മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ്
കുറ്റിപ്പുറം (മലപ്പുറം): മലേഷ്യ, ഹോങ്കോങ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ പേരില്‍ സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്.
ഇന്ത്യയില്‍ നിരോധിച്ച ക്യൂനെറ്റ് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ പേരിലാണ് തട്ടിപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ക്യൂ ഐ, ക്യൂനെറ്റ് തുടങ്ങിയ പേരുകളില്‍ തട്ടിപ്പുസംഘം പ്രവര്‍ത്തിക്കുന്നത്.
ബിസിനസില്‍ പണം മുടക്കിയാല്‍ മൂന്നു മുതല്‍ ആറുമാസം വരെയുള്ള കാലയളവില്‍ മുടക്കിയ പണവും ലാഭവും തിരിച്ചുകിട്ടുമെന്നായിരുന്നു വാഗ്ദാനം.
ഇതുപ്രകാരം പലരും ലക്ഷങ്ങളാണ് നിക്ഷേപിച്ചത്. എന്നാല്‍, വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മുടക്കിയ മുതല്‍ തിരിച്ചുകിട്ടാതായതോടെ സംഘത്തിനെതിരേ പലരും നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
കേരളത്തില്‍ സംഘത്തിന്റെ പ്രധാനിയായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് സ്വദേശി മിഥുല്‍രാജിനെതിരേ ബേപ്പൂര്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. കോഴിക്കോട് അരക്കിണര്‍ സ്വദേശി ഡാനിഷ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
ഡാനിഷില്‍ നിന്ന് അഞ്ചുലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. പൊലിസ് കേസെടുത്തതോടെ മിഥുല്‍രാജും കൂട്ടുപ്രതികളും കുടുംബസമ്മേതം ദുബൈയിലേക്ക് കടന്നിരിക്കുകയാണ്. അതേസമയം, മലപ്പുറം ജില്ലയില്‍ തട്ടിപ്പുസംഘത്തെക്കുറിച്ച് വ്യാപക പരാതികളുണ്ടായിട്ടും പൊലിസ് ഗൗനിക്കുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പുത്തനത്താണിയിലെ തട്ടിപ്പുസംഘത്തിനെതിരേ കല്‍പ്പകഞ്ചേരി പൊലിസില്‍ പരാതി നല്‍കിയ കന്മനം മേടിപ്പാറ സ്വദേശി കാവുങ്ങല്‍ മുഹമ്മദ് ആഷിഖിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സംഭവത്തില്‍ ആഷിഖ് കല്‍പ്പകഞ്ചേരി പൊലിസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."