐമാര്‍ മതിയെന്നാണ് ആലോചന.
സി വിഭാഗത്തില്‍ മാത്രം സംസ്ഥാനത്ത് നൂറിലധികം സ്റ്റേഷനുകളുണ്ട്. ഈ സ്റ്റേഷന് ചുമതലയുള്ള സി.ഐമാരെ ക്രൈംബ്രാഞ്ചിലും ജില്ലാ ക്രൈംബ്രാഞ്ചിലും പുനര്‍വിന്യസിക്കും. ഉത്തര, ദക്ഷിണ മേഖല ഐ.ജിമാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."