ടി.വി.എസ് എക്‌സ് ഫീച്ചറുകള്‍ കൂടും, വിലയും
വീൽ
വിനീഷ്
ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് വില കുറയാന്‍ വേണ്ടി എല്ലാവരും കാത്തിരിക്കുന്ന അവസരത്തിലാണ് ഏവരെയും അമ്പരപ്പിക്കുന്ന ഒരു നീക്കം ടി.വി.എസ് മോട്ടോഴ്‌സ് നടത്തിയിരിക്കുന്നത്. 2.5 ലക്ഷം രൂപയ്ക്കാണ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ആയ എക്‌സ് അവതരിപ്പിച്ചത്. ദുബൈയിലെ ബുര്‍ജ് ഖലീഫയില്‍ നടന്ന ചടങ്ങില്‍ മാസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ സ്‌കൂട്ടറിന്റെ വില ഇപ്പോഴാണ് പ്രഖ്യാപിച്ചത്. വില കേട്ടപ്പോള്‍ നിരാശ തോന്നിയോ എന്ന് ചോദിച്ചാല്‍, വേദനയോടെ അതെ എന്ന് പറയേണ്ടിവരും.2.5 ലക്ഷം രൂപ എക്‌സ്‌ഷോറൂം വരുന്ന ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ആണിന്ന് എക്‌സ്.
മോട്ടോര്‍സൈക്കിളിന്റേതു പോലെയുള്ള ഫ്രെയിമില്‍ നിര്‍മിച്ചിരുന്ന, സ്‌കൂട്ടറുകളുടേത് പോലെ മുന്നില്‍ ഫ്‌ളോര്‍ ഇല്ലാത്ത എക്‌സിനെ ക്രോസ് ഓവര്‍ എന്നാണ് ടി.വി.എസ് വിളിക്കുന്നത്. ഒരു കാറിന്റെയും എസ്.യു.വിയുടെയും സ്വഭാവ സവിശേഷതകളുള്ള വാഹനങ്ങളാണ് സാധാരണയായി ക്രോസ് ഓവര്‍ എന്നറിയപ്പെടുന്നത്. എക്‌സിന് സ്‌കൂട്ടറിന്റെയും ബൈക്കിന്റെയും രൂപഭാവങ്ങള്‍ ഉള്ളതിനാല്‍ ക്രോസ് ഓവര്‍ വിളിക്കാമെന്ന് ടി.വി.എസും വിചാരിച്ചുകാണും. പക്ഷേ, 12 ഇഞ്ച് വലുപ്പമുള്ള വീല്‍ മാത്രമുള്ള സ്‌കൂട്ടറിന് സമാനമായ ഡ്രൈവിങ് എക്‌സീപിരിയന്‍സ് തരുന്ന എക്‌സിനെ സ്‌കൂട്ടര്‍ എന്ന് വിളിക്കുക തന്നെയായിരിക്കും ഉചിതം. ടി.വി.എസ് എക്‌സിനോട് ഏറെക്കുറെ സാമ്യം തോന്നുന്ന ഒരു മോഡലായി ഇന്ന് ഇന്ത്യയിലുള്ളത് എയറോക്‌സ് എന്ന യമഹയുടെ മാക്‌സി സ്‌കൂട്ടര്‍ ആണ്.
2018 ടി.വി.എസ് അവതരിപ്പിച്ച ക്രിയോണ്‍ എന്ന കോണ്‍സെപ്റ്റ് സ്‌കൂട്ടര്‍ മോഡലിനോട് സാമ്യം പുലര്‍ത്തുന്ന എക്‌സ് കാഴ്ചയില്‍ കിടു അണെന്ന് നിസംശയം പറയാം. ടി.വി.എസിന്റെ മറ്റു മോഡലുകളില്‍ നിന്ന് കടമെടുത്ത ഡിസൈന്‍ ഭാഗങ്ങള്‍ ഇതില്‍ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്നതുതന്നെ അത്ഭുതപ്പെടുത്തുന്നതാണ്. എക്‌സ്‌പോസ്ഡ് ആയ അലുമിനിയം ചേസിസും സബ്‌ഫ്രെയിമും കൂടാതെ സ്‌ളിം ആയ ഹെഡ്‌ലാപും ഒക്കെയായി എക്‌സിനെ റോഡില്‍ കണ്ടാല്‍ ആരും ഒന്ന് നോക്കിനിന്നുപോകും. ഒറ്റ നോട്ടത്തില്‍ ഒരു വിലകൂടിയ സ്‌കൂട്ടര്‍ ആണെന്ന് തോന്നിക്കുന്ന എല്ലാ സൂത്രപ്പണികളും എക്‌സില്‍ ടി.വി.എസ് ഒപ്പിച്ചിട്ടുണ്ട്.
ബ്രേക്കിങ്ങിന് സിംഗിള്‍ ചാനല്‍ എ.ബി.എസും നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ ആദ്യമായാണ് ഇത്തരമൊരു ഫീച്ചര്‍. വീതിയേറിയ സ്പ്ലിറ്റ് സീറ്റുകള്‍ റൈഡറിനും പിന്നിലിരിക്കുന്നയാള്‍ക്കും മതിയായ ഇടമാണ് ഒരുക്കുന്നത്. എന്നാല്‍ ഒരു ഫുള്‍ഫേസ് ഹെല്‍മെറ്റ് സീറ്റിനടയില്‍ വയ്ക്കാം എന്നത് അതിമോഹമാകും. ബോഡിയിലുള്ള, ബൈക്കുകള്‍ക്ക് സമാനമായ ഫ്രെയിമുകള്‍ ആ പ്രതീക്ഷ തകര്‍ത്തു എന്നുതന്നെ പറയാം.
10.25 ഇഞ്ച് HD ടില്‍റ്റ് സ്‌ക്രീന്‍ ആണ് പ്രധാന ശ്രദ്ധാകേന്ദ്രം. ആവശ്യത്തിനുസരിച്ച് ഇതിന്റെ പൊസിഷന്‍ ക്രമീകരിക്കാം.
എക്‌സ്‌റ്റെല്‍ത്ത്, എക്‌സ്‌ട്രൈഡ്, സോണിക്ക് എന്നീ മൂന്ന് റൈഡിങ് മോഡുകള്‍, നാവിഗേഷന്‍, മ്യൂസിക്, വാര്‍ത്തകള്‍, കോളുകള്‍, മെസേജുകള്‍ എന്നിവയും ഈ സ്‌ക്രീനിലൂടെ ആക്‌സസ് ചെയ്യാനാവും. വാഹനത്തിന്റെ എന്‍ജിന്‍ ഓഫായിരിക്കുന്ന സമയത്ത് യുട്യൂബ് വിഡിയോയും ഇന്‍സ്റ്റഗ്രാം റീല്‍സും കാണാം. നാവിഗേഷന്‍ സിസ്റ്റം വഴിയിലെ കാലാവസ്ഥയും അറിയിക്കും. ക്രൂയിസ് കണ്‍ട്രോള്‍, ക്രാഷ് ആന്‍ഡ് ഫാള്‍ അലേര്‍ട്ട്, ടോ ആന്‍ഡ് തെഫ്റ്റ് അലേര്‍ട്ട് പോലുള്ള ഫീച്ചറുകളും എക്‌സിലുണ്ട്.
ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടറുകളിലുള്ളതില്‍ വച്ച് ഏറ്റവും വലിയ പായ്ക്കാണ് എക്‌സിന് ടി.വി.എസ് നല്‍കിയിരിക്കുന്നത്. 4.4kWh വരുന്ന ബാറ്ററി പായ്ക്ക് IDC കണക്കുകള്‍ പ്രകാരം ഒറ്റ ചാര്‍ജില്‍ 140 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കാന്‍ ശേഷിയുള്ളതാണ്. ഒല എസ്.വണ്‍ പ്രോയുടെ ബാറ്ററി 4 kWh ആണ്. ഉയര്‍ന്ന ശേഷിയുള്ള ബാറ്ററി ഉണ്ടായിട്ടും എക്‌സിന് എന്താണെന്ന് റേഞ്ച് കുറവെന്ന് ചോദിച്ചാല്‍, പര്‍ഫോമന്‍സിനാണ് ടി.വി.എസ് പ്രാധാന്യം നല്‍കയിരിക്കുന്നതെന്നതാണ് ഉത്തരം.
നാലര മണിക്കൂറിനുള്ളില്‍ ബാറ്ററി 0-80 ശതമാനം ചാര്‍ജ് ചെയ്യാനാവുന്ന 950W പോര്‍ട്ടബിള്‍ ചാര്‍ജറുമായാണ് ടി.വി.എസ് എക്‌സ് എത്തുന്നത്. ഓപ്ഷണലായി 3kW ഫാസ്റ്റ് ചാര്‍ജറും സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. ഫാസ്റ്റ് ചാര്‍ജര്‍ വഴി 50 മിനിറ്റിനുള്ളില്‍ ബാറ്ററി 0 മുതല്‍ 50 ശതമാനം വരെ ടോപ്പ് അപ്പ് ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ ഇതിനായി 16,275 രൂപ അധികമായി നല്‍കണം. 4.5 സെക്കന്‍ഡിനുള്ളില്‍ 0-60 കിലോമീറ്റര്‍ വേഗത എത്തും. മണിക്കൂറില്‍ 105 കിലോമീറ്ററാണ് ടോപ്പ് സ്പീഡ്.
രണ്ട് ലക്ഷത്തിലധികം െഎ ക്യൂബ് വിറ്റ് ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ മാര്‍ക്കറ്റില്‍ 23 ശതമാനം ഷെയര്‍ നേടാന്‍ ഇതിനകം ടി.വി.എസിന് കഴിഞ്ഞിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ ഉയര്‍ന്ന വിലയെന്ന ഒരു പോരായ്മ പറയാനുണ്ടെങ്കിലും പെര്‍ഫോമന്‍സിന് പ്രാധാന്യം നല്‍കി പുറത്തിറക്കിയിരിക്കുന്ന എക്‌സിന്റെ മാര്‍ക്കറ്റിലെ പ്രകടനം കൂടി കാണാനാണ് എല്ലാവരും കാത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."