ദുബൈയിൽ ലോകത്തിലെ ആദ്യത്തെ ഫുട്ബോൾ തീം പാർക്ക് വരുന്നു; റയൽ മാഡ്രിഡ് വേൾഡ്
ദുബൈ: ഉല്ലാസ വിനോദ സഞ്ചാരങ്ങളുടെ ഈറ്റില്ലമായ ദുബൈ നഗരത്തില്‍ ഇനി ഫുട്‌ബോള്‍ തീം പാര്‍ക്കും. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു പാര്‍ക്ക് വരുന്നത്. റയല്‍ മാഡ്രിഡ് വേള്‍ഡ് എന്നാണ് പാര്‍ക്കിന് നൽകിയിരിക്കുന്ന പേര്.
ദുബായ് പാര്‍ക്ക്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സും റയല്‍ മാഡ്രിഡും ചേര്‍ന്നാണ് ഫുട്‌ബോള്‍ തീം പാര്‍ക്ക് ഒരുക്കുന്നത്. കായിക പ്രേമികളെയും കുടുംബങ്ങളെയും ഒരു പോലെ ആകര്‍ഷിക്കുന്ന വിധത്തിലാണ് രൂപകല്‍പന. ഫുട്‌ബോള്‍ ആരാധകരുമായി ഇടപഴകാനുള്ള അവസരങ്ങളും രസകരമായ ഗെയിമുകളും അനുഭവങ്ങളും ലഭിക്കുന്ന വിധത്തിലാണ് പാര്‍ക്ക് പദ്ധതിയിടുന്നത്.
റയല്‍ മാഡ്രിഡ് വേള്‍ഡ് പാര്‍ക്ക് ഉടന്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ദുബൈ പാര്‍ക്ക്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ അറിയിച്ചു. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുമായി ഇടപഴകാന്‍ കുടുംബങ്ങള്‍ക്ക് അവസരം ലഭിക്കും. റയല്‍ മാഡ്രിഡിന്റെ ഔദ്യോഗിക ശേഖരം പാര്‍ക്കിലുണ്ടാകും. കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.
2022-ലാണ് തീം പാര്‍ക്ക് ആരംഭിക്കുന്നതിനായി റയല്‍ മാഡ്രിഡ് ക്ലബ് ദുബൈ പാര്‍ക്ക്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സുമായി ധാരണയുണ്ടാക്കിയത്. ദുബൈയുടെ അഭിവൃദ്ധി പ്രാപിക്കുന്ന വിനോദ, ഒഴിവുസമയ ഓഫറുകളിലേക്ക് തങ്ങളുടെ അഭിലാഷ പദ്ധതി കൂടി ഉള്‍പ്പെടുത്തുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ദുബൈ ഹോള്‍ഡിങ് എന്റര്‍ടൈന്‍മെന്റ് സിഇഒ ഫെര്‍ണാണ്ടോ ഇറോവ 2022ല്‍ പ്രസ്താവിക്കുകയും ചെയ്തിരുന്നു.
ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നാണ് റയല്‍ മാഡ്രിഡ്. വിജയത്തിന്റെ സമാനതകളില്ലാത്ത ട്രാക്ക് റെക്കോര്‍ഡുള്ള റയലിന് ലോകത്തുടനീളം ദശലക്ഷക്കണക്കിന് ആരാധകരുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."