ദൂരപരിധി 5000 കിലോമീറ്ററിനും അപ്പുറം; ഇന്ത്യയുടെ അഗ്നി 5 പരീക്ഷണം വിജയകരം
ഭുവനേശ്വര്‍: ഇന്ത്യയുടെ ആണവ വാഹക ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി5 ന്റെ നൈറ്റ് ട്രയല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ തുടര്‍ച്ചയായി സൃഷ്ടിക്കുന്നതിനിടെ, ഒഡീഷ തീരത്തെ അബ്ദുല്‍ കലാം ദ്വീപില്‍നിന്ന് വൈകിട്ട് 5.30 ഓടെ ആയിരുന്നു പരീക്ഷണം. 5,400 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിനു ചൈനയുടെ മുഴുവന്‍ ഭൂപരിധിയും ലക്ഷ്യമിടാനാകും.
മിസൈല്‍ പരീക്ഷണം സമ്പൂര്‍ണ വിജയമായിരുന്നു എന്ന് അധികൃതര്‍ അറിയിച്ചു. 2012 ല്‍ ആദ്യമായി പരീക്ഷണ വിക്ഷേപണം നടത്തിയ അഗ്‌നി 5 മിസൈലിന്റെ ഒമ്പതാം പരീക്ഷണമാണ് ഇന്നത്തേതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അഗ്‌നി മിസൈല്‍ പരമ്പരയിലെ അത്യാധുനിക പതിപ്പാണ് അഗ്‌നി5. 5000 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് പതിക്കാന്‍ ഇതിന് സാധിക്കും. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി5 നെ കൂടാതെ 700 കിമീ പരിധിയുള്ള അഗ്‌നി1, 2000 കിമീ പരിധിയുള്ള അഗ്‌നി2, 2500 കിമീ പരിധിയിലുള്ള അഗ്‌നി3, 3500 കിമീ പരിധിയുള്ള അഗ്‌നി 4 എന്നിവയാണ് ഈ ശ്രേണിയിലെ മുന്‍ഗാമികള്‍.
മിസൈലില്‍ പുതിയതായി ഉള്‍പ്പെടുത്തിയ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പരീക്ഷിക്കുന്നതിന് വേണ്ടിയാണ് അഗ്‌നി5 ന്റെ നൈറ്റ് ട്രയല്‍ നടത്തിയത്. മുന്‍ പതിപ്പുകളേക്കാള്‍ ഭാരം കുറവാണിതിന്. ഒരു മൊബൈല്‍ മിസൈല്‍ ലോഞ്ചര്‍ ഉപയോഗിച്ചാണ് ഇന്നത്തെ വിക്ഷേപണം നടന്നത്.
ആവശ്യമെങ്കില്‍ അഗ്‌നി 5 മിസൈലിന്റെ ദൂരപരിധി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് ഈ പരീക്ഷണത്തിലൂടെ വ്യക്തമായെന്നും പ്രതിരോധമേഖലയിലുള്ളവര്‍ പറയുന്നു.
ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ആണ് അഗ്‌നി5 മിസൈല്‍ വികസിപ്പിച്ചത്. ട്രക്കുകളില്‍ കൊണ്ടുപോവാനും കാനിസ്റ്റര്‍ ഉപയോഗിച്ച് വിക്ഷേപിക്കാനും സാധിക്കുന്ന മിസൈല്‍ ആണിത്. 2012 ഏപ്രില്‍ 19 ന് ആയിരുന്നു അഗ്‌നി5ന്റെ ആദ്യ പരീക്ഷണ വിക്ഷേപണം. ശേഷം 2018 വരെ ആറ് പരീക്ഷണ വിക്ഷേപണങ്ങളും 2021 ല്‍ യൂസര്‍ ട്രയലും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."