വെള്ളായണിക്കായല്‍ കൈയേറ്റത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കലക്ടര്‍
തിരുവനന്തപുരം: വെള്ളായണിക്കായല്‍ കൈയേറ്റ പ്രശ്‌നത്തില്‍ വിശദ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ എസ്. വെങ്കിടേസപതി തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. പ്രദേശത്ത് 84 ഹെക്ടര്‍ സ്ഥലം തടാകത്തില്‍ പെട്ടുപോയതായും 34 കൈയേറ്റങ്ങള്‍ ഉള്ളതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു വികസന സമിതി യോഗത്തില്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് കലക്ടറുടെ നിര്‍ദേശം. മുന്‍ എം.എല്‍.എ നിയമസഭയില്‍ വിഷയം ഉന്നയിച്ചപ്പോള്‍ പാടങ്ങള്‍ വെള്ളത്തിലായവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്നും കൈയേറ്റം ഒഴിപ്പിക്കുമെന്നും അന്നത്തെ മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു. ഈ നടപടികളുടെ ഭാഗമായി കല്ലിയൂര്‍, വെങ്ങാനൂര്‍ വില്ലേജുകളില്‍ നഷ്ടപരിഹാരം നിശ്ചയിച്ച് നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നതായി തഹസില്‍ദാര്‍ വ്യക്തമാക്കി.
കൈയേറ്റക്കാര്‍ സ്വമേധയാ ഒഴിഞ്ഞുപോകാമെന്ന് വില്ലേജ് ഓഫിസറെ അറിയിച്ചിട്ടുണ്ടെന്ന മറുപടിയുടെ അടിസ്ഥാനത്തിലാണ് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് ഉടനടി സമര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചത്. സര്‍വേ ജീവനക്കാരുടെ അപര്യാപ്തത മൂലം ഇഴഞ്ഞുനീങ്ങുന്ന കുറുപുഴ, കരിപ്പൂര്‍ വില്ലേജുകളിലെ പ്രദേശവാസികളുടെ പട്ടയ പ്രശ്‌നത്തില്‍ സര്‍വേ ഡയറക്ടറുമായി ചര്‍ച്ച നടത്തുമെന്ന് കലക്ടര്‍ വ്യക്തമാക്കി.പൊഴിയൂരില്‍ പൊഴിമുറിക്കേണ്ടതിന്റെ ആവശ്യകത കെ. ആന്‍സലന്‍ എം.എല്‍.എയുടെ പ്രതിനിധി യോഗത്തില്‍ ഉന്നയിച്ചു. പഞ്ചായത്ത് - ജലസേചന വകുപ്പുകള്‍ തമ്മിലെ തര്‍ക്കം ഇരു വകുപ്പു പ്രതിനിധികളുമായി കളക്ടര്‍ ചര്‍ച്ച നടത്തി പരിഹാരം നിര്‍ദേശിച്ചു. മംഗലപുരം ഇംഗ്ലീഷ് ഇന്ത്യ ക്ലേ കമ്പനി ഉയര്‍ത്തുന്ന മാലിന്യ പ്രശ്‌നം പരിഹരിക്കണമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ വി.ശശിയുടെ പ്രതിനിധി യോഗത്തില്‍ ആവശ്യപ്പെട്ടു. ജനജീവിതവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കലക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി.
പരീക്ഷക്കാലമായിട്ടും ജില്ലയിലെ സ്‌കൂളുകളില്‍ അധ്യാപകരുടെ അഭാവമുള്ളത് കുട്ടികളുടെ പഠനത്തെ ബാധിക്കുന്നെന്ന് എ. സമ്പത്ത് എം.പിയുടെ പ്രതിനിധി പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ പി.എസ്.സി നിയമനം നടക്കുമെന്ന വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ മറുപടി സ്വീകരിച്ച കലക്ടര്‍ ഇതു സംബന്ധിച്ച് അനന്തര നടപടികള്‍ സ്വീകരിക്കണമെന്നു നിര്‍ദേശിച്ചു.
ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലെ തകര്‍ന്ന മേല്‍ക്കൂര പുനസ്ഥാപിച്ച് സ്ത്രീ-പുരുഷ വാര്‍ഡുകള്‍ സജ്ജമാക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ് ആവശ്യപ്പെട്ടു.
അരുവിക്കരയില്‍ വൈദ്യുതി നിലച്ചാല്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന പശ്ചാത്തലത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ. മുരളീധരന്‍ എം.എല്‍.എ ആവശ്യപ്പെട്ടുയു.ജി കേബിളിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഇതിനുള്ള എസ്റ്റിമേറ്റ് കെ.എസ്.ഇ.ബി തയാറാക്കി വരുകയാണെന്നും ജലവകുപ്പ് അധികൃതര്‍ മറുപടി നല്‍കി.
ജലവകുപ്പിന് അരുവിക്കരയില്‍ രണ്ടു ഫീഡറുകള്‍ നല്‍കിയിട്ടുള്ള പശ്ചാത്തലത്തില്‍ ഓട്ടോമാറ്റിക് സ്വിച്ച് ഓഫ് ഓണ്‍ സംവിധാനം സ്വീകരിച്ചാല്‍ പ്രശ്‌ന പരിഹാരമാകുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ ചൂണ്ടിക്കാട്ടി.
എസ്.ആര്‍.ഐ.വിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച തിരുവനന്തപുരം-പേയാട്-കാട്ടാക്കട-മണ്ഡപത്തിന്‍കടവ്-വെള്ളറട റോഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടം വരെയെത്തിയെന്നും ഭൂമിയേറ്റെടുക്കലും അനന്തര നടപടികളും സംബന്ധിച്ച് നടപടിക്രമങ്ങള്‍ അറിയിക്കണമെന്നും ഐ.ബി. സതീഷ് എം.എല്‍.എ ആവശ്യപ്പെട്ടു.
ജില്ലാ കലക്ടര്‍ അധ്യക്ഷനായ യോഗത്തില്‍ എം.എല്‍.എമാരായ കെ. മുരളീധരന്‍, ഐ.ബി.സതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ്, ഡോ. എ. സമ്പത്ത് എം.പിയുടെ പ്രതിനിധി എ.എം. ജാഹിര്‍ ഹുസൈന്‍, ഡോ. ശശി തരൂര്‍ എം.പിയുടെ പ്രതിനിധി എ. ഷിബു, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയുടെ പ്രതിനിധി സമീന്‍ ഷാ, കെ.എസ്. ശബരീനാഥന്‍ എം.എല്‍.എയുടെ പ്രതിനിധി എം. പത്മകുമാര്‍, എം. വിന്‍സന്റ് എം.എല്‍.എയുടെ പ്രതിനിധി ആര്‍.ഇ. ജോസ്, വി.എസ്. ശിവകുമാര്‍ എം.എല്‍.എയുടെ പ്രതിനിധി എം.ജി. മഹേഷ്, ഒ. രാജഗോപാല്‍ എം.എല്‍.എയുടെ പ്രതിനിധി എം. രഞ്ജിത്ത്,
ഡി.കെ. മുരളി എം.എല്‍.എയുടെ പ്രതിനിധി എം.ഐ. പ്യാരേലാല്‍, ആന്‍സലന്‍ എം.എല്‍.എയുടെ പ്രതിനിധി എം.ജെ. ശ്രീകുമാര്‍, ബി.സത്യന്‍ എം.എല്‍.എയുടെ പ്രതിനിധി രാജീവ് എസ്.ആര്‍, ആര്‍.ഡി.ഒ സബിന്‍ സമീദ്, ഡപ്യുട്ടി
കലക്ടര്‍മാര്‍, റൂറല്‍ എസ്.പി, ജില്ലാ പ്ലാനിങ് ഓഫീസര്‍ വി.എസ്. ബിജു, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."