ഗാന്ധികുടുംബം വേണമെന്ന് കോണ്‍ഗ്രസ്; മത്സരിക്കാന്‍ മടിച്ച് രാഹുലും പ്രിയങ്കയും
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അമേത്തിയിലും റായ്ബറേലിയിലും ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവര്‍ വേണമെന്ന് കോണ്‍ഗ്രിന്റെ സംസ്ഥാന ഘടകം ഉറച്ചുനില്‍ക്കുമ്പോഴും രണ്ടിടത്തും മത്സരിക്കാന്‍ മടിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലങ്ങളായിരുന്ന ഇവിടെ ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
അമേത്തിയില്‍ കഴിഞ്ഞ തവണ സ്മൃതി ഇറാനിയോട് രാഹുല്‍ ഗാന്ധി പരാജയപ്പെട്ടെങ്കിലും 2004 മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചത് രാഹുല്‍ ആയിരുന്നു. നിലവില്‍ റായ്ബറേലിയിലെ സിറ്റിങ് എം.പിയായ സോണിയാ ഗാന്ധി പ്രചാരണങ്ങളില്‍ സജീവമാകാനുള്ള പ്രയാസം കാരണം ഇക്കുറി മത്സരിക്കാനില്ലെന്ന് അറിയിച്ചിട്ടുണ്ട്. പിന്നാലെ രാജ്യസഭയിലേക്ക് മത്സരിച്ച് ജയിക്കുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ റായ്ബറേലിയില്‍ മകളും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക തന്നെ മത്സരിക്കണമെന്നതാണ് യു.പിയിലെ നേതാക്കളുടെ ആവശ്യം. രാഹുല്‍ അമേത്തിയില്‍ മത്സരിക്കണമെന്ന് ഇന്‍ഡ്യ മുന്നണി നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുലും പ്രിയങ്കയും വേണമെന്നാവശ്യപ്പെട്ട് യു.പിയിലെ പി.സി.സി പ്രമേയവും പാസാക്കുകയും ചെയ്തിരുന്നു.
ഗാന്ധി കുടുംബത്തില്‍നിന്ന് ആരും മത്സരിക്കാനില്ലെങ്കില്‍ റായ്ബറേലിയും അമേത്തിയെപ്പോലെ കൈവിട്ട് പോകാന്‍ സാധ്യതയുണ്ടെന്ന് പി.സി.സി നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. പ്രിയങ്കയെ സ്വാഗതം ചെയ്യുന്ന പോസ്റ്ററുകള്‍ റായ്ബറേലിയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ നാലാംഘട്ട പട്ടിക ശനിയാഴ്ച രാത്രി ഇറങ്ങിയപ്പോഴും അതില്‍ അമേത്തിയിലെയും റായ്ബറേലിയിലെയും സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നില്ല. നിലവില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പേര് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ്, പി.സി.സി പ്രസിഡന്റ് അജയ് റായ്, മുന്‍ കേന്ദ്രമന്ത്രി കാന്തിലാല്‍ ഭൂരിയ എന്നിവരടക്കം നാലാമത്തെ പട്ടികയില്‍ ഇടംപിടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."